വിജയ് ദേവരകൊണ്ടയുടെ കരിയറിലെ സുപ്രധാന ചിത്രമായി ‘രണബാലി’ മാറുമെന്ന് താരം. ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു വിജയ്. നമ്മളിൽനിന്ന് മറച്ചുവെക്കപ്പെട്ട ചരിത്രവും മറന്നുപോയ നായകന്മാരുടെ കഥകളും പ്രേക്ഷകരിലേക്ക് എത്തിക്കുന്ന സിനിമയായിരിക്കും ‘രണബാലി’യെന്ന് അദ്ദേഹം പറഞ്ഞു.
“നമ്മുടെ സംസ്കാരത്തിലൂടെയും നാടോടി പാരമ്പര്യങ്ങളിലൂടെയും സംരക്ഷിക്കപ്പെട്ട ചരിത്രത്തെ ആഘോഷിക്കുകയാണ് ഈ ചിത്രം. ‘രണബാലി’ എന്റെ കരിയറിലെ പ്രധാന നാഴികക്കല്ലായി നിലനിൽക്കുമെന്ന് വിശ്വസിക്കുന്നു. നമ്മുടെ പാരമ്പര്യവും പൂർവികരുടെ പോരാട്ടങ്ങളും മനസ്സിലാക്കാൻ പ്രേക്ഷകർ ഈ സിനിമ കാണണം. ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്,” വിജയ് ദേവരകൊണ്ട പറഞ്ഞു.
‘ടാക്സിവാല’യ്ക്കുശേഷം രാഹുൽ സംകൃത്യൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന്റെ കഥയും കഥാപാത്രങ്ങളും ഗ്രാമീണ പശ്ചാത്തലവും ഏറെ ആകർഷിച്ചെന്നും ഈ വർഷത്തെ മികച്ച തെലുങ്ക് സിനിമകളിലൊന്നായി ‘രണബാലി’ മാറുമെന്നാണ് പ്രതീക്ഷയെന്നും താരം കൂട്ടിച്ചേർത്തു.
മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. വിജയ് ദേവരകൊണ്ടയ്ക്കൊപ്പം രശ്മിക മന്ദാനയും പ്രധാന വേഷത്തിലെത്തുന്നു.
ചിത്രത്തിന്റെ കഥ ഏറെ ആവേശം പകർന്നതാണെന്നും വിജയ് ദേവരകൊണ്ടയുടെ അഭിനയത്തിലെ വൈവിധ്യം സിനിമയിൽ പ്രകടമാകുമെന്നും നിർമാതാവ് നവീൻ യെർനേനി പറഞ്ഞു. മികച്ച സിനിമാനുഭവമായിരിക്കും ‘രണബാലി’ പ്രേക്ഷകർക്ക് സമ്മാനിക്കുകയെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. വിജയദശമി റിലീസായി ഒക്ടോബർ 16-ന് ചിത്രം തിയേറ്ററുകളിലെത്തും.
