
മുംബൈ: ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന്റെ കാറിനുനേരെ വെടിയുതിർത്ത സംഘം നടൻ രൺബീർ കപൂറിനെയും ലക്ഷ്യമിട്ടിരുന്നതായി റിപ്പോർട്ട്. രൺബീറിന്റെ മുംബൈയിലെ ബാന്ദ്രയിലുള്ള വസതിക്ക് സമീപം പ്രതികൾ നിരീക്ഷണം നടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ടൈഗർ ഷ്റോഫിന്റെ കാറിനുനേരെയുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പുതിയ വിവരങ്ങൾ പുറത്തുവന്നത്.
മുംബൈയിലെത്തിയ പ്രതികളുടെ ആദ്യ ലക്ഷ്യം നടൻ സൽമാൻ ഖാനായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കിയത്. എന്നാൽ, സൽമാന്റെ വസതിക്കു പുറത്ത് ശക്തമായ പോലീസ് സുരക്ഷയുള്ളതായി മനസ്സിലാക്കിയതോടെ ആക്രമണപദ്ധതി ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് ടൈഗർ ഷ്റോഫിനെ ലക്ഷ്യമിടാൻ തീരുമാനിച്ചു. ഞായറാഴ്ചകളിൽ താരം ജുഹുവിലെ ഫുട്ബോൾ ഗ്രൗണ്ടിൽ എത്താറുണ്ടെന്നും അവിടെ സുരക്ഷാ ക്രമീകരണങ്ങൾ കുറവാണെന്നും സാമൂഹികമാധ്യമങ്ങളിലൂടെ മനസ്സിലാക്കിയ ശേഷമാണ് ആക്രമണത്തിന് പദ്ധതിയിട്ടതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
ലോറൻസ് ബിഷ്ണോയ് സംഘത്തിലെ അനീഷ് പണ്ഡിറ്റിന്റെ നിർദേശപ്രകാരമാണ് മൂന്ന് പ്രതികൾ ടൈഗർ ഷ്റോഫിന്റെ കാറിനുനേരെ വെടിയുതിർത്തതെന്ന് മുംബൈ ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെ കോട്ടയിൽനിന്ന് പിടികൂടിയ റെഹാൻ എന്ന സുകു, റിതിക് കുർമി എന്ന റോഷൻ, ഫൂൽ സിങ് എന്നിവരെ മുംബൈയിലെത്തിച്ച് ഒക്ടോബർ 31 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ആക്രമണത്തിന് ഉപയോഗിച്ച തോക്കുകൾ കണ്ടെത്താനും ഡിജിറ്റൽ തെളിവുകൾ വീണ്ടെടുക്കാനും പ്രതികളെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പോലീസ് കോടതിയിൽ വ്യക്തമാക്കി.
പ്രതികളുടെ രണ്ട് മൊബൈൽ ഫോണുകൾ നശിപ്പിക്കപ്പെട്ടതായും പോലീസ് അറിയിച്ചു. സി.സി.ടി.വി. ദൃശ്യങ്ങളും ആക്രമണത്തിന് ഉപയോഗിച്ച മോട്ടോർസൈക്കിളും കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികളിലേക്ക് എത്താൻ സഹായിച്ചത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും ആക്രമണത്തിന് പിന്നിലെ ഗൂഢാലോചനയുടെ വ്യാപ്തിയും കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.












