ആ ലോലിപോപ്പ് പിടിച്ച കൈകൾ ആരുടേത്? സൂര്യയുടെ ‘സീൻ’ പുതിയ അപ്ഡേറ്റ് ഇന്ന് വൈകിട്ട്

തമിഴ്, മലയാളം സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യയും ജിത്തു മാധവനും ഒന്നിക്കുന്ന ‘സീൻ’. ചിത്രവുമായി ബന്ധപ്പെട്ട ഓരോ അപ്ഡേറ്റും ആരാധകർക്കിടയിൽ വലിയ ചർച്ചയാകുന്നതിനിടെ, പുതിയൊരു അപ്ഡേറ്റ് ഇന്ന് പുറത്തുവിടുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. മുഖമോ രൂപമോ വെളിപ്പെടുത്താതെ, കൈയിൽ ലോലിപോപ്പ് പിടിച്ചിരിക്കുന്നതിന്റെ പോസ്റ്ററാണ് പുതിയ അപ്ഡേറ്റിന്റെ ഭാഗമായി പങ്കുവെച്ചിരിക്കുന്നത്. ഈ കൈകൾ ആരുടേതാണെന്ന ആകാംക്ഷയിലാണ് ആരാധകർ. ഇന്ന് വൈകിട്ട് ആറിന് കഥാപാത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നാണ് പ്രതീക്ഷ. പോസ്റ്ററിലുള്ളത് നസ്ലെന്റെ കൈകളാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും സമൂഹമാധ്യമങ്ങളിൽ സജീവമാണ്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

മലയാളി താരം നസ്രിയ നായികയായി എത്തുന്ന ചിത്രം ദീപാവലി റിലീസായി നവംബർ ആറിന് തിയറ്ററുകളിലെത്തും. കേരളത്തിൽ ഗോകുലം ഗോപാലന്റെ ഗോകുലം മൂവീസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. ഗൾഫ് രാജ്യങ്ങളിലെ വിതരണാവകാശം ഫാർസ് ഫിലിംസിനും തമിഴ്‌നാട്ടിലെ വിതരണാവകാശം ശക്തി ഫിലിം ഫാക്ടറിക്കും ലഭിച്ചിട്ടുണ്ട്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ. ഴഗരം സ്റ്റുഡിയോസ്, 2D എന്റർടെയ്ൻമെന്റ് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ ജ്യോതികയും സൂര്യയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജയശ്രീ ദാമോദരനാണ് സഹനിർമാതാവ്. ആക്ഷനും കോമഡിയും സമന്വയിപ്പിച്ചൊരുക്കുന്ന ചിത്രത്തിലൂടെ തുടർച്ചയായ മൂന്നാമത്തെ വിജയമാണ് സൂര്യ ലക്ഷ്യമിടുന്നത്.

‘രോമാഞ്ചം’, ‘ആവേശം’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിത്തു മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമെന്ന പ്രത്യേകതയും ‘സീനി’നുണ്ട്. മലയാളി സംഗീത സംവിധായകൻ സുഷിൻ ശ്യാമാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. തമിഴിൽ സുഷിൻ സംഗീതസംവിധാനം നിർവഹിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ മ്യൂസിക് അവകാശം സോണി മ്യൂസിക് സൗത്ത് സ്വന്തമാക്കിയിട്ടുണ്ട്. ആനന്ദ് രാജ്, ലാൽ, രാജ് പ്രിയൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. വിനീത് അഗസ്റ്റ്യനാണ് ഛായാഗ്രഹണം. അജ്മൽ സാബു എഡിറ്റിങ്ങും വിഷ്ണു ഗോവിന്ദ് ഓഡിയോഗ്രഫിയും നിർവഹിക്കുന്നു. അശ്വിനി കാലെയാണ് പ്രൊഡക്ഷൻ ഡിസൈനർ. ചേതൻ ഡി’സൂസ ആക്ഷൻ ഡയറക്ടറായും എ. രാജേഷ് ആർട്ട് ഡയറക്ടറായും പ്രവർത്തിക്കുന്നു. മഷാർ ഹംസയാണ് കോസ്റ്റ്യൂം ഡിസൈനർ. റോണക്സ് സേവ്യർ മേക്കപ്പും ഡേവിഡ് സെൽവം തമിഴ് സംഭാഷണങ്ങളും കൈകാര്യം ചെയ്യുന്നു.

അരുൺ അപ്പുക്കുട്ടനാണ് കോ-ഡയറക്ടർ. എം.പി. സെന്തിൽ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും സുഷ്മ കൃഷ്ണമൂർത്തി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമാണ്. കെ. ശ്രീധർ രാജ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവായും രോഹിത് കെ. സുരേഷ് സ്റ്റിൽ ഫോട്ടോഗ്രാഫറായും പ്രവർത്തിക്കുന്നു. ഷിഫ്ന ബബിൻ പാക്കറാണ് കാസ്റ്റിങ് ഡയറക്ടർ. ഹരിഹരസുതൻ വിഎഫ്എക്സും രംഗ കളറിങ്ങും നിർവഹിക്കുന്നു. നവീൻ നഞ്ജുണ്ടനാണ് ക്രിയേറ്റീവ് പ്രൊഡ്യൂസർ. ചിത്രത്തിന്റെ പിആർഒ ശബരിയാണ്. ഇന്ന് വൈകിട്ട് പുറത്തുവരാനിരിക്കുന്ന പുതിയ അപ്ഡേറ്റിലൂടെ ലോലിപോപ്പ് പിടിച്ച കൈകൾ ആരുടേതാണെന്ന ആരാധകരുടെ സംശയത്തിന് ഉത്തരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാലോകം.