‘ഇതാണ് ഞാൻ പറഞ്ഞത്, കാര്യങ്ങൾ വളച്ചൊടിക്കരുത്’; നെടുമ്പാശ്ശേരി അപകട പരാമർശത്തിൽ വ്യക്തത വരുത്തി മഞ്ജു പിള്ള

കൊച്ചി: നെടുമ്പാശ്ശേരി വാഹനാപകടവുമായി ബന്ധപ്പെട്ട തന്റെ പ്രതികരണം വളച്ചൊടിക്കപ്പെട്ടെന്ന വിമർശനവുമായി നടി മഞ്ജു പിള്ള. ഹെൽമറ്റ് ധരിക്കാതെ ഒരു ബൈക്കിൽ മൂന്നുപേർ യാത്ര ചെയ്തത് തെറ്റാണെന്നാണ് താൻ പറഞ്ഞതെന്നും, എന്നാൽ രാത്രി യാത്ര ചെയ്തതാണ് തെറ്റെന്ന തരത്തിലാണ് ചിലർ തന്റെ വാക്കുകൾ പ്രചരിപ്പിച്ചതെന്നും താരം വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട തന്റെ പ്രതികരണത്തിന്റെ പ്രസക്ത ഭാഗം ദയ സുജിത്തിനൊപ്പം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചാണ് മഞ്ജു പിള്ള വിശദീകരണം നൽകിയത്. ‘ഇതാണ് ഞാൻ പറഞ്ഞത്. ആ മൂന്ന് കുഞ്ഞുങ്ങളുടെ ഫാമിലിയുടെ ക്ലാരിഫിക്കേഷന് വേണ്ടിയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നത്. ദയവുചെയ്ത് കാര്യങ്ങൾ വളച്ചൊടിക്കരുത്. താങ്ക് യൂ’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്.

നെടുമ്പാശ്ശേരി അപകടത്തെക്കുറിച്ച് സംസാരിക്കവെ മതത്തിന്റെ പേരിലുള്ള ചോദ്യങ്ങളെയും കുട്ടികളുടെ യാത്രാരീതിയെയും വ്യത്യസ്തമായാണ് കാണേണ്ടതെന്ന് മഞ്ജു പിള്ള വ്യക്തമാക്കി. രണ്ട് ഹിന്ദു പെൺകുട്ടികൾ മുസ്ലീം യുവാവിനൊപ്പം യാത്ര ചെയ്തതിനെ ചോദ്യം ചെയ്യുന്നത് വിവരമില്ലായ്മയാണെന്നും പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന കുട്ടികളാണ് അവരെന്നും താരം പറഞ്ഞു. എന്നാൽ, മൂന്ന് പേർ ഒരുമിച്ച് ബൈക്കിൽ യാത്ര ചെയ്തതിനെ ന്യായീകരിക്കാനാവില്ലെന്നും ഹെൽമറ്റ് ധരിക്കാതിരുന്നതും തെറ്റാണെന്നും അവർ കൂട്ടിച്ചേർത്തു. ഹിന്ദു-മുസ്ലീം വ്യത്യാസം ഉയർത്തിക്കാട്ടി കുട്ടികൾ എന്തിന് ഒരുമിച്ച് യാത്ര ചെയ്തുവെന്ന് ചോദിക്കുന്നതിനു പകരം, മൂന്ന് പേർ ഒരേ ബൈക്കിൽ യാത്ര ചെയ്തതിന്റെ സുരക്ഷാപ്രശ്നമാണ് ചർച്ച ചെയ്യേണ്ടതെന്ന് മഞ്ജു പിള്ള അഭിപ്രായപ്പെട്ടു. രണ്ട് പെൺകുട്ടികൾ അന്യമതസ്ഥനായ യുവാവിനൊപ്പം രാത്രി യാത്ര ചെയ്തതെന്തിനെന്ന ചോദ്യം തെറ്റായ രീതിയിലുള്ളതാണെന്നും അവർ പറഞ്ഞു.

രാത്രിയിൽ ഹെൽമറ്റ് ധരിക്കാതെ മൂന്ന് പേർ ഒരു ബൈക്കിൽ ഹൈവേയിലൂടെ യാത്ര ചെയ്യാൻ പാടില്ലെന്നതാണ് പ്രധാനമായും ഉയർത്തിക്കാട്ടേണ്ട വിഷയമെന്നും താരം വ്യക്തമാക്കി. അപകടവുമായി ബന്ധപ്പെട്ട തന്റെ പ്രതികരണം തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെടാതിരിക്കാനും മരിച്ച കുട്ടികളുടെ കുടുംബത്തിന്റെ ഭാഗത്തുനിന്നുള്ള വ്യക്തതയ്ക്കുമായാണ് വീഡിയോ പങ്കുവെച്ചതെന്നും മഞ്ജു പിള്ളയുടെ കുറിപ്പിൽ വ്യക്തമാക്കുന്നു.