കോഴിക്കോട് ബീച്ചിൽ ദമ്പതികൾക്ക് നേരെ ആക്രമണം.

കോഴിക്കോട് തിക്കോടി ബീച്ചിൽ ദമ്പതികൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം. ഭാര്യക്കും മക്കൾക്കും മറ്റ് കുടുംബങ്ങൾക്കുമൊപ്പം കോഴിക്കോട് തിക്കോടി ബീച്ചിൽ എത്തിയ രൂപക്കിനാണ് മർദ്ദനമേറ്റത്. മര്‍ദ്ദനത്തില്‍ രൂപക്കിന് തലയ്ക്കും കഴുത്തിനും പരിക്കേൽക്കുകയും കഴുത്തിൽ മുറിവുണ്ടാകുകയും ചെയ്തു. തടയാൻ ചെന്ന രൂപക്കിന്റെ ഭാര്യക്കുനേരെയും ആക്രമണം ഉണ്ടായി. 

ഡ്രൈവ് ഇന്‍ ബീച്ച്‌ ആയതിനാല്‍ തിക്കോടിയില്‍ കാര്‍ ഇറക്കാന്‍ ശ്രമിക്കുകയായിരുന്നു രൂപക്ക്. ഈ സമയം ഒരു കൂട്ടം യുവാക്കള്‍ സ്ഥലത്തെത്തി ബീച്ചില്‍ വണ്ടി ഇറക്കാന്‍ പാടില്ലെന്ന് പറഞ്ഞതായി രൂപക്ക് പറയുന്നു. ഇത് സംബന്ധിച്ച്‌ വാക്കു തര്‍ക്കമുണ്ടാവുകയും വണ്ടി തിരിച്ച്‌ കയറ്റുന്നതിനിടെ യുവാക്കള്‍ മര്‍ദ്ദിക്കുകയുമായിരുന്നു. തിക്കോടി ബീച്ചിൽ എത്തുന്നവരെ സ്ഥിരമായി ഒരു കൂട്ടം യുവാക്കൾ അക്രമിക്കുന്നതായി നാട്ടുകാരും പറഞ്ഞു. എന്നാൽ ഈ വിഷയത്തിൽ ഇത് വരെ നടപടികൾ ഒന്നും അധികാരികൾ എടുത്തിട്ടില്ല. രൂപക്കിന്റെ പരാതിയിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. അക്രമികളിൽ ചിലരെ തിരിച്ചറിയുകയും ചെയ്തു.