കാത്തിരിപ്പിനൊടുവില്‍ ഗോസിപ്പുകള്‍ക്ക് വിട നല്കി ആ വാര്‍ത്ത എത്തിയിരിക്കുന്നു. നടി നയന്‍താരയും സംവിധായകന് വിഘ്നേഷ് ശിവനും വിവാഹിതരാകുന്നു. തിരുപ്പതി ക്ഷേത്രത്തില്‍ വച്ച് ജൂണ്‍ 9 ന് ആണ് വിവാഹം.
നീണ്ട ഏഴ് വര്‍ഷത്തെ പ്രണയമാണ് ഇപ്പോള്‍ വിവാഹത്തിലെത്തിയത്. 2011- ല്‍ പുറത്തിറങ്ങിയ ശ്രീരാമ രാജ്യം എന്ന ചിത്രത്തോടെ അഭിനയരംഗത്ത് നിന്ന് വിട പറഞ്ഞ നയന്‍താര തിരിച്ചു വന്നത് 2015 ല്‍ വിഘ്നേശ് ഒരുക്കിയ നാനും റൗഡി താന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു. വിഘ്നേശിന്റെ കന്നി സംവിധാന സംരംഭത്തിലൊരുങ്ങിയ ആ ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്.
വിഘ്നേശിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ആ ചിത്രം. ‘കാതുവാക്കിലെ രണ്ടു കാതല്‍’ എന്ന ചിത്രമാണ് ഇരുവരുടേതുമായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. വിഘ്നേഷ് ശിവന്റെ സംവിധാനത്തില്‍ നയന്താരയ്ക്കൊപ്പം വിജയ് സേതുപതിയും സാമന്തയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നുണ്ട്.
മാലിദ്വീപില്‍ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വേണ്ടി വിവാഹവിരുന്ന് സംഘടിപ്പിക്കും. തമിഴ് മാധ്യമങ്ങളിലൂടെയാണ് വിവാഹ വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്.
വിവാഹ വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നെങ്കിലും ഇത് സംബന്ധിച്ച സ്ഥിരീകരണം താരങ്ങളില്‍ നിന്നും ഉണ്ടായിട്ടില്ല. അജിത്ത്- വിഘ്നേഷ് ചിത്രത്തിന്റെ ഷൂട്ടിങിന് മുന്‍പ് വിവാഹം നടത്താനാണ് തീരുമാനമെന്നാണ് വിവരം.
മലയാളത്തില്‍ അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്ത ‘ഗോള്‍ഡ്’ ആണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന നയന്‍താര ചിത്രം.
കഴിഞ്ഞ ജണില്‍ നയന്‍താരയും കാമുകന് വിഘ്നേഷ് ശിവനും കൊച്ചിയിലെത്തിയതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. പ്രൈവറ്റ് ജെറ്റിലാണ് ഇരുവരും കൊച്ചിയിലെത്തിയത്. നയന്‍സ് വിഘ്നേഷിനൊപ്പം കൊച്ചി വിമാനത്താവളത്തില്‍ എത്തിയതിന്റെ ചിത്രം സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് പുറത്തു വന്നത്. നയന്‍താരയുടെ മാതാപിതാക്കളെ കാണാനായിരുന്നു ഇരുവരും കൊച്ചിയില്‍ എത്തിയതെന്നായിരുന്നു വിവരം. വിമാനത്തില്‍ നിന്നും വിഘ്നേഷിന്റെ കൈപിടിച്ച് നയന്‍താര ഇറങ്ങുന്നതിന്റെയും, ഇരുവരും കൈകോര്‍ത്ത് നടന്നു പോകുന്നതിന്റെയും ചിത്രങ്ങളായിരുന്നു അന്ന് പുറത്തുവന്നത്.