
പൃഥ്വിരാജിനെ നായകനായി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന സിനിമയാണ് കടുവ. ഏറെക്കാലത്തിന് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും കടുവയ്ക്കുണ്ട്. അതിനാല്‍ തന്നെ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിന്റെ റിലീസിനുവേണ്ടി കാത്തിരിക്കുന്നത്. എന്നാല്‍ കടുവയുടെ പ്രൊമോഷന്റെ ഭാഗമായി മാധ്യമങ്ങളെ കണ്ടപ്പോള്‍ താന്‍ അഭിനയിച്ച മുംബൈ പോലീസ് എന്ന സിനിമയിലെ കഥാപാത്രത്തെക്കുറിച്ച് പൃഥ്വിരാജ് നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
പൃഥ്വിരാജ് അഭിനയിച്ച റോഷന്‍ ആന്‍ഡ്രൂസ് ചിത്രം മുംബൈ പോലീസ് തമിഴില്‍ ആരെ വെച്ചാകും ചെയ്യുക എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് പൃഥ്വിരാജ് മറുപടി പറഞ്ഞിരിക്കുന്നത്. സൂര്യയെ വെച്ചാകും മുംബൈ പോലീസ് തമിഴില്‍ ചെയ്യുക എന്നായിരുന്നു ഈ ചോദ്യത്തിനുള്ള താരത്തിന്റെ മറുപടി. താന്‍ ചെയ്താല്‍ നന്നാവില്ലേ എന്നും പൃഥിരാജ് മാധ്യമ പ്രവര്‍ത്തകരോട് ചോദിച്ചു.വലിയ കയ്യടിയോടെയാണ് പൃഥിയുടെ വാക്കുകളെ വേദി സ്വീകരിച്ചത്.
ലുസിഫറിന് ശേഷം വിവേക് ഒബ്രോയ് വില്ലന്‍ വേഷത്തില്‍ എത്തുന്ന മലയാള സിനിമയാണ് കടുവ. സംയുക്ത മേനോനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും സുപ്രിയ മേനോനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
ജൂണ്‍ 30നായിരുന്നു ആദ്യം ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പിന്നീട് ജൂലൈ എഴിലേക്ക് മാറ്റി വെക്കുകയായിരുന്നു. ‘ചില അപ്രതീക്ഷിത കാരണങ്ങള്‍ കൊണ്ടാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് നീട്ടുന്നതെന്നും സിനിമ ഇനി ജൂലൈ ഏഴിന് റിലീസ് ചെയ്യുമെന്നും’ പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. മലയാളത്തിനു പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക.











