നിവിന്‍ പോളിയുടെ പടവെട്ടിലെ മഴപ്പാട്ട്; സോങ് ടീസര്‍ പുറത്തുവിട്ടു

നിവിന്‍ പോളി പ്രധാന വേഷത്തിലെത്തുന്ന ചിത്രം പടവെട്ടിലെ പുതിയ സോങ് ടീസര്‍ പുറത്തുവിട്ടു. മഴപ്പാട്ടിന്റെ സോങ് ടീസറാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. മഴപ്പാട്ടിന്റെ സംഗീത സംവിധാനം ചെയ്തിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. അന്‍വര്‍ അലി വരികള്‍ ഒരുക്കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഗോവിന്ദ് വസന്തയും ആനി എമിയും ചേര്‍ന്നാണ്. ചിത്രം ഒക്ടോബര്‍ 21 ന് തീയേറ്ററുകളിലെത്തും.

padavett-first-look-poster

മഞ്ജു വാര്യറും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. നടന്‍ സണ്ണി വെയ്‌ന്റെ ചലച്ചിത്ര നിര്‍മാണ കമ്പനിയായ സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ആദ്യ സിനിമയാണ് പടവെട്ട്. മണ്ണും വികസനവും രാഷ്ട്രീയവും എന്നീ വിഷയങ്ങള്‍ എല്ലാ കൂടി ചേരുന്ന ഒരു ചിത്രമാണ് പടവെട്ട്. ഇതിന് മുമ്പ് മാര്‍ച്ചിലും സെപ്റ്റംബറിലും ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ചിത്രത്തിന്റെ റിലീസ് നീട്ടി വെക്കുകയായിരുന്നു. നവാഗതനായ ലിജു കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

https://youtu.be/PD7XTGeACho

അതിഥി ബാലന്‍, ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, അന്തരിച്ച നടന്‍ കൈനകരി തങ്കരാജ്, ബാലന്‍ പാറക്കല്‍ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍. ചിത്രത്തില്‍ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. മലബാറിന്റെ പശ്ചാത്തലത്തില്‍ മാലൂര്‍ എന്ന ഗ്രാമത്തില്‍ വെച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്.