നിറഞ്ഞൊഴുകിയ കണ്ണുകളുമായി നജീബ്!!! മരുഭൂമി ജീവിതത്തിന്റെ നേര്‍ക്കാഴ്ചയായി പുതിയ പോസ്റ്റര്‍

പ്രഖ്യാപന സമയം മുതല്‍ ആരാധകലോകം കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി ഒരുക്കുന്ന ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം നോവലാണ് ബെസി വെള്ളിത്തിരയിലെത്തിക്കുന്നത്. വര്‍ഷങ്ങളായി കാത്തിരിക്കുകയാണ് ആരാധകര്‍ ചിത്രത്തിനായി. ഇപ്പോഴിതാ ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണ്. ചിത്രത്തിന്റെ ഓരോ…

പ്രഖ്യാപന സമയം മുതല്‍ ആരാധകലോകം കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി ഒരുക്കുന്ന ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം നോവലാണ് ബെസി വെള്ളിത്തിരയിലെത്തിക്കുന്നത്. വര്‍ഷങ്ങളായി കാത്തിരിക്കുകയാണ് ആരാധകര്‍ ചിത്രത്തിനായി. ഇപ്പോഴിതാ ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണ്. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും പെട്ടെന്ന് വൈറലാകാറുണ്ട്. നീണ്ട കാത്തിരിപ്പിനൊടുവില്‍ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ എത്തിയിരിക്കുകയാണ്.

ജനുവരി 10നാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടത്. ഇപ്പോഴിതാ, നജീബ് അനുഭവിച്ച ദുരിതത്തിന്റെ തീവ്രത തുറന്നുകാട്ടുന്ന പുതിയ പോസ്റ്ററും എത്തിയിരിക്കുകയാണ്. പൃഥ്വിരാജാണ് പുതിയ പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്. നിറഞ്ഞൊഴുകിയ കണ്ണുകളുമായി നോക്കി നില്‍ക്കുന്ന പൃഥ്വിരാജാണ് പോസ്റ്ററിലുള്ളത്. വായനയിലൂടെ കണ്ട അതേ നജീബ് തന്നെയെന്ന് പ്രേക്ഷകരും പറയുന്നു.

ജീവിതത്തിന്റെ മരുപ്പച്ചയ്ക്കായി അറബിനാട്ടിലെത്തി, മരൂഭൂമിയില്‍ ദുരിതജീവിതം നയിക്കേണ്ടി വന്ന നജീബിന്റെ യാതനകളുടെ കഥയാണ് ബെന്യാമിന്‍ വാക്കുകളിലൂടെ വിവരിച്ചത്. അത്രമേല്‍ ഹൃദയത്തില്‍ പതിഞ്ഞ മുഖമാണ് നജീബിന്റേത്. ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങുമ്പോള്‍ ആരാധകരുടെ പ്രതീക്ഷകള്‍ വാനോളം ഉയരത്തിലാണ്.

ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ ബോളിവുഡ് താരം രണ്‍വീര്‍ സിങ് തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ചിട്ടുണ്ട്. ‘കാണേണ്ട കാഴ്ച തന്നെ’ എന്ന അടിക്കുറിപ്പോടെയാണ് രണ്‍വീര്‍ സിങ് പോസ്റ്റര്‍ പങ്കുവെച്ചത്.

ഏപ്രില്‍ 10 നാണ് ആടുജീവിതം തിയേറ്ററിലെത്തുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായിട്ടാണ് ‘ആടുജീവിതം’ പ്രേക്ഷകരിലേക്കെത്തുക. ഒട്ടേറെ അന്തര്‍ദേശീയ ഫിലിം ഫെസ്റ്റിവലുകളില്‍ ചര്‍ച്ചാവിഷയമായ സിനിമയാണ് ‘ആടുജീവിതം’.