ജാസി ഗിഫ്റ്റ്, എന്തൊരു മാന്യനാണ് താങ്കള്‍…അങ്ങയുടെ ഈ മാന്യത കേരള സമൂഹം അര്‍ഹിക്കുന്നില്ല!!

മലയാളത്തിന്റെ അഭിമാന താരമാണ് ജാസി ഗിഫ്റ്റ്. പാട്ടിലൂടെ ആരാധകഹൃദയങ്ങള്‍ കീഴടക്കി രണ്ടുപതിറ്റാണ്ടാലധികമായി താരം വിസ്മയിപ്പിക്കുന്നു. കഴിഞ്ഞ ദിവസം എറണാകുളം കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജില്‍ താരം അവഹേളനം നേരിട്ട സംഭവം വിവാദമായിരിക്കുകയാണ്. പാട്ടുപാടുന്നതിനിടെ മൈക്ക്…

മലയാളത്തിന്റെ അഭിമാന താരമാണ് ജാസി ഗിഫ്റ്റ്. പാട്ടിലൂടെ ആരാധകഹൃദയങ്ങള്‍ കീഴടക്കി രണ്ടുപതിറ്റാണ്ടാലധികമായി താരം വിസ്മയിപ്പിക്കുന്നു. കഴിഞ്ഞ ദിവസം എറണാകുളം കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജില്‍ താരം അവഹേളനം നേരിട്ട സംഭവം വിവാദമായിരിക്കുകയാണ്. പാട്ടുപാടുന്നതിനിടെ മൈക്ക് പ്രിന്‍സിപ്പാള്‍ പിടിച്ചുവാങ്ങിയതോടെ താരം പ്രതിഷേധമറിയിച്ച് വേദി വിട്ടിറങ്ങുകയായിരുന്നു. പിന്നാലെ താരത്തിന് വലിയ പിന്തുണയാണ് സോഷ്യലിടത്ത് നിറയുന്നത്. ജാസിയ്ക്ക് പിന്തുണയറിയിച്ച് അഭിലാഷ് മോഹനന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട കുറിപ്പ് വൈറലായിരിക്കുകയാണ്.

ഫ്‌ലവേര്‍സ് ടിവിയുടെ സ്റ്റാര്‍ മാജിക്കിലൊരു പരിപാടി കണ്ടിട്ടുണ്ട് ജാസി ഗിഫ്റ്റിനെ അനുകരിക്കുന്ന തങ്കച്ചന്‍ വിതുര. കുറെ ചുമന്ന ലിപ്സ്റ്റിക്ക് വാരി തേച്ചുകൊണ്ട്, ചുണ്ടും പിളര്‍ത്തി കോമാളിത്തരം കാണിക്കുകയാണ് തങ്കച്ചന്‍.ഇത് കണ്ടുകൊണ്ട് നിന്നുമിരുന്നും കിടന്നും ചിരിക്കുകയാണ് ഷാജോണും, അസീസ് നെടുമങ്ങാടും മറ്റുചിലരും. കമന്റ് ബോക്‌സില്‍ വിദഗ്ധര്‍ എന്തു പറയുന്നുവെന്ന് നോക്കിയപ്പോള്‍ മനസ്സ് നിറഞ്ഞു. ഭൂരിഭാഗം പേരും ബോഡി ഷെയിമിങ് നടത്തുന്നതിലെ വൃത്തികേടിനെ കുറിച്ചും, ചിരിച്ചവര്‍ ചിരിച്ച ചിരിയുണ്ടാക്കിയ അസ്വസ്ഥതകളെ കുറിച്ചുമാണ് പറഞ്ഞത്.

മലയാളിക്ക് ആരാണ് ജാസ്സി ഗിഫ്റ്റ്. പാട്ടു കേട്ടാലും നൃത്തം ചെയ്യാന്‍ മടി കാണിക്കുന്ന, ശരീരം അനക്കുന്നത് വലിയൊരു തെറ്റാണെന്ന് വിശ്വസിച്ചിരുന്നൊരു സമൂഹത്തെ വീടിന്റെ സ്വീകരണ മുറിയിലും, ഉത്സവ പറമ്പുകളിലും ‘ലജ്ജാവതിയും’, ‘അന്നക്കിളി നീയെന്റെ’യും കൊണ്ട് ചുവട് വെപ്പിച്ചയാള്‍. എത്രയോ വര്‍ഷങ്ങളാണ് ആ പാട്ടുകള്‍ക്കൊപ്പം കൊച്ചു കുട്ടികളും, ചെറുപ്പക്കാരും, വൃദ്ധരും ഒരുപോലെ ഇളകിയാടിയത്.

കൊച്ചിയില്‍ സംഗീത സംവിധായകരുടെ നേതൃത്വത്തില്‍ നടത്തിയ സംഗീത പരിപാടിയില്‍ ഒരുപാട് ഗായകര്‍ പാടിയപ്പോളും ജീന്‍സിന്റെ പോക്കറ്റില്‍ കയ്യിട്ട് വളരെ സിംപിള്‍ ആയി താന്‍ സംഗീതം നല്‍കിയ ‘മണിക്കിനാവിന്‍ കൊതുമ്പ് വള്ളം’ പാടുന്നൊരു ജാസി ഗിഫ്റ്റുണ്ട്. വേറിട്ടു നില്‍ക്കുന്ന ആ ആലാപന സൗന്ദര്യത്തിന്റെ മധുരത്തിനു കിട്ടിയ നിറഞ്ഞ കയ്യടിയുണ്ട്. ആ പാട്ടില്‍ ‘പ്രണയിനി’ എന്ന് ജാസി പാടുമ്പോള്‍ പ്രണയം കേള്‍വിക്കാരുടെ മനസ്സിലേക്കാണ് നിറഞ്ഞൊഴുകി വരുന്നത്.

ഇരുപത് വര്‍ഷത്തിലധികമായി പാട്ടുണ്ടാക്കിയും, പാടിയും മലയാളികളെ സന്തോഷിപ്പിച്ച ജാസ്സിയുടെ കയ്യില്‍ നിന്നു പാടി കൊണ്ടിരിക്കുന്നതിനിടെ വളരെ എളുപ്പത്തില്‍ മൈക്കും പിടിച്ചു വാങ്ങി പ്രസംഗം നടത്താന്‍ സാധിക്കുന്നതിലാണ് പ്രിന്‍സിപ്പലിന്റെ അധികാരത്തിന്റെ പൂര്‍ണത. ആ പ്രവൃത്തിയില്‍ മുഴുവന്‍ കാണാനാവുന്നത് മര്യാദയില്ലായ്മയുടെ അക്ഷരങ്ങള്‍ മാത്രമാണ്. ഫിലോസഫിയില്‍ പി എച് ഡി യുള്ള ജാസി ഗിഫ്റ്റിന് കോളേജും, സാഹചര്യങ്ങളുമൊന്നും അന്യമല്ലാത്തത് കൊണ്ടാകാം വേദിയില്‍ വെച്ചു ഒരക്ഷരം പോലും പറയാതെ അയാള്‍ ഇറങ്ങി പോയത്.

അത്രയധികം അപമാനിക്കപ്പെട്ടു വേദി വിട്ടിറങ്ങേണ്ടി വന്നിട്ടും പിന്നീട് നടത്തിയ പ്രതികരണത്തില്‍, ഒരു വാക്കുപോലും മോശമായി പറഞ്ഞില്ല. തനിക്കുണ്ടായ മനോ വിഷമം രേഖപ്പെടുത്തുക മാത്രം ചെയ്തു. ജാസി ഗിഫ്റ്റ്, എന്തൊരു മാന്യനാണ് താങ്കള്‍. പക്ഷേ സങ്കടത്തോടെ പറയട്ടെ അങ്ങയുടെ ഈ മാന്യത കേരള സമൂഹം അര്‍ഹിക്കുന്നില്ല.
(രജിത് ലീല രവീന്ദ്രന്‍ ) #ജാസി #ഗിഫ്റ്റ്