ജയസൂര്യയുടെ കത്തനാറില്‍ പ്രഭുദേവയും!! സെറ്റില്‍ ജോയിന്‍ ചെയ്തു

ജയസൂര്യയെ നായകനാക്കി റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കത്തനാര്‍. ചിത്രത്തില്‍ കഴിഞ്ഞ ദിവസം നടി അനുഷ്‌ക ജോയിന്‍ ചെയ്തിരുന്നു. ഇപ്പോഴിതാ മറ്റൊരു താരം കൂടെ കത്തനാരില്‍ ജോയിന്‍ ചെയ്തിരിക്കുകയാണ്. നടനും കൊറിയോഗ്രാഫറുമായ പ്രഭുദേവയും…

ജയസൂര്യയെ നായകനാക്കി റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കത്തനാര്‍. ചിത്രത്തില്‍ കഴിഞ്ഞ ദിവസം നടി അനുഷ്‌ക ജോയിന്‍ ചെയ്തിരുന്നു. ഇപ്പോഴിതാ മറ്റൊരു താരം കൂടെ കത്തനാരില്‍ ജോയിന്‍ ചെയ്തിരിക്കുകയാണ്. നടനും കൊറിയോഗ്രാഫറുമായ പ്രഭുദേവയും ചിത്രത്തില്‍ ജോയിന്‍ ചെയ്തിരിക്കുകയാണ്. സെറ്റിലെത്തിയ താരത്തിനെ അണിയറ പ്രവര്‍ത്തകര്‍ സ്വീകരിക്കുന്ന ചിത്രങ്ങള്‍ സോഷ്യലിടത്ത് വൈറലായിരിക്കുകയാണ്. ഗോകുലം ഗോപാലനാണ് സിനിമ നിര്‍മ്മിക്കുന്നത്.

‘ഒരു മലയാള സിനിമയ്ക്കായി പ്രഭുദേവ എത്തുന്നത് സന്തോഷം പകരുന്ന കാര്യമാണ്. ഒട്ടനവധി സിനിമകളുടെ ഭാഗമായ അദ്ദേഹം നമ്മുടെ ഈ സിനിമയില്‍ അഭിനയിക്കുന്നത് സന്തോഷത്തോടൊപ്പം അഭിമാനവും ആവേശവുമാണെന്ന് ശ്രീ ഗോകുലം മൂവീസിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍ കൃഷ്ണമൂര്‍ത്തി പറയുന്നു.

2011ല്‍ റിലീസ് ചെയ്ത ‘ഉറുമി’ക്ക് ശേഷം പ്രഭുദേവ അഭിനയിക്കുന്ന മലയാള ചിത്രം കത്തനാരാണ്. അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നത് വലിയൊരു ഭാഗ്യമായി ഞങ്ങള്‍ കരുതുന്നു. കത്തനാരിലൂടെ പ്രേക്ഷകര്‍ക്കായ് ഒരു ദൃശ്യവിരുന്നൊരുക്കാനുളള ശ്രമത്തിലാണ് ഞങ്ങളിപ്പോള്‍. പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ഒരു സിനിമയായിരിക്കുമിതെന്ന പ്രതീക്ഷ ഞങ്ങള്‍ക്കുണ്ടെന്നും കൃഷ്ണമൂര്‍ത്തി പറഞ്ഞു.

അനുഷ്‌ക ഷെട്ടിയുടെ ആദ്യ മലയാള ചിത്രമാണ് ‘കത്തനാര്‍’. വെര്‍ച്വല്‍ പ്രൊഡക്ഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ചിത്രീകരിക്കുന്ന ചിത്രത്തിന്റെ രണ്ട് മിനിറ്റ് ദൈര്‍ഘ്യം വരുന്ന ഗ്ലിംപ്‌സ് വീഡിയോക്ക് വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ലഭിച്ചത്. മുപ്പതില്‍ അധികം ഭാഷകളിലായിട്ടാണ് ചിത്രം തിയ്യേറ്ററിലെത്തുന്നത്. രണ്ട് ഭാഗങ്ങളിലായാണ് ചിത്രം എത്തുക. ആദ്യ ഭാഗം 2024ല്‍ റിലീസ് ചെയ്യും. ചിത്രത്തിന്റെ രചന ആര്‍ രാമാനന്ദാണ്. ഛായാഗ്രഹണം: നീല്‍ ഡി കുഞ്ഞ എന്നിവരൊക്കെയാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.