ജോലിനഷ്ടമായ ബസ് ഡ്രൈവർ ഷർമിളയ്ക്ക് ടാക്‌സി കാർ സമ്മാനിച്ച് നടൻ കമൽഹാസൻ!!

ദിവസങ്ങൾക്ക് മുൻപ് ഡിഎംകെ എംപി കനിമൊഴിയുടെ യാത്രയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ജോലിനഷ്ടമായ മലയാളി ബസ് ഡ്രൈവർ ഷർമിളയ്ക്ക് ടാക്സി കാർ സമ്മാനിച്ച് നടൻ കമൽ ഹാസൻ. കോയമ്പത്തൂരിലെ ആദ്യ വനിതാ ബസ് ഡ്രൈവറാണ്…

ദിവസങ്ങൾക്ക് മുൻപ് ഡിഎംകെ എംപി കനിമൊഴിയുടെ യാത്രയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ജോലിനഷ്ടമായ മലയാളി ബസ് ഡ്രൈവർ ഷർമിളയ്ക്ക് ടാക്സി കാർ സമ്മാനിച്ച് നടൻ കമൽ ഹാസൻ. കോയമ്പത്തൂരിലെ ആദ്യ വനിതാ ബസ് ഡ്രൈവറാണ് 24കാരിയായ ഷർമിള. ഷർമിള പാലക്കാട് സ്വദേശിയായ മഹേഷിന്റെയും ഷൊർണൂർ സ്വദേശിനി ഹിമയുടെയും മകളാണ്.

ഡിഎംകെ നേതാവ് കനിമൊഴി ഷർമിള ഓടിച്ചിരുന്ന ബസിൽ കഴിഞ്ഞയാഴ്ചയാണ് യാത്ര ചെയ്തത്. എംപി അഭിനന്ദിക്കുന്നതിനിടെ ഷർമിളയും വനിതാ കണ്ടക്ടറും തമ്മിൽ വലിയ തർക്കമുണ്ടായിരുന്നു. എംപി ബസിൽനിന്ന് ഇറങ്ങിയതിന് പിന്നാലെ ഡ്രൈവറായ ഷർമിളയും ബസ് പാതിവഴിയിൽ നിർത്തി ഇറങ്ങിയിരുന്നു. തന്നോട് വനിതാ കണ്ടക്ടർ മോശമായി പെരുമാറി എന്നാണ് ഷർമിളയുടെ പരാതി.


ഇപ്പോഴിതാ ഷർമിളയെ ചെന്നൈയിലേക്ക് വിളിച്ച് വരുത്തി കാർ ബുക്ക് ചെയ്യുന്നതിനായി മൂന്നുലക്ഷം രൂപയുടെ ചെക്ക് കൈമാറിയിരിക്കുകയാണ് ഉലകനായകൻ കമൽ ഹാസൻ .’ഡ്രൈവർ മാത്രമായി ഒതുങ്ങേണ്ട, ഒട്ടേറെ ഷർമിളമാരെ വാർത്തെടുക്കാൻ കഴിയണം’ എന്ന ആശംസയോടെയാണ് കമൽ ഹാസൻ ഷർമിളയ്ക്ക് കാർ സമ്മാനിച്ചത്. അതേസമയം ഷർമിളയെ പിരിച്ചുവിട്ടതു വൻ വിവാദമായി. ഷർമിളയെ പിരിച്ചുവിട്ടതല്ല, കണ്ടക്ടറുമായി അടിയുണ്ടാക്കി പോയതാണെന്ന് ബസിന്റെ അധികൃതർ പറഞ്ഞു