സൂര്യ ഓസ്‌കാര്‍ കമ്മറ്റിയിലേക്ക്!!! തമിഴ് സിനിമയ്ക്ക് ലോകത്തിന്റെ ആദരം!

2022ലെ പുതിയ ഓസ്‌കാര്‍ ഫിലിം അക്കാഡമിയിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുത്തപ്പോള്‍ ഇന്ത്യന്‍ സിനിമയ്ക്കും അഭിമാന നിമിഷം. തമിഴകത്തിന്റെ നടിപ്പിന്‍ നായകന്‍ സൂര്യയും ബോളിവുഡിന്റെ താരസുന്ദരി കാജോളും ഓസ്‌കാര്‍ ഫിലിം അക്കാദമി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഓസ്‌കാര്‍ ഓര്‍ഗനൈസര്‍ അംഗത്വ പട്ടികയിലേക്കാണ് ക്ഷണം ലഭിച്ചിരിക്കുന്നത്.

സൂററായ് പോട്രൂ, ജയ് ഭീം എന്നീ ചിത്രങ്ങളാണ് സൂര്യയെ ഈ നേട്ടത്തിന് അര്‍ഹനാക്കിയത്. മൈ നെയിം ഈസ് ഖാന്‍, കഭി ഖുശി കഭി ഘം എന്നീ ചിത്രങ്ങളാണ് കാജോളിനെ അക്കാദമിയിലെത്തിച്ചത്.

അംഗമാകുന്ന ആദ്യത്തെ തമിഴ് നടന്‍ ആണ് സൂര്യ എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇതോടെ തമിഴ് സിനിമയുടെ ചരിത്രത്തിന്റെ തന്നെ ഭാഗമായിയിരിക്കുകയാണ് സൂര്യ. നടീനടന്മാരുടെ കാറ്റഗറിയിലേക്കാണ് സൂര്യയും കാജോളും ക്ഷണിക്കപ്പെട്ടിരിക്കുന്നത്. 54 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇത്തവണ അക്കാദമി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

സുധ കൊങ്ങര സംവിധാനം ചെയ്ത സൂററായ് പോട്രൂ, ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ജയ് ഭീം എന്നീ ചിത്രങ്ങളിലെ സൂര്യയുടെ പ്രകടനം വലിയ കൈയ്യടി നേടിയിരുന്നു. സൂററായ് പോട്രൂവും ജയ് ഭീമും ഓസ്‌കാര്‍ അവാര്‍ഡിനുള്ള നോമിനേഷന്റെ പ്രാഥമിക ലിസ്റ്റില്‍ ഇടം പിടിച്ചിരുന്നു. അതുപോലെ തന്നെ ഓസ്‌കാര്‍ അക്കാഡമിയുടെ ഒഫീഷ്യല്‍ യൂട്യൂബ് ചാനലില്‍ ജയ് ഭീം എന്ന ചിത്രത്തിലെ ഒരു രംഗവും അവര്‍ അപ്ലോഡ് ചെയ്തിരുന്നു. ഇന്ത്യന്‍ സിനിമക്കും തമിഴ് സിനിമക്കും ലഭിച്ച വലിയ ഒരംഗീകാരം കൂടിയായിരുന്നു അത്.

സൂര്യയും ഭാര്യ ജ്യോതികയും ചേര്‍ന്ന് നിര്‍മ്മിച്ച ജയ് ഭീം തമിഴ്നാട്ടിലെ താഴ്ന്ന ജാതിക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളും അടിച്ചമര്‍ത്തലുകളും അവതരിപ്പിച്ചപ്പോള്‍, സുധ കൊങ്ങര ഒരുക്കിയ സൂററായ് പോട്രൂ എയര്‍ ഡെക്കാന്‍ സ്ഥാപകനായ ക്യാപ്റ്റന്‍ ജി ആര്‍ ഗോപിനാഥന്റെ ജീവിത കഥയാണ് പറഞ്ഞിരുന്നത്. ഏതായാലും ലോകോത്തര നേട്ടത്തില്‍ താരങ്ങള്‍ക്ക് നിറഞ്ഞ അഭിനന്ദനമാണ് ലഭിക്കുന്നത്.

Previous articleവിവാഹവും ഗര്‍ഭ വാര്‍ത്തയും; കഥകള്‍ മെനയുന്നവര്‍ക്ക് മറുപടിയുമായി ആലിയ
Next articleഫ്‌ലോറല്‍ ക്രോപ് ടോപ്പും ജീന്‍സുമിട്ട് അഭയ; ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍ എന്ന് ആരാധകര്‍