നകുലിന് നല്ല മാറ്റമുണ്ട്, കൈയ്യില്‍ മുറുകെ പിടിച്ചിച്ച് കമ്മ്യൂണിക്കേറ്റ് ചെയ്യുന്നു!!! നകുല്‍ തമ്പിയെ കാണാനെത്തി അഹാന

വാഹനാപകടത്തില്‍ ഗുരുതര പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടനും നര്‍ത്തകനുമായ നകുല്‍ തമ്പിയെ നേരില്‍ സന്ദര്‍ശിച്ച് നടി അഹാന കൃഷ്ണ. അപകടത്തെ തുടര്‍ന്ന് നകുല്‍ നാലുവര്‍ഷമായി കിടപ്പിലാണ്. നകുലിന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്നും എത്രയും വേഗം തിരിച്ചെത്തുമെന്നും…

വാഹനാപകടത്തില്‍ ഗുരുതര പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടനും നര്‍ത്തകനുമായ നകുല്‍ തമ്പിയെ നേരില്‍ സന്ദര്‍ശിച്ച് നടി അഹാന കൃഷ്ണ. അപകടത്തെ തുടര്‍ന്ന് നകുല്‍ നാലുവര്‍ഷമായി കിടപ്പിലാണ്. നകുലിന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്നും എത്രയും വേഗം തിരിച്ചെത്തുമെന്നും അഹാന പങ്കുവച്ചു. 2019 ല്‍ പുറത്തിറങ്ങിയ പതിനെട്ടാം പടി എന്ന ചിത്രത്തില്‍ അഹാനയും നകുലും ഒരുമിച്ച് അഭിനയിച്ചിരുന്നു.

കഴിഞ്ഞ ദിവസം ഞങ്ങള്‍ നകുലിനെ കാണാന്‍ പോയി. നകുലിനെ എല്ലാവര്‍ക്കും അറിയാമെന്നു വിശ്വസിക്കുന്നു. ഒരു ആക്ടറാണ്, പോപ്പുലര്‍ ഡാന്‍സര്‍ കൂടിയാണ്. ഡിഫോര്‍ ഡാന്‍സിലുണ്ടായിരുന്നു. പതിനെട്ടാം പടി എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അങ്ങനെയാണ് അവനെ പരിചയം.

എനിക്ക് ഹന്‍സികയെ പോലെയാണ് നകുല്‍. എന്നേക്കാള്‍ അഞ്ച് വയസ് ഇളയതാണ് അവന്‍. വളരെ പാവം കുട്ടിയാണ്. 2020 ല്‍ അവനൊരു വാഹനാപകടം സംഭവിച്ചിരുന്നു. വളരെ മോശമായ അപകടം ആയിരുന്നു അത്. നിരവധി പേരാണ് നകുലിന്റെ ആരോഗ്യവിവരം തിരക്കുന്നത്. അതുകൊണ്ടാണ് അവന്റെ ആരോഗ്യവിവരം പങ്കിടുന്നതെന്നും അഹാന പറയുന്നു.

അപകടം പറ്റിയിട്ട് നാല് വര്‍ഷം കഴിഞ്ഞു. ചെറിയ പുരോഗതി മാറ്റങ്ങളാണുണ്ടായത്. അതുതന്നെ വലിയ നേട്ടമാണ്. 2020 ലേതു വച്ചുനോക്കുമ്പോള്‍ ഇപ്പോള്‍ അവന് നല്ല മാറ്റമാണുണ്ടായത്. കൈയ്യും കാലുമൊക്കെ ചലിപ്പിക്കാന്‍ പറ്റുന്നുണ്ട്. തന്നെയും റിയയെയും ചെറുതായി തിരിച്ചറിഞ്ഞു. അവന്റെ കൈയ്യില്‍ പിടിച്ചിരുന്ന സമയത്ത് അവന്‍ കൈയ്യില്‍ മുറുകെ പിടിച്ചിരുന്നു. കാര്യങ്ങള്‍ പറയാന്‍ ശ്രമിക്കുന്നത് അങ്ങനെയാണ്. അത് മാത്രമാണ് അവന്‍ കമ്യൂണിക്കേറ്റ് ചെയ്യുന്നത്. അവന്റെ ഓര്‍ഗനുകള്‍ എല്ലാം കൃത്യമായി വര്‍ക്ക് ചെയ്യുന്നുണ്ടെന്നും താരം പറയുന്നു.

അവന്‍ ആരോഗ്യവാനായി ഇരിക്കുന്നതില്‍ ഏറെ സന്തോഷമുണ്ട്. അവനെ പണ്ട് ആക്ടിവായി കണ്ടിട്ടുളളവരെല്ലാം അവന്‍ വളരെ വേഗം യഥാര്‍ഥ ജീവിതത്തിലേക്കു തിരിച്ചുവരണമെന്നാണ് ആഗ്രഹിക്കുന്നുണ്ട്. അവനൊരു സ്‌പെഷ്യല്‍ ആണ്. നകുല്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യാറുണ്ട്. അവന് വേണ്ടി എല്ലാവരും പ്രാര്‍ഥിക്കണം.. അവന്‍ അനുഗ്രഹിക്കപ്പെട്ട ഒരു കുട്ടിയാണ്. അദ്ഭുതം സംഭവിക്കുമെന്ന് തന്നെയാണ് താനും പ്രതീക്ഷിക്കുന്നതെന്നും താരം പറയുന്നു.

നാല് വര്‍ഷം മുന്‍പ് സുഹൃത്തുക്കളുമായി തിരുവനന്തപുരത്ത് നിന്ന് രണ്ടു കാറുകളില്‍ കൊടൈക്കനാലില്‍ എത്തിയ ശേഷം നാട്ടിലേക്ക് മടങ്ങവെയാണ് നകുലിന് അപകടം പറ്റിയത്. നകുലും സുഹൃത്തും സഞ്ചരിച്ച കാര്‍ സ്വകാര്യബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ നകുലിന്റെ മസ്തിഷ്‌കത്തിനും നട്ടെല്ലിനും ഗുരുതര പരുക്കേറ്റു. ഒരുമാസത്തോളം അബോധാവസ്ഥയിലായിരുന്നു താരം. വന്‍ തുക ചെലവഴിച്ചാണ് നകുലിന്റെ ചികിത്സ നടത്തിയത്.