പ്രശസ്ത സംഗീത സംവിധായകൻ സംഗീത സംവിധായകൻ ആലപ്പി രംഗനാഥ് അന്തരിച്ചു !!

പ്രശസ്ത സംഗീത സംവിധായകൻ സംഗീത സംവിധായകൻ ആലപ്പി രംഗനാഥ് അന്തരിച്ചു .72 വയസ്സായിരുന്നു. ആലപ്പുഴ വേഴപ്ര കുഞ്ഞുകുഞ്ഞു ഭാഗവതരുടേയും ഗാനഭൂഷണം എം ജി ദേവമ്മാളുടേയും മകനായി 1949 മാർച്ച് 9ന് ജനനം. ചെറുപ്പത്തിലേ സംഗീതവും…

പ്രശസ്ത സംഗീത സംവിധായകൻ സംഗീത സംവിധായകൻ ആലപ്പി രംഗനാഥ് അന്തരിച്ചു .72 വയസ്സായിരുന്നു. ആലപ്പുഴ വേഴപ്ര കുഞ്ഞുകുഞ്ഞു ഭാഗവതരുടേയും ഗാനഭൂഷണം എം ജി ദേവമ്മാളുടേയും മകനായി 1949 മാർച്ച് 9ന് ജനനം. ചെറുപ്പത്തിലേ സംഗീതവും നൃത്തവും അഭ്യസിച്ചു. നാടകങ്ങൾക്കും മറ്റും സംഗീതമൊരുക്കിയ ആദ്യകാലത്തിനു ശേഷം മദ്രാസിലേക്കു പോയി. രാഘവൻ മാഷിന്റെ “നാളീകേരത്തിന്റെ നാട്ടിലെനിയ്ക്കൊരു” എന്ന പ്രശസ്തമായ ഗാനത്തിന്റെ ഉപകരണ വാദകനായി സിനിമാരംഗത്തു പ്രവേശിച്ചു. എം എസ് വിശ്വനാഥന്റെ സഹായിയും മികച്ച സംഗീതകാരനുമായ ജോസഫ് കൃഷ്ണയുടെ ശിഷ്യനായി മദ്രാസ് ജീവിതം തുടർന്നു. 1973ൽ പി എ തോമസ് സംവിധാനം ചെയ്ത ജീസസ് എന്ന സിനിമയിലൂടെ സ്വതന്ത്രസംഗീത സംവിധായകനായി. അഗസ്റ്റിൻ വഞ്ചിമല എഴുതിയ “ഓശാന, ഓശാന” എന്നതാണ് ആദ്യഗാനം.

യേശുദാസും തരംഗിണി സ്റ്റുഡിയോയുമായുള്ള ബന്ധം അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. ശ്രീനാരായണഗുരുദേവന്റെ കവിതകൾക്ക് ഈണം പകരാനും രംഗനാഥിന് അവസരം ലഭിച്ചു. ദൈവദശകം (ദൈവമേ കാത്തുകൊൾകങ്ങു കൈവിടാതിങ്ങു ഞങ്ങളെ) ശിവപ്രസാദപഞ്ചകം (ശിവ ശങ്കര ശർവ്വ ശരണ്യവിഭോ) തുടങ്ങിയ വിശിഷ്ട കവിതകൾ ഇദ്ദേഹത്തിന്റെ ഈണത്തിൽ നാം കേട്ടു. എനിയ്ക്കു മരണമില്ല (വയലാർ), സ്വീറ്റ് മെലഡീസ്, എന്റെ വാനമ്പാടി, കുട്ടികൾക്കു വേണ്ടിയുള്ള ഗാനങ്ങൾ, ആൽബങ്ങൾ, ഓണപ്പാട്ടുകൾ, നാടകങ്ങൾ എന്നിങ്ങനെ രംഗനാഥിന്റെ സംഭാവനകൾ ഏറെയാണ്. ധനുർവേദം, അമ്പാടിതന്നിലൊരുണ്ണി എന്നീ സിനിമകളും ഇദ്ദേഹം സംവിധാനം ചെയ്തു. ജീസസ് എന്ന ആദ്യ ചിത്രത്തിനു പുറമേ, ആരാന്റെ മുല്ല കൊച്ചുമുല്ല (രചന: മധു ആലപ്പുഴ), പപ്പൻ പ്രിയപ്പെട്ട പപ്പൻ (രചന: ആർ കെ ദാമോദരൻ, സത്യൻ അന്തിക്കാട്. രാജാമണി ഈ ചിത്രത്തിൽ സംഗീതസംവിധാന സഹായിയായിരുന്നു), പ്രിൻസിപ്പാൾ ഒളിവിൽ (രചന: ബിച്ചു തിരുമല) തുടങ്ങിയ സിനിമകൾക്കും സംഗീതം നൽകി.