അറിയപ്പെടാതെ പോയ മുതുകിഴവിയുടെ മണ്ടയില്‍ ഉദിച്ച കുശുമ്പും കുന്നായ്മയും വര്‍ണ്ണവെറിയും!!!

കലാമണ്ഡലം സത്യഭാമയുടെ അധിക്ഷേപ പരാമര്‍ശമാണ് സോഷ്യലിടത്ത് നിറയുന്നത്. നിരവധി പേരാണ് അവര്‍ക്കെതിരെ രംഗത്തെത്തുന്നത്. കറുത്തവര്‍ക്ക് കളിക്കാനുള്ളതല്ല മോഹിനിയാട്ടമെന്നും വെളുത്ത സുന്ദരികളാണ് മോഹിനിയായി ആടേണ്ടതെന്നും കറുത്തവര്‍ ആടുന്നത് അരോജകമാണെന്നുമായിരുന്നു സത്യഭാമയുടെ പ്രതികരണം. സത്യഭാമയുടെ ആരോപണം തനിക്കെതിരെയാണെന്ന്…

കലാമണ്ഡലം സത്യഭാമയുടെ അധിക്ഷേപ പരാമര്‍ശമാണ് സോഷ്യലിടത്ത് നിറയുന്നത്. നിരവധി പേരാണ് അവര്‍ക്കെതിരെ രംഗത്തെത്തുന്നത്. കറുത്തവര്‍ക്ക് കളിക്കാനുള്ളതല്ല മോഹിനിയാട്ടമെന്നും വെളുത്ത സുന്ദരികളാണ് മോഹിനിയായി ആടേണ്ടതെന്നും കറുത്തവര്‍ ആടുന്നത് അരോജകമാണെന്നുമായിരുന്നു സത്യഭാമയുടെ പ്രതികരണം. സത്യഭാമയുടെ ആരോപണം തനിക്കെതിരെയാണെന്ന് പറഞ്ഞ് ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്തെത്തിയതോടെയാണ് സംഭവം ചര്‍ച്ചയായതും വിവാദമായതും. കലാമണ്ഡലം എന്ന അതുല്യനാമം പേരോടു ചേര്‍ത്ത ഒരു കലാകാരി വീണ്ടും വീണ്ടും ആക്ഷേപിച്ചു കൊണ്ടിരിക്കുകയാണ്. തനിക്ക് കാക്കയുടെ നിറമാണ് എന്നും തന്നെ കണ്ടാല്‍ പെറ്റ തള്ള പോലും സഹിക്കില്ല എന്നും അവര്‍ പറഞ്ഞെന്നായിരുന്നു രാമകൃഷ്ണന്റെ പരാമര്‍ശം.

വിഷയത്തില്‍ സത്യഭാമയെ വാര്‍ത്തയാക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് മാധ്യമപ്രവര്‍ത്തക അഞ്ജു പാര്‍വതി പ്രബീഷ്. മരപ്പാഴ് സ്ത്രീയുടെ ഭ്രാന്തന്‍ ജല്‍പ്പനങ്ങള്‍ക്ക് ഇത്രമേല്‍ ഹൈപ്പ് കൊടുത്ത് അവരെ സെലിബ്രിറ്റിയാക്കുകയാണെന്ന് അഞ്ജു ചൂണ്ടിക്കാട്ടുന്നു.

ഈ മരപ്പാഴ് സ്ത്രീയുടെ ഭ്രാന്തന്‍ ജല്‍പ്പനങ്ങള്‍ക്ക് ഇത്രമേല്‍ ഹൈപ്പ് കൊടുക്കുന്നത് ഒരു അജണ്ടയുടെ ഭാഗമല്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അഡ്രസ്സ് ചെയ്യപ്പെടേണ്ടതായ ഒരുപാട് വിഷയങ്ങള്‍ കണ്മുന്നില്‍ നിരന്നു നില്ക്കുമ്പോള്‍ ഇവരുടെ വിടുവായത്തരത്തെ അവഗണിച്ചുക്കൊണ്ട്, ഇവര്‍ കാട്ടിയ അധിക്ഷേപത്തെ നിയമപരമായി നേരിടുകയാണ് വേണ്ടത്.

രാവിലെ മുതല്‍ ഇവരുടെ വായില്‍ നിന്ന് വീഴുന്ന ഏറ്റവും ടോക്‌സിക് കണ്ടന്റ് എടുത്ത് വാര്‍ത്തയാക്കുമ്പോള്‍, അത് അപ്പാടെ എടുത്ത് ചര്‍ച്ചയ്ക്ക് വയ്ക്കുമ്പോള്‍ സൗകര്യപൂര്‍വ്വം മറയ്ക്കപ്പെടുന്നുണ്ട് റിസോര്‍ട്ട് വിഷയവും മണി ആശാന്റെ മൊഴിമുത്തുകളും തൃശൂരില്‍ കാണിക്കുന്ന വൃത്തികെട്ട രാഷ്ട്രീയക്കളികളും ഒക്കെ. ഗോപി ആശാന്‍ വിഷയത്തില്‍ അപ്പാടെ തേഞ്ഞു നാശമായ ഇടത് ബുദ്ധിജീവികള്‍ക്ക് മുഖം രക്ഷിക്കാന്‍ ഉള്ള പഴുത് ആയി മാറുന്നു ഈ സത്യഭാമ ജല്‍പ്പനങ്ങള്‍.

സത്യത്തില്‍ ഈ സ്ത്രീക്ക് വിസിബിലിറ്റി കൊടുക്കാതെ ഇരിക്കുക എന്നതാണ് ഇനി പൊതുസമൂഹം ചെയ്യേണ്ട കാര്യം. വീണ്ടും വീണ്ടും കോലുമായി പോയി അവരുടെ വൃത്തികെട്ട വായ്ത്താളം കേള്‍പ്പിക്കുന്നത് അല്ല മാധ്യമധര്‍മ്മം. നമ്മള്‍ അറിയാതെ തന്നെ ഈ സ്ത്രീയേ ഒരു സെലിബ്രിറ്റി ആക്കി നമ്മള്‍ അവരോധിക്കുകയാണ്. അവര്‍ക്ക് വേണ്ടതും അതാണ്. തമ്പുരാന്‍ മുക്കിലെ മൂലയില്‍ ഒരു ഡാന്‍സ് സ്‌കൂള്‍ നടത്തി, കലാമണ്ഡലം എന്ന വിശ്വവിഖ്യാത സ്ഥാപനം എടുത്ത് പേരിന്റെ മുന്നില്‍ ചേര്‍ത്തിട്ടും ആരാലും അറിയപ്പെടാതെ പോയ ഒരു മുതുകിഴവിയുടെ മണ്ടയില്‍ ഉദിച്ച കുശുമ്പും കുന്നായ്മയും വര്‍ണ്ണവെറിയും ഏതോ ഒരു യൂട്യൂബ് ചാനലില്‍ വന്നത് ഇപ്പോള്‍ പൊന്തിയെങ്കില്‍ അത് നിഷ്‌കളങ്കമായ ഒന്നല്ല എന്നെങ്കിലും ധരിക്കുക.

സത്യഭാമ എന്ന ഈ സ്ത്രീ ഒരു പ്രതീകം മാത്രമാണ്. ഇതേ മൈന്‍ഡ് സെറ്റ് ഉള്ള എത്രയോപ്പേര്‍ നമുക്ക് ചുറ്റിലും ഇപ്പോഴും ഉണ്ട്. ഒരു കുഞ്ഞ് പിറന്ന് വീണ ഉടനെ വെളുപ്പോ കറുപ്പോ എന്ന് ഉറക്കെ ചോദിക്കുന്ന, കറുപ്പ് ആണെങ്കില്‍ അയ്യോ കറുപ്പ് എന്ന് മൂക്കത്ത് വിരല്‍ വച്ച് എന്തോ വലിയ ട്രാജഡി സംഭവിച്ചത് പോലെ നില്ക്കുന്ന വയസ്സായ മനുഷ്യരും ആരും കാണാതെ കുഞ്ഞിന്റെ ചെവിയുടെ പിന്‍ഭാഗം നോക്കി നിറം നിര്‍ണ്ണയിക്കുന്നവരില്‍ തുടങ്ങുന്ന വര്‍ണ്ണബോധം. പിന്നീട് സ്‌കൂളില്‍ എത്തുമ്പോള്‍ നിറം നോക്കി ഡാന്‍സ് കളിപ്പിക്കുമ്പോള്‍ മുന്നില്‍ നിറുത്തല്‍, ഒപ്പനയുടെ മണവാട്ടിയാവാന്‍ ഭംഗി നോക്കല്‍ ഒക്കെ ഇന്നും സമൃദ്ധമായി നടക്കുന്നുണ്ട് പ്രബുദ്ധ കേരളത്തില്‍. ഒപ്പം ഇന്ന് സത്യഭാമ പറഞ്ഞ കലാതിലക പട്ടം നേടാന്‍ ഉള്ള ക്രൈറ്റീരിയ, മത്സരങ്ങളില്‍ സമ്മാനം നേടണമെങ്കില്‍ സൗന്ദര്യം എന്ന കോളത്തിന് നല്‍കേണ്ടുന്ന മാര്‍ക്ക് ഒക്കെ യാഥാര്‍ഥ്യം തന്നെയാണ്. ആ സ്ത്രീ കണ്ടും കേട്ടും വളര്‍ന്നും വന്ന അധമബോധം അപ്പാടെയെടുത്തു സ്വത്വത്തില്‍ കയറ്റിയതാണ് അവരുടെ ശരീരഭാഷയും പെരുമാറ്റവും എല്ലാം. അതില്‍ നിന്നും അണുവിട മാറാന്‍ അവര്‍ ഒരുക്കമല്ലാത്തത് അതാണ് എലൈറ്റ് എന്ന അവരുടെ ചിന്താഗതിയാണ്.

വര്‍ണ്ണവെറിക്ക് എതിരെ ഘോരഘോരം പ്രസംഗിക്കുന്നവരും വാളേന്തി അതിനെ തച്ചുടയ്ക്കും എന്ന് പറയുന്നവരും ഒക്കെ ഒന്ന് കണ്ണാടിയിലേയ്ക്ക് സ്വയം നോക്ക അപ്പോള്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും ഇതേ വര്‍ണ്ണബോധം ചെറ്യേ അളവിലും വല്യേ അളവിലും ഒക്കെ പേറുന്ന നിങ്ങളിലെ ആ ദാറ്റ് സെയിം സത്യഭാമ ഭാവം