‘അവളെ ഒന്നും ചെയ്യരുത്, അവള്‍ ജീവിക്കട്ടെ.. അവള്‍ക്കുള്ളത് ദൈവം കൊടുക്കും’!! പ്രണയച്ചതിയുടെ വേദന വാക്കുകളിലൊതുക്കി മിഥു പോയി

ദിവസങ്ങള്‍ക്ക് മുന്‍പാണ് നെയ്യാറ്റിന്‍കര വഴുതൂര്‍ സ്വദേശിയായ 23കാരന്‍ മിഥു മോഹന്‍ ജീവിതം അവസാനിപ്പിച്ചത്. ധനുവച്ചപുരം VTM കോളേജിന്റെ താരമായിരുന്നു മിഥു. കായിക രംഗത്ത് തന്റേതായ വ്യക്തിമുദ്ര അവന്‍ പതിപ്പിച്ച മിഥു ബോള്‍ ബാഡ്മിന്റണിലും ആര്‍ച്ചറിയിലും…

ദിവസങ്ങള്‍ക്ക് മുന്‍പാണ് നെയ്യാറ്റിന്‍കര വഴുതൂര്‍ സ്വദേശിയായ 23കാരന്‍ മിഥു മോഹന്‍ ജീവിതം അവസാനിപ്പിച്ചത്. ധനുവച്ചപുരം VTM കോളേജിന്റെ താരമായിരുന്നു മിഥു. കായിക രംഗത്ത് തന്റേതായ വ്യക്തിമുദ്ര അവന്‍ പതിപ്പിച്ച മിഥു ബോള്‍ ബാഡ്മിന്റണിലും ആര്‍ച്ചറിയിലും നാഷണല്‍സ് വരെ കളിച്ച താരമാണ്. വലിയ പ്രതീക്ഷയുണ്ടായിരുന്ന താരം പാതിവഴിയില്‍ ജീവിതം അനസാനിപ്പിച്ചത് തന്റെ വേദന വാക്കുകളില്‍ കുറിച്ചിട്ടാണ്. പ്രണയിനിയുടെ ചതിയിലാണ് മിഥുവിന് ജീവിതം അവസാനിപ്പിക്കേണ്ടി വന്നത്. അഞ്ചുവര്‍ഷം നീണ്ടു നിന്ന പ്രണയത്തില്‍ ഇരു വീട്ടുകാരും കല്യാണം വരെ പറഞ്ഞുറപ്പിച്ചിരുന്നു. മാലയും ലാപ്പ്‌ടോപ്പും ഫെന്‍സിംഗ് കിറ്റും ഐഫോണും 3 ലക്ഷത്തോളം രൂപയും നല്‍കിയിരുന്നു.

മിഥുവിന് നീതി തേടി സോഷ്യല്‍ മീഡിയയില്‍ ഹാഷ്ടാഗുകള്‍ വൈറലായിരിക്കുകയാണ്. മാധ്യമപ്രവര്‍ത്തക അഞ്ജു പ്രബീഷ് പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്. എന്നെ അഞ്ചുവര്‍ഷം സ്‌നേഹിച്ചു പറ്റിച്ചതിന് ദൈവം നിനക്കുള്ളത് തരും ഗാഥു. ഇപ്പോള്‍ മിഥു ശരിക്കും പോകുന്നു. അവളെ ഒന്നും ചെയ്യരുത്, അവള്‍ ജീവിക്കട്ടെ അവള്‍ക്കുള്ളത് ദൈവം കൊടുക്കും’. പ്രണയ നൈരാശ്യത്തിന്റെ നീറുന്ന കനലാഴി യില്‍ പൊള്ളിയടര്‍ന്ന നിമിഷങ്ങള്‍ക്കൊടുവില്‍ ഇങ്ങനൊരു ആത്മഹത്യ കുറിപ്പ് എഴുതിവച്ചിട്ട് ‘അവന്‍ ‘ യാത്രയായി ആണ്‍കുട്ടിയായതിനാല്‍ പാട്രിയാര്‍ക്കിക്കല്‍ പൊളിറ്റിക്കല്‍ കറക്ട്‌നെസോ സോഷ്യല്‍ ഓഡിറ്റിങ്ങോ ഒന്നും ഉണ്ടായില്ല. എഴുത്തിടങ്ങളില്‍ അവനായി ആരും അക്ഷരങ്ങളാല്‍ ജ്വാല പടര്‍ത്തുന്നില്ല. കാരണം പൊതുബോധത്തിന് ഇന്നും പ്രണയച്ചതി എന്നാല്‍ പെണ്ണ് ഇരയും ആണ്‍വര്‍ഗ്ഗം വേട്ടക്കാരനുമാണ്. മറിച്ചൊരു ചിന്ത ഇവിടെ പഥ്യമല്ല.

ദേശീയതലത്തില്‍ വരെ ബേസ് ബോളില്‍ കഴിവ് തെളിയിച്ച പ്രതിഭാശാലിയായ ഇരുപത്തിമൂന്ന് വയസ്സുള്ള പയ്യന്‍ തോറ്റു പോയത് പ്രണയ നിരാസത്തിന് മുന്നിലായിരുന്നു. അഞ്ച് വര്‍ഷം നീണ്ട പ്രണയം. അവള്‍ ചോദിച്ചത് ഒക്കെയും അവള്‍ക്കായി സ്‌നേഹത്തോടെ വാങ്ങി നല്കിയ വിധേയത്വം. ഒടുവില്‍ അവള്‍ തന്നെ ചതിക്കുകയാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ എന്തുചെയ്യണമെന്നറിയാതെ കുഴങ്ങിയ ആ പയ്യന്‍ ആശ്വാസം കണ്ടെത്തിയത് മരണത്തില്‍ ആയിരുന്നിരിക്കാം. അത് ആ മോന്‍ തിരഞ്ഞെടുത്തു. ഇവിടെ ആരാണ് കുറ്റക്കാര്‍ ?
ഇവിടെ അവനെ ആത്മഹത്യയിലേയ്ക്ക് തള്ളി വിട്ടത് ആര് ? ഉറക്കെ ഉറക്കെ പറയണം അത് അക്ഷര എന്ന അവള്‍ മാത്രം, കഥ മറിച്ചായിരുന്നു സംഭവിച്ചിരുന്നതെങ്കിലോ ? അതായത് ആണ്‍കുട്ടിക്ക് പകരം പെണ്‍കുട്ടിയായിരുന്നു ആത്മഹത്യ ചെയ്തത് എങ്കിലോ?

എങ്കില്‍ സ്വയം തെരഞ്ഞെടുത്ത വഴിയായിരുന്നു ആത്മഹത്യയെങ്കില്‍ പോലും ആ പെണ്‍കുട്ടിയുടെ വശം മാത്രമേ നമ്മള്‍ ചിന്തിക്കുമായിരുന്നുള്ളൂ. അവളുടെ അച്ഛനമ്മമാരുടെ പതം പറച്ചില്‍ മാത്രമേ നമ്മള്‍ കേള്‍ക്കുമായിരുന്നുള്ളൂ. അവളുടെ കഥകളില്‍ കണ്ണീരും കിനാവും

സമാസമം ചേര്‍ത്ത് ദിവസങ്ങളോളം വാര്‍ത്ത നല്കി റേറ്റിംഗ് കൂട്ടുമായിരുന്നു മാധ്യമങ്ങള്‍.
അവനെ നമ്മള്‍ ഇടം വലം വിടാതെ പ്രതിക്കൂട്ടില്‍ നിറുത്തി ജനകീയ വിചാരണ ചെയ്യുമായിരുന്നു. അവന്റെ ജാതകം വരെ സോഷ്യല്‍ ഓഡിറ്റിങ്ങിനു വിധേയമാക്കുമായിരുന്നു. അവന്റെ വീട്ടുകാരെ ഒന്നടങ്കം അധിക്ഷേപിച്ച് പുറത്തിറങ്ങാന്‍ പറ്റാത്തവിധം വിചാരണ തുടര്‍ന്നു കൊണ്ടേയിരിക്കുമായിരുന്നു. അവനും അവന്റെ വീട്ടുകാര്‍ക്കുമെതിരെ മെയില്‍ ഷൊവനിയസത്തിന്റെ എണ്ണമറ്റ സിദ്ധാന്തങ്ങളുമായി ക്യൂ നിന്നേനേ സ്ത്രീപക്ഷവാദികള്‍

പ്രണയച്ചതി, വിവാഹവാഗ്ദാനം നല്കിയ ശേഷമുള്ള ഒഴിവാക്കല്‍, വഞ്ചന എന്നിവ കാരണം ആര് ആത്മഹത്യ ചെയ്താലും അവിടെ ജെണ്ടര്‍ നോക്കി biased ആവാതെ ഒരേ രീതിയില്‍ നോക്കി കാണുവാന്‍ സമൂഹം തയ്യാറാവണം. പെണ്ണ് എഴുതി വയ്ക്കുന്ന ആത്മഹത്യ കുറിപ്പ് ആണിനെ ശിക്ഷിക്കാനുള്ള തെളിവ് ആണെങ്കില്‍ അതേ രീതിയില്‍ തന്നെയല്ലേ ആണ്‍കുട്ടി എഴുതുന്ന ആത്മഹത്യാകുറിപ്പിനെയും ഓഡിറ്റ് ചെയ്യേണ്ടത്?
വഞ്ചനയും പീഡനവും ഹണിട്രാപ്പും തേപ്പും ഒക്കെ കേവലം വണ്‍ സൈഡ് പ്രോസസ് അല്ല . അതൊരു ടൂ വേ പ്രോസസ് തന്നെയാണ്. പെണ്ണ് തീരാബാധ്യതയും ദുരിതവുമായി ജീവിതം അവസാനിപ്പിക്കുന്ന ആണുങ്ങള്‍ ഇവിടെയുണ്ട്. പെണ്ണ് വിരിച്ച വലയില്‍ കുരുങ്ങി കൊല്ലപ്പെടുന്നവരുണ്ട്. സ്ത്രീസുരക്ഷയെന്ന പഴുതുകളിലൂടെ രക്ഷപ്പെടാന്‍ സാധിക്കുന്ന സ്ത്രീക്രിമിനലിസത്തിന്റെ ഇരകളായി ജീവിതം വഴി മുട്ടിപ്പോയ എത്രയോ ആണുങ്ങളുണ്ട്. വിവാഹം കഴിക്കുന്നത് തന്നെ വിവാഹമോചനത്തിനും, അതുവഴി നല്ലൊരു തുക അലിമോണി കിട്ടാനും വേണ്ടി മാത്രം ജീവിക്കുന്ന സ്ത്രീകളുമുണ്ട്. പ്രണയകെണി ഒരുക്കി പലതും നേടിയ ശേഷം വലിച്ചെറിയുമ്പോള്‍ അപമാനിതനായി, ഖിന്നനായി ആത്മഹത്യയില്‍ അഭയം തേടുന്ന നിരവധി ആണ്‍കുട്ടികളുമുണ്ട്. പക്ഷേ നമ്മള്‍ ജഡ്ജ് ചെയ്യുന്നത് ആണ്‍ വേട്ടക്കാരനും പെണ്ണ് ഇരയും എന്ന ഫോക്കല്‍ പോയിന്റിലൂടെയാണ്.

ഈ കഥയില്‍ ആ മോന്‍ ആത്മഹത്യ ചെയ്തുകൊണ്ട് വെറും ഇരുപത്തി മൂന്ന് വയസ്സുള്ള ജീവിതത്തിനു പൂര്‍ണ്ണവിരാമമിട്ടു. എന്നാല്‍ നമുക്ക് ചുറ്റിലും അവനെ പോലുള്ള എത്രയോ ആണ്‍കുട്ടികള്‍ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥയിലുണ്ട്. പുറമേയ്ക്കു കണ്ണീര്‍ വാര്‍ക്കുന്നത് പുരുഷ ജന്മത്തിനു ചേരാത്ത അണ്‍റിട്ടന്‍ നിയമമായതിനാല്‍ ഉള്ളാലെ കണ്ണീര്‍ വാര്‍ത്തു നീറി പുകയുന്ന അനേകം ആണുങ്ങള്‍ നമുക്ക് ചുറ്റിലുമുണ്ട്. അവര്‍ പലപ്പോഴും മദ്യത്തിലും ലഹരിയിലും അഭയം തേടി അതിന്റെ നീരാളിപ്പിടുത്തത്തില്‍ ശ്വാസം മുട്ടി കഴിയുന്നുമുണ്ട്.

എല്ലാവര്‍ക്കും വേണം ലിംഗ സമത്വം പക്ഷേ ചില വിഷയങ്ങള്‍ വരുമ്പോള്‍, അതിലെ നീതിപുലരുമ്പോള്‍ ഒരു പക്ഷത്തേക്ക് മാത്രം ആ സമത്വം ചായും. സ്ത്രീപക്ഷവാദങ്ങള്‍ക്കു മാത്രം കൈയ്യടിയും പിന്തുണയും നല്കുന്ന കേരളീയപൊതുസമൂഹത്തോട് ഒരുപാട് ചോദ്യങ്ങള്‍ ബാക്കി വച്ചാണ് ഈ മോന്‍ ആത്മഹത്യ ചെയ്തിരിക്കുന്നത്. ആ ചോദ്യങ്ങള്‍ക്ക് നേരെ അവന്‍ ഭീരു എന്ന ലേബല്‍ കൊണ്ടോ ആത്മഹത്യ ഒന്നിനും പരിഹാരം അല്ല എന്ന ടാഗ് ലൈന്‍ കൊണ്ടോ മാസ്‌ക്കുലിന്‍ മാപ്പിനിയിലെ അളവുകള്‍ ഉയര്‍ത്തിക്കാട്ടിയോ നിങ്ങള്‍ക്ക് മുഖം തിരിക്കാം!പക്ഷേ അപ്പോഴും ആ ചോദ്യങ്ങള്‍ ഇവിടെ തന്നെ ഉണ്ടാവും എന്നു പറഞ്ഞാണ് അഞ്ജു കുറിപ്പ് അവസാനിപ്പിക്കുന്നത്.