രജനികാന്ത് എന്ന മനുഷ്യന്‍ യോഗിയില്‍ ദര്‍ശിച്ചത് ആത്മീയതയും ആ വസ്ത്രത്തിന്റെ പരിപാവനതയും ചൈതന്യവും!!!

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വസതിയിലെത്തി അദ്ദേഹത്തിന്റെ കാല്‍തൊട്ട് വന്ദിച്ച സൂപ്പര്‍ സ്റ്റാര്‍ രജനീകാന്താണ് സോഷ്യലിടത്ത് വൈറലാകുന്നത്. താരത്തിനെ സമൂഹമാധ്യമങ്ങളില്‍ അവഹേളിച്ചും അഭിനന്ദിച്ചും പോസ്റ്റുകള്‍ നിറയുകയാണ് സോഷ്യലിടത്ത്. 72-കാരനായ രജനി 52-കാരനായ യോഗിയുടെ കാല്‍…

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വസതിയിലെത്തി അദ്ദേഹത്തിന്റെ കാല്‍തൊട്ട് വന്ദിച്ച സൂപ്പര്‍ സ്റ്റാര്‍ രജനീകാന്താണ് സോഷ്യലിടത്ത് വൈറലാകുന്നത്. താരത്തിനെ സമൂഹമാധ്യമങ്ങളില്‍ അവഹേളിച്ചും അഭിനന്ദിച്ചും പോസ്റ്റുകള്‍ നിറയുകയാണ് സോഷ്യലിടത്ത്. 72-കാരനായ രജനി 52-കാരനായ യോഗിയുടെ കാല്‍ തൊട്ടു വന്ദിച്ചത് സൂപ്പര്‍ സ്റ്റാറിന്റെ തരംതാഴലാണെന്നാണ് ഭൂരിഭാഗവും പറയുന്നത്.

ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് മാധ്യമപ്രവര്‍ത്തകയായ അഞ്ജു പ്രബീഷ്. സാമൂഹിക വിഷയങ്ങളിലെല്ലാം സജീവമായി അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്നയാളാണ് അഞ്ജു പ്രബീഷ്. സൂപ്പര്‍ താരത്തിനെയും യോഗിയെയും കുറിച്ചുള്ള അഞ്ജുവിന്റെ പോസ്റ്റ് ശ്രദ്ധേയമായിരിക്കുകയാണ്.

ഈ വീഡിയോയില്‍ കാണുന്ന വ്യക്തി ശ്രീ ശ്രീ വിട്ടല്‍ദാസ് മഹാരാജ് എന്ന ആത്മീയ ഗുരുവാണ്. തമിഴ്‌നാട്ടിലെ കുംഭകോണം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിട്ടല്‍ രുക്മിണി സംസ്ഥാന്‍ എന്ന ആത്മീയ മന്ദിരത്തിന്റെയും ആയിരത്തോളം ഗോക്കളെ പരിപാലിക്കുന്ന ഗോകുലം ഗോശാലയുടെയും ഒക്കെ സ്ഥാപിത ഗുരുവര്യന്‍. സത്സംഗവും യാഗങ്ങളും ഒക്കെ നടത്തുന്ന ഇദ്ദേഹത്തിന് തമിഴ്‌നാട്ടില്‍ ആയിരക്കണക്കിന് അനുയായികളും ഭക്തരുമുണ്ട്. ശ്രീ അണ്ണന്‍ എന്നാണ് ഭക്തര്‍ ഇദ്ദേഹത്തെ വിളിക്കുന്നത്.

ഇക്കഴിഞ്ഞ മെയ് മാസം ( 2023) അദ്ദേഹം നയിക്കുന്ന ഭക്തിഗാനസുധയില്‍ പങ്കെടുക്കുന്ന വ്യക്തി സൂപ്പര്‍ സ്റ്റാര്‍ സ്‌റ്റൈല്‍ മന്നന്‍ ശ്രീ രജനികാന്ത്. അദ്ദേഹം പങ്കെടുക്കുക മാത്രമല്ല ചെയ്തത് വേദിയില്‍ കയറി മഹാരാജ് ഗുരുവിന്റെ പാദങ്ങളില്‍ തൊട്ട് വന്ദിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ യൂട്യുബിലും മറ്റു സമൂഹ മാധ്യമങ്ങളിലും വൈറല്‍ ആവുകയും ചെയ്തു. പക്ഷേ അന്ന് ഒരൊറ്റ പുരോഗമന ലിബറല്‍വാദികള്‍ക്കും ഇത് അടിമത്വം ആണെന്നോ പിന്നോട്ട് നടത്തം ആണെന്നോ തോന്നിയില്ല. ഒരൊറ്റ പുരോഗമനവാദികളും രജനികാന്ത് ഫെയില്യര്‍ എന്ന് പറഞ്ഞില്ല.

ഈ ആത്മീയവാര്യന് ഇപ്പോള്‍ പ്രായം അറുപത് വയസ്സ് ആണ്. അതായത് നമ്മുടെ തലൈവര്‍ രജനി സാറിനേക്കാള്‍ പതിനൊന്നു വയസ്സ് ഇളവ്. അന്ന് ഒരൊറ്റ അന്തിണിക്കും അയ്യോ ഞങ്ങടെ രജനി സാര്‍ പ്രായത്തിനു ഇളപ്പം ഉള്ള സ്വാമിയേ കാലില്‍ തൊട്ട് വന്ദിച്ചേ എന്ന് നിലവിളിക്കണ്ടായിരുന്നു. കാരണം കുംഭകോണത്തെ ആത്മീയ ഗുരു ഉത്തര്‍പ്രദേശിലെ BJP മുഖ്യമന്ത്രിയല്ലല്ലോ.

രജനികാന്ത് എന്ന മനുഷ്യന്‍ വെള്ളിത്തിരയില്‍ സൂപ്പര്‍സ്റ്റാര്‍ ആണ്. പക്ഷേ യഥാര്‍ത്ഥ ജീവിതത്തില്‍ മറാത്ത വേരുകള്‍ പേറുന്ന സനാതന ധര്‍മ്മ വിശ്വസിയാണ്. സ്വന്തം വേരിനെയും പൈതൃകത്തെയും കേവലം ഡോഗ് ഷോയ്ക്ക് വേണ്ടി തള്ളിപ്പറയാന്‍ ശീലിക്കാത്ത ആള്‍. ദൈവത്തെ കൊണ്ടുവന്ത് നിര്‍ത്തിവിട്ടാലും, കുമ്പിടമാട്ടേന്‍ എന്ന മാസ്സ് ഡയലോഗ് അടിച്ചു വിട്ടിട്ട് അതിന്റെ നേരെ ഉള്‍ട്ട പ്രവര്‍ത്തിക്കാന്‍ ശീലിക്കാത്ത ഉശിരുള്ള ഹിന്ദു.

മഹത്തായ നാഥ സമ്പ്രദായത്തിന്റെ സന്യാസിയായ യോഗി ആദിത്യനാഥനില്‍ രജനികാന്ത് എന്ന സനാതനവിശ്വാസി ദര്‍ശിച്ചത് ഭാരതീയ സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും മൂര്‍ത്തിമത് ഭാവമായി വിളങ്ങുന്ന ഗുരുപരമ്പരയുടെ ദീപപ്രഭ. അവിടെ ഗുരുവിനെ വന്ദിച്ചും വണങ്ങിയും മാത്രം ശീലമുള്ള സ്വന്തം സ്വത്വത്തിന് മുന്നില്‍ പ്രായത്തിന്റെ മൂപ്പിളമയ്ക്ക് എന്ത് പ്രസക്തി??

പുരോഗമനമെന്നതിന്റെ പേരില്‍ രാഷ്ട്രീയ വൈറസ് പേറുന്ന ഇടത് അടിമകള്‍ക്ക് കാണുവാന്‍ കഴിഞ്ഞത് യോഗിയുടെ രാഷ്ട്രീയവും വയസ്സും മാത്രം. എന്നാല്‍ രജനികാന്ത് എന്ന മനുഷ്യന്‍ യോഗിയില്‍ ദര്‍ശിച്ചത് ആത്മീയതയും ആ വസ്ത്രത്തിന്റെ പരിപാവനതയും ഗുരുപരമ്പരയുടെ ചൈതന്യവും