‘ജയ് ഗണേഷ്’ ഉണ്ണി മുകുന്ദന്റെ പുതിയ സിനിമ!! ഗണപതിയായി താരം

സൂപ്പര്‍ഹിറ്റ് ചിത്രം മാളികപ്പുറത്തിന്റെ വന്‍ വിജയത്തിന് പിന്നാലെ വീണ്ടും ഭക്തി ചിത്രവുമായി ഉണ്ണി മുകുന്ദന്‍. ‘ജയ് ഗണേഷ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഗണപതി ഭഗവാനായിട്ടാണ് താരം എത്തുന്നത്. രഞ്ജിത്ത് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത മാളികപ്പുറം എന്ന ചിത്രത്തില്‍ അയ്യപ്പനായി എത്തിയതിന് പിന്നാലെയാണ് ജയ് ഗണേഷില്‍ ഗണപതിയായി ഉണ്ണി മുകുന്ദന്‍ എത്തുന്നത്. ഉണ്ണി മുകുന്ദന്‍ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് തന്നെയാണ് ‘ജയ് ഗണേഷ്’ നിര്‍മ്മിക്കുന്നത്.

ഒറ്റപ്പാലത്ത് നടന്ന ഗണേശോത്സവത്തില്‍ വച്ചാണ് അപ്രതീക്ഷിതമായി ഉണ്ണി മുകുന്ദന്‍ പുതിയ ചിത്രം പ്രഖ്യാപിച്ചത്. ‘ജയ് ഗണേഷ്’ സൃഷ്ടിച്ചതിന് ശേഷം ഞാന്‍ ഒരു നടനെ തിരയുകയായിരുന്നു. ‘മാളികപ്പുറം’ എന്ന ചിത്രത്തിന് ശേഷം ഏഴ് മാസത്തോളം ചിത്രീകരണമൊന്നുമില്ലാതിരുന്ന ഉണ്ണി നല്ലൊരു തിരക്കഥയ്ക്കായി കാത്തിരിക്കുകയായിരുന്നു. ഞങ്ങള്‍ ‘ജയ്ഗണേഷ്’ ചര്‍ച്ച ചെയ്തു, അദ്ദേഹത്തിന് അന്വേഷിച്ച തിരക്കഥ ലഭിച്ചു. ഞാന്‍ എന്റെ നടനെ കണ്ടെത്തി’, എന്നാണ് രഞ്ജിത് ശങ്കര്‍ പറയുന്നത്.

‘ഞങ്ങള്‍ ഈ പ്രോജക്റ്റിന്റെ സഹ-നിര്‍മ്മാണവും ചെയ്യുന്നു. ഇത് ആവേശകരവും വെല്ലുവിളി നിറഞ്ഞതുമായ ഒരു യാത്രയാണ്. വഴിയുടെ ഓരോ ഘട്ടവും ഞങ്ങള്‍ ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു’- രഞ്ജിത്ത് ശങ്കര്‍ ചിത്രത്തിനെ കുറിച്ച് സോഷ്യലിടത്ത് കുറിച്ചു.

വിനായകചതുര്‍ഥി ആഘോഷങ്ങളുടെ ഭാഗമായി കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തില്‍ ചേര്‍ന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ഇന്ന് ഗണപതി മിത്താണെന്നു പറയുന്നവര്‍ നാളെ കൃഷ്ണനും ശിവനും പിന്നെ നമ്മളും മിത്താണെന്നും പറയുമെന്ന് ഉണ്ണി മുകുന്ദന്‍ നിലപാട് വ്യക്തമാക്കിയിരുന്നു.