ആ നെറികെട്ടവന്റെ കുബുദ്ധി കുഞ്ഞിനെ ഇല്ലാതെയാക്കി!! അവനെ പൊതു സമൂഹത്തിന് മുന്നില്‍ തുറന്നു കാട്ടണം

കഴിഞ്ഞ ദിവസമാണ് കായംകുളഞ്ഞെ വിഷ്ണുപ്രിയ എന്ന 17 കാരി കുളത്തില്‍ ചാടി ജീവന്‍ അവസാനിപ്പിച്ചത്. ഭിന്നശേഷിക്കാരായ അച്ഛനും അമ്മയ്ക്കും കൈത്താങ്ങായി ഉണ്ണിയപ്പം വിറ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു വിഷ്ണുപ്രിയ. ജീവിതസാഹചര്യങ്ങളില്‍ തന്റേടത്തോടെ നേരിട്ട പെണ്‍കുട്ടി പെട്ടെന്ന്…

കഴിഞ്ഞ ദിവസമാണ് കായംകുളഞ്ഞെ വിഷ്ണുപ്രിയ എന്ന 17 കാരി കുളത്തില്‍ ചാടി ജീവന്‍ അവസാനിപ്പിച്ചത്. ഭിന്നശേഷിക്കാരായ അച്ഛനും അമ്മയ്ക്കും കൈത്താങ്ങായി ഉണ്ണിയപ്പം വിറ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു വിഷ്ണുപ്രിയ. ജീവിതസാഹചര്യങ്ങളില്‍ തന്റേടത്തോടെ നേരിട്ട പെണ്‍കുട്ടി പെട്ടെന്ന് ജീവിതം അവസാനിപ്പിച്ചത് പ്രിയപ്പെട്ടവര്‍ക്ക് ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.

അതിന്റെ കാരണങ്ങള്‍ തേടിയപ്പോഴാണ് വിഷ്ണുപ്രിയ കടന്നുപോയ ഗുരുതരമായ മാനസികാവസ്ഥ പുറത്തറിയുന്നത്. മകളുടെ മരണ ശേഷമാണ് ഭിന്നശേഷിക്കാരായ അച്ഛനും അമ്മയും അതൊക്കെ അറിയുന്നത്. ബന്ധുവായ യുവാവിന്റെ മാനസിക പീഡനത്താലാണ് 17ാം വയസ്സില്‍ സ്വപ്‌നങ്ങള്‍ അവസാനിപ്പിച്ച് അവള്‍ യാത്രയായത്. വിഷ്ണുപ്രിയയുടെ അച്ഛനും കസിനും മാധ്യമങ്ങള്‍ക്ക് നല്‍കിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ പങ്കുവച്ചിരിക്കുകയാണ് അഞ്ജു പാര്‍വതി പ്രബീഷ്.

ആ പൊന്നുമോളുടെ ആത്മഹത്യക്ക് പിന്നിലെ കാരണം അച്ഛന്‍ തന്നെ വെളിപ്പെടുത്തുന്ന വീഡിയോ കണ്ടു. എന്ത് എഴുതണം എന്നറിയില്ല. കുഞ്ഞിന്റെ ബന്ധുവില്‍ നിന്നുള്ള മാനസികവും ശാരീരികവുമായ പീഡനം കാരണം ആ മോള്‍ ആത്മഹത്യയില്‍ അഭയം തേടി. ഒരു നെറികെട്ടവന്റെ കുബുദ്ധി ഒരു കുഞ്ഞിനെ ഇല്ലാതെയാക്കി.

ജീവിതത്തിലെ സാമ്പത്തിക പരാധീനതകളെ ബോള്‍ഡ് ആയി നേരിട്ട ഒരു മോള്‍ ഒരുത്തന്റെ ഭീഷണിക്ക് മുന്നില്‍ പകച്ചു പോയി കാണണം. അവന്റെ ബ്ലാക് മെയിലിനു മുന്നില്‍ പിടിച്ചു നില്‍ക്കുവാന്‍ ആ മോള്‍ക്ക് കഴിഞ്ഞു കാണില്ല. അതിന്റെ ഒരു കാരണം അവള്‍ ജീവന് തുല്യം സ്‌നേഹിക്കുന്ന മാതാപിതാക്കള്‍ തനിക്ക് പറ്റിയ പിഴവ് അറിഞ്ഞാല്‍ ചങ്ക് പൊട്ടുമെന്ന് ഓര്‍ത്തിട്ടാവും. പക്ഷേ ആ മോള്‍ അറിയുന്നില്ലല്ലോ ഒരു നിമിഷത്തെ പൊട്ട ബുദ്ധി കൊണ്ട് അവള്‍ ആ മാതാപിതാക്കള്‍ക്ക് നല്‍കിയത് ഒരു ആയുഷ്‌കാലത്തെ തീരാനോവാണ്.

കുട്ടി മരണപ്പെട്ടപ്പോള്‍ മാത്രമാണ് കൂട്ടുകാരികളില്‍ നിന്നും ആ അച്ഛനും ബന്ധുക്കളും ഇതൊക്കെ അറിയുന്നത്. അപ്പോള്‍ മാത്രമാണ് ആ കുഞ്ഞുങ്ങളും ഈ ബ്ലാക്ക് മെയിലിങ് സംഭവം തുറന്ന് പറയുന്നതും. നേരത്തെ അറിഞ്ഞിരുന്നുവെങ്കില്‍ ഒരുപക്ഷെ ആ അച്ഛന്‍ മകളെ ശകാരിക്കുമായിരിക്കാം. എന്നിരുന്നാലും അവള്‍ക്ക് ഇങ്ങനെ ഒരു കടുംകൈ ചെയ്യേണ്ടി വരുമായിരുന്നില്ല.

പൊന്നു മക്കളേ, തെറ്റ് മനുഷ്യസഹജമാണ്. എത്രയൊക്കെ നേരെ നടന്നാലും ചിലപ്പോഴെങ്കിലും നമ്മള്‍ കുഴികളില്‍ വീണേക്കാം. ചിലര്‍ തള്ളി ഇട്ടേക്കാം. പക്ഷേ ആ വീഴ്ച ഒന്നിന്റെയും അവസാനം അല്ല. തള്ളി ഇടുന്നവര്‍ അതിന്റെ പേരില്‍ വീണ്ടും വീഴ്ത്താന്‍ വന്നാല്‍ പേടിച്ചു പോകരുത്. സധൈര്യം മുന്നോട്ട് പോകുക. നിങ്ങളുടെ ഫോട്ടോയോ വീഡിയോയോ ഒരുത്തന്റെ കയ്യില്‍ ഉണ്ടെന്ന് കരുതി നിങ്ങള്‍ക്കൊരു ചുക്കും സംഭവിക്കില്ല കുഞ്ഞുങ്ങളേ.

AI കാലഘട്ടത്തില്‍ ഇന്ന് ആര്‍ക്ക് വേണമെങ്കിലും കൃത്രിമമായി എന്തും ചെയ്യാം എന്നിരിക്കെ ഒരു ഫോട്ടോ കൈവശം വച്ച് ഉമ്മാക്കി കാണിച്ചാല്‍ പോടാ പുല്ലേ എന്ന attitude ഇട്ട് നില്‍ക്കുക. ഇനി അവന്‍ അത് സമൂഹമാധ്യമങ്ങളില്‍ ഇടും എന്ന് ഭീഷണിപ്പെടുത്തിയാല്‍ ധൈര്യമായി ഇടാന്‍ പറയുക. ഇതെല്ലാം വീട്ടുകാരോടും പറയുക. വീട്ടില്‍ ഇതറിയുമ്പോള്‍ ചെറിയ പൊട്ടിത്തെറിയൊക്കെ ഉണ്ടാവാം. അത് സ്വാഭാവികം. പക്ഷെ അതോടെ നിങ്ങള്‍ അതുവരെ നേരിട്ടിരുന്ന trauma യ്ക്ക് അറുതി ആവും. ഇത്രയൊക്കെ നിങ്ങളെ വളര്‍ത്തി വലുതാക്കിയ മാതാപിതാകള്‍ക്ക് അതില്‍ വിഷമം ഉണ്ടാവുമെങ്കിലും ഒരിക്കലും പരുന്തിന്‍ കാലില്‍ റാഞ്ചാന്‍ അവര്‍ വിട്ടുകൊടുക്കില്ല.

വിഷ്ണുപ്രിയ പോലെ എത്രയോ കുഞ്ഞുങ്ങള്‍ ഓരോ നിമിഷവും വല്ലാത്ത ഭീതിയില്‍ ദിവസങ്ങള്‍ തള്ളി നീക്കുന്നുണ്ടാവും. ഒടുവില്‍ ഭയന്നു ഭയന്നു നില്‍ക്കകള്ളിയില്ലാതെ കുളത്തിലും ഒരു തുണ്ട് കയറിലും ഒക്കെ അഭയം കണ്ടെത്തും. അപ്പോഴും അതിന് പ്രേരിപ്പിച്ചവന്‍ ഈ സമൂഹത്തില്‍ മാന്യതയുടെ മേലങ്കിയും ഇട്ട് അടുത്ത ഇരയെ തേടും. ഇന്നലെ രാത്രി വരെ ഈ മോളുടെ ആത്മഹത്യയുടെ കാരണം വ്യക്തം അല്ലായിരുന്നു. ഇപ്പോള്‍ അത് വ്യക്തമാണ്. ഇനി വേണ്ടത് അവള്‍ക്ക് നീതിയാണ്. സമഗ്രമായ അന്വേഷണം ആവശ്യമാണ്.

ആരാണ് അവന്‍ എന്ന് സമൂഹം അറിയണം. അവിടുത്തെ നാട്ടുകാര്‍ ഒന്നിച്ചു ഒരു ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കണം. എന്തായാലും പട്ടിണി കൊണ്ടല്ല ആ മോള്‍ ആത്മഹത്യ ചെയ്തത് എന്ന് വ്യക്തമായി. ഇല്ലായ്മ ഉണ്ടെങ്കിലും അതിനെ അവര്‍ തരണം ചെയ്യുക ആയിരുന്നു. പഠിക്കാന്‍ മിടുക്കി ആയിരുന്ന മോള്‍ LLB അഡ്മിഷനും നേടിയിരുന്നു. ആത്മഹത്യ കുറിപ്പിലും വീട്ടുകാരെ ജീവന് തുല്യം സ്‌നേഹിക്കുന്നു എന്ന് എഴുതിയിരിക്കുന്നു.

അതിന്റെ എല്ലാം അര്‍ത്ഥം നല്ലൊരു ജീവിതം സ്വപ്നം കണ്ടിരുന്ന, വീട്ടുകാര്‍ക്ക് വേണ്ടി അധ്വാനിച്ചു മുന്നേറാന്‍ കൊതിച്ചിരുന്ന ഒരു പെണ്‍കുട്ടിയെ മരണത്തിലേയ്ക്ക് ഒരുവന്‍ തള്ളി വിടുകയായിരുന്നു എന്ന് മാത്രമാണ്. അവള്‍ക്ക് വേണ്ടി നമ്മള്‍ക്ക് ചെയ്യുവാന്‍ ഉള്ളത് അവനെ പൊതു സമൂഹത്തിന് മുന്നില്‍ തുറന്നു കാട്ടുക എന്നതും അവനു പരമാവധി ശിക്ഷ വാങ്ങി കൊടുക്കാന്‍ മുന്നില്‍ നില്‍ക്കുക എന്നതുമാണ്.