കാതല്‍ പോലെ മഹത്തായ കലാസൃഷ്ടി ഒരുക്കിയതിന് നന്ദി!!! അനൂപ് മേനോന്‍

മമ്മൂട്ടിയെയും ജ്യോതികയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി ഒരുക്കിയ ഇമോഷണല്‍ ചിത്രം കാതല്‍ മികച്ച പ്രതികരണമാണ് തിയ്യേറ്റില്‍ നേടിയത്. ഒടിടിയിലെത്തിയപ്പോഴും സോഷ്യല്‍മീഡിയയില്‍ നിറയെ കാതല്‍ ഹാഷ്ടാഗാണ് ട്രെന്‍ഡിങില്‍. എല്ലാവരും കുറിയ്ക്കുന്നത് കാതലിനെ കുറിച്ചാണ്. ഇപ്പോഴിതാ…

മമ്മൂട്ടിയെയും ജ്യോതികയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി ഒരുക്കിയ ഇമോഷണല്‍ ചിത്രം കാതല്‍ മികച്ച പ്രതികരണമാണ് തിയ്യേറ്റില്‍ നേടിയത്. ഒടിടിയിലെത്തിയപ്പോഴും സോഷ്യല്‍മീഡിയയില്‍ നിറയെ കാതല്‍ ഹാഷ്ടാഗാണ് ട്രെന്‍ഡിങില്‍. എല്ലാവരും കുറിയ്ക്കുന്നത് കാതലിനെ കുറിച്ചാണ്. ഇപ്പോഴിതാ നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോനും കാതലിനെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ്.

‘കാതല്‍ കണ്ടു. തെലുങ്കിലെയും ബോളിവുഡിലെയും ബുദ്ധിശൂന്യമായ മസാല സിനിമകളുടെ നിലവാരത്തിലേക്ക് മലയാള സിനിമ കൂപ്പുകുത്തുന്ന ഈ സമയത്ത് ഒരു യഥാര്‍ഥ സിനിമാസംവിധായകന്‍ എന്ന് വിളിക്കാന്‍ കഴിയുന്ന ജിയോ ബേബി തന്റെ അസാമാന്യ കഴിവുള്ള എഴുത്തുകാരായ ആദര്‍ശിനും പോള്‍സണിനും ഒപ്പം കെ.ജി. ജോര്‍ജിനെയും പത്മരാജനെയും ലോഹിതദാസിനെയും ഭരതനെയും എംടിയെയും പോലെ സര്‍ഗാധനന്മാരായ പ്രതിഭകള്‍ ചെയ്തുവച്ച മലയാളസിനിമയുടെ പൈതൃകവും ചാരുതയും വിളിച്ചോതുന്ന ഒരു സിനിമയാണ് സമ്മാനിച്ചിരിക്കുന്നത്.’

കാതലിലേത് പോലെ ഇത്രയും സൂക്ഷ്മമായ ഒരു വിഷയം ഇവര്‍ മൂവരും എത്ര സമര്‍ഥമായിട്ടാണ് വൈവിധ്യമുള്ളതും വിഭജിതമായ ഒരു സമൂഹത്തിനു മുന്നിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. മാത്യുവിന്റേയും ഓമനയുടേയും പ്രണയം ഭൗതികതയ്ക്ക് അതീതമാണ്. ഓമന വീട്ടില്‍ നിന്ന് പോയതിന് ശേഷം ഏകാന്തമായി കിടക്കുന്ന അടുക്കളയിലേക്ക് മാത്യു നോക്കുന്ന ഷോട്ട് വേദനിപ്പിക്കുന്നതും നീറുന്നതുമാണ്,

മാത്യുവിന്റെ പ്രണയത്തിന് വേണ്ടി കൂടിയാണ് ഞാന്‍ പോരാടുന്നത് എന്ന് ഓമന പറയുമ്പോള്‍ അവളുടെ ഉദ്ദേശത്തിന്റെ സത്യസന്ധത നമ്മെ അത്ഭുതപ്പെടുത്തുന്നു. ഏച്ചുകെട്ടലു കളില്ലാത്തതാണ് കാതലിന്റെ പശ്ചാത്തല സംഗീതവും ഛായാഗ്രഹണവും എല്ലാം. മാത്യുവും തങ്കനും ഒരു വേനല്‍മഴയ്ക്കിടയില്‍ കണ്ടുമുട്ടുന്ന രംഗം സിനിമകളില്‍ നമ്മള്‍ കണ്ടതില്‍ വെച്ച് ഏറ്റവും കാവ്യാത്മകമായ നിമിഷങ്ങളിലൊന്നാണ്. മമ്മൂക്കയുടെ താരപരിവേഷം ഇല്ലായിരുന്നെങ്കില്‍ ഇത്രയും വലിയ വിഭാഗം പ്രേക്ഷകരിലേക്ക് ഈ സിനിമ എത്തിക്കാന്‍ ജിയോയ്ക്ക് കഴിയുമായിരുന്നില്ല. കാതല്‍ പോലെ മഹത്തായൊരു കലാസൃഷ്ടി ഒരുക്കിയതിന് ഒരു തീവ്രസിനിമാ പ്രേമി നന്ദി പറയുന്നു… എന്നാണ് അനൂപ് മേനോന്‍ കുറിച്ചത്.