ലിജോ എന്താണ് ചെയ്തിരിക്കുന്നത്, മോഹന്‍ലാല്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതെങ്ങനെയെന്ന് അറിയാനാണ് പോകുന്നത്!!! അനുരാഗ് കശ്യപ്

ആരാധകലോകം കാത്തിരുന്ന മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടെ വാലിബന്‍ തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. വന്‍ പ്രീഹൈപ്പോടെയാണ് വാലിബന്‍ തിയ്യേറ്ററിലെത്തിയത്. പക്ഷേ ആ പ്രതീക്ഷ ചിത്രത്തിന് നിലനിര്‍ത്താനായിട്ടില്ലെന്നാണ് പ്രേക്ഷക പ്രതികരണങ്ങളേറെയും. ചിത്രത്തിനെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് ബോളിവുഡ് സംവിധായകന്‍…

ആരാധകലോകം കാത്തിരുന്ന മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടെ വാലിബന്‍ തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. വന്‍ പ്രീഹൈപ്പോടെയാണ് വാലിബന്‍ തിയ്യേറ്ററിലെത്തിയത്. പക്ഷേ ആ പ്രതീക്ഷ ചിത്രത്തിന് നിലനിര്‍ത്താനായിട്ടില്ലെന്നാണ് പ്രേക്ഷക പ്രതികരണങ്ങളേറെയും. ചിത്രത്തിനെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്.

പുതുമയുള്ള സിനിമയാണ് മലൈക്കോട്ടൈ വാലിബന്‍. തനിക്ക് വളരെ അധികം ഇഷ്ടപ്പെട്ടു എന്നും അനുരാഗ് കശ്യപ് പറയുന്നു. ചിത്രത്തെ മുന്‍വിധിയോടെ സമീപിച്ചതാണ് ആരാധകര്‍ നിരാശരാകാന്‍ കാരണം. ഡോണ്‍ പാലത്തറയുടെ ‘ഫാമിലി’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചിന് കൊച്ചിയില്‍ എത്തിയതായിരുന്നു സംവിധായകന്‍.

മലൈക്കോട്ടെ വാലിബനെതിരെ കൂട്ടായ ആക്രമണം നടക്കുന്നതായി കേള്‍ക്കുന്നു. ആരാധകര്‍ വളരെ നിരാശരാണെന്നാണ് പറയുന്നത്. ഞാന്‍ കാണാന്‍ പോകുന്ന സിനിമ ഇങ്ങനെയാണെന്ന് കരുതിയാണ് അവര്‍ തിയേറ്ററില്‍ വരുന്നത്. മുന്‍വിധിയാണ് ഏറ്റവും വലിയ പ്രശ്‌നമാകുന്നതെന്നും അദ്ദേഹം പറയുന്നു.

താന്‍ സിനിമയ്ക്ക് പോകുന്നത് ശൂന്യമായ മനസ്സുമായാണ്. ഞാന്‍ മലൈക്കോട്ടൈ വാലിബന്‍ കാണാനാണ് പോകുന്നത്, അങ്കമാലി ഡയറീസല്ല. ലിജോ ഇത്തവണ എന്താണ് ചെയ്തിരിക്കുന്നതെന്ന് അറിയാനാണ് ഞാന്‍ സിനിമയ്ക്ക് കയറുന്നത്. എങ്ങനെയാണ് മോഹന്‍ലാല്‍ ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതെന്ന് അറിയാനാണ്. നിങ്ങള്‍ ഒരാളുടെ വീട്ടില്‍ ചെന്നിട്ട് മസാലദോശയും സാമ്പാറും തരുമ്പോള്‍ ഞാന്‍ ബീഫാണ് പ്രതീക്ഷിച്ചതെന്ന് പറയുന്നത് പോലെയാണ്. അത് സിനിമയെന്ന വ്യവസായത്തെയാണ് ബാധിക്കുന്നത്. ഈ ലിജോയെയോ മോഹന്‍ലാലിനെയോ അല്ല പ്രതീക്ഷിച്ചതെന്ന് പറയുമ്പോള്‍ പ്രശ്‌നം നിങ്ങളാണ്. മോഹന്‍ലാലും ലിജോയുമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സോഷ്യല്‍ മീഡിയയിലെ എല്ലാവരും സിനിമാ നിരൂപകരാണ്. താന്‍ സിനിമയെ ഗൗരവമായി സമീപിക്കുന്ന ഫിലിം ക്രിട്ടിക്കുകളെ മാത്രമേ ശ്രദ്ധിക്കാറുള്ളൂ. മറ്റെല്ലാം അഭിപ്രായങ്ങളാണ്. ആളുകള്‍ക്ക് അഭിപ്രായങ്ങളുണ്ടാകാം. കൂട്ടായ ആക്രമണം സിനിമയുടെ ബിസിനസിനെ തകര്‍ക്കും. എന്നാല്‍, അതുകൊണ്ട് നല്ല സിനിമയുടെ മൂല്യം ഇല്ലാതാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വാലിബന്റെ ഹിന്ദി റീമേക്കില്‍ മോഹന്‍ലാലിന് ശബ്ദം നല്‍കിയിരിക്കുന്നത് അനുരാഗ് കശ്യപാണ്. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അഭിമാന നിമിഷമാണെന്നും സിനിമ ഇഷ്ടപ്പെട്ടാണ് അനുരാഗ് കശ്യപ് ഡബ്ബ് ചെയ്യാന്‍ തീരുമാനിച്ചതെന്നും താരം പറയുന്നു.