എല്ലാവരും ചെയ്യുന്നത് ഒരേ ജോലി! സിനിമയില്‍ ആണിനും പെണ്ണിനും തുല്ല്യ വേതനം വേണം അപര്‍ണ ബാലമുരളി

സിനിമയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സ്ത്രീപുരുഷ ഭേദമില്ലാതെ തുല്യവേതനത്തിന് അര്‍ഹതയുണ്ടെന്ന് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ നടി അപര്‍ണ ബാലമുരളി. എല്ലാവരും ചെയ്യുന്നത് ഒരേ ജോലിയാണെന്നും അതില്‍ വിവേചനം കാട്ടേണ്ട ആവശ്യമില്ല. താന്‍ വലിയ പ്രതിഫലം…

സിനിമയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സ്ത്രീപുരുഷ ഭേദമില്ലാതെ തുല്യവേതനത്തിന് അര്‍ഹതയുണ്ടെന്ന് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ നടി അപര്‍ണ ബാലമുരളി. എല്ലാവരും ചെയ്യുന്നത് ഒരേ ജോലിയാണെന്നും അതില്‍ വിവേചനം കാട്ടേണ്ട ആവശ്യമില്ല. താന്‍ വലിയ പ്രതിഫലം വാങ്ങാത്തത് കൊണ്ടു തന്നെ അതു കുറയ്‌ക്കേണ്ട കാര്യമില്ലെന്നും അപര്‍ണ മാധ്യമങ്ങളോട് പറഞ്ഞു.

ഞാന്‍ പ്രതിഫലം കുറച്ചാല്‍ മലയാള സിനിമയിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ കുറയുമോ. ആരെയും ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ കാശ് ഞാന്‍ വാങ്ങാറില്ല. കൊവിഡ് കഴിഞ്ഞതിന് ശേഷം ഇന്റസ്ട്രിയില്‍ കഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി സിനിമകള്‍ ചെയ്യാറുണ്ട്. അങ്ങനെയുള്ള കാര്യങ്ങള്‍ക്ക് തീര്‍ച്ചയായും ഞാനെന്റെ സാലറി നോക്കാറില്ല. സമൂഹത്തിനു വേണ്ടിയുള്ള സിനിമകളാണെങ്കില്‍ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാണെന്നും അപര്‍ണ പറഞ്ഞു.

സിനിമകളിലും നായകനും നായികയ്ക്കും തുല്യ പ്രാധാന്യമുണ്ടാകണം. സ്ത്രീ കേന്ദ്രീകൃത സിനിമകളില്‍ മാത്രമല്ല, അങ്ങനെയല്ലാത്ത സിനിമകളിലും സ്ത്രീ കഥാപാത്രങ്ങള്‍ക്കു പ്രാധാന്യമുണ്ടാകണം. മേക്കപ് ആര്‍ട്ടിസ്റ്റിന് സിനിമാ സംഘടനയില്‍ ആദ്യമായി അംഗത്വം കൊടുത്തതു വിപ്ലവകരമായ മാറ്റമാണ് എന്നും അപര്‍ണ പറഞ്ഞു.

സൂരരൈ പോട്രില്‍ നടന്‍ സൂര്യക്കൊപ്പം ശക്തമായ കഥാപാത്രത്തെ ലഭിച്ചത് ഭാഗ്യമാണെന്നും അപര്‍ണ പറഞ്ഞു. അവാര്‍ഡ് ലഭിച്ചതില്‍ മലയാള സിനിമാ രംഗത്തുനിന്നടക്കം ഒരുപാടുപേര്‍ വിളിച്ച് അഭിനന്ദിച്ചെന്നും അപര്‍ണ പറഞ്ഞു. മഹേഷിന്റെ പ്രതികാരത്തിലെ ജിംസി എന്ന കഥാപാത്രത്തിലൂടെയാണ് അപര്‍ണ അഭിനയരംഗത്ത് ശ്രദ്ധനേടിയത്.