സൂര്യ പിന്മാറി, പകരം വന്നത് അരുൺ വിജയ്; ബാല സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടീസർ പുറത്ത്

ബാല സംവിധാനം ചെയ്യുന്ന വണങ്കാൻ ചിത്രത്തിന്റെ ടീസർ പുറത്ത്. സൂര്യയെ നായകനായി പ്രഖ്യാപിച്ച്‌ ഷൂട്ടിങ് തുടങ്ങുകയും പിന്നീട് അദ്ദേഹം പിന്മാറുകയും ചെയ്തതിനാൽ വാർത്തകളിൽ ഇടം നേടിയ ചിത്രമാണ് വണങ്കാൻ. സൂര്യക്ക് പകരം അരുൺ വിജയ്…

ബാല സംവിധാനം ചെയ്യുന്ന വണങ്കാൻ ചിത്രത്തിന്റെ ടീസർ പുറത്ത്. സൂര്യയെ നായകനായി പ്രഖ്യാപിച്ച്‌ ഷൂട്ടിങ് തുടങ്ങുകയും പിന്നീട് അദ്ദേഹം പിന്മാറുകയും ചെയ്തതിനാൽ വാർത്തകളിൽ ഇടം നേടിയ ചിത്രമാണ് വണങ്കാൻ. സൂര്യക്ക് പകരം അരുൺ വിജയ് ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. സംവിധായകൻ ബാല- അരുൺ വിജയ് ഒന്നിക്കുന്ന ആദ്യ ചിത്രമാണിത്. ശ്ചാത്തലസംഗീതത്തിന്റെ മാത്രം അകമ്പടിയോടുള്ള ടീസർ ശ്രദ്ധിക്കപ്പെട്ട് കഴിഞ്ഞു. ആക്ഷൻ ചിത്രമാണെന്നാണ് ടീസറിൽ നിന്ന് വ്യക്തമാകുന്നത്.

റോഷ്‌നി പ്രകാശ്, സമുദ്രക്കനി, മിഷ്‌കിൻ, റിദ്ധ, ഛായാ ദേവി, ബാല ശിവജി, ഷണ്മുഖരാജൻ, യോഹാൻ ചാക്കോ തുടങ്ങിയവരാണ് മറ്റുപ്രധാനവേഷങ്ങളിൽ. ബാലതന്നെയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ജി.വി. പ്രകാശാണ് സംഗീതസംവിധാനം. ആർ.ബി. ഗുരുദേവ് ഛായാഗ്രഹണവും സതീഷ് സൂര്യ എഡിറ്റിങ്ങും സിൽവ സംഘട്ടനസംവിധാനവും നിർവഹിക്കുന്നു. ആർ.കെ. നാഗുവാണ് കലാസംവിധായകൻ. നേരത്തേ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ വൈറലായി മാറിയിരുന്നു. ഒരു കയ്യിൽ പെരിയോറുടെ ശിൽപ്പവും മറുകയ്യിൽ ഗണപതി വിഗ്രഹവും ഏന്തിനിൽക്കുന്ന നായകനായിരുന്നു പോസ്റ്ററിൽ. ഈ രംഗം ടീസറിലും ഉൾപ്പെടുത്തിയിട്ടുണ്ട്.