കാറിനേയും ഗൗരിയേയും പ്രണയിക്കാന്‍ മഹേഷ്; ആസിഫും മംമ്തയും ഒന്നിക്കുന്നു

നീണ്ട ഇടവേളക്കുശേഷം ആസിഫ് അലിയും മംമ്താ മോഹന്‍ദാസും ഒന്നിക്കുന്നു. പ്രശസ്ത തിരക്കഥാകൃത്ത് സേതു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഫെബ്രുവരി അഞ്ചിന് ആരംഭിക്കും. മണിയന്‍ പിള്ള രാജുപ്രൊഡക്ഷന്‍സ് ഇന്‍ അസ്സോസ്സിയേഷന്‍ വിത്ത്…

നീണ്ട ഇടവേളക്കുശേഷം ആസിഫ് അലിയും മംമ്താ മോഹന്‍ദാസും ഒന്നിക്കുന്നു. പ്രശസ്ത തിരക്കഥാകൃത്ത് സേതു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഫെബ്രുവരി അഞ്ചിന് ആരംഭിക്കും. മണിയന്‍ പിള്ള രാജുപ്രൊഡക്ഷന്‍സ് ഇന്‍ അസ്സോസ്സിയേഷന്‍ വിത്ത് വി.എസ്.എല്‍.ഫിലിംഹൗസിന്റ ബാനറില്‍ മണിയന്‍ പിള്ള രാജു ആണ് നിര്‍മ്മാണം.

മഹേഷ് എന്ന തികച്ചും സാധാരണക്കാരനായ ഒരു യുവാവിന് രണ്ടു പ്രണയമാണുണ്ടാകുന്നത് ഒരു മാരുതി കാറിനോടും ഗൗരി എന്ന പെണ്‍കുട്ടിയോടുമാണ്. 1983ല്‍ ജോലി ചെയ്തിരുന്ന മഹേഷിന്റെ അച്ഛന്‍ പന്മനാഭന്‍ ഒട്ടും ഗതാഗത യോഗ്യമല്ലാത്ത ചെറുതോണിത്തുരുത്ത് എന്ന തന്റെ നാട്ടില്‍ സുന്ദരിയെന്ന് വിശേഷിപ്പിക്കാവുന്ന ഒരു മാരുതിക്കാറുമായി എത്തുന്നു. അച്ഛന്‍ കൊണ്ടുവന്ന മാരുതിക്കാറുമായി മഹേഷിന്റ പ്രണയമാണ് ചിത്രത്തിലുടനീളം നിറഞ്ഞു നില്‍ക്കുന്നത്. ഇതിനോടൊപ്പം ഗൗരി എന്ന ഒരു പെണ്‍കുട്ടിയും അവന്റെ ജീവിതത്തിന് നിറപ്പകിട്ടേകി. അങ്ങനെ മഹേഷിന് രണ്ടു പ്രണയം. ഒന്ന് മാരുതിക്കാര്‍, മറ്റൊന്ന് ഗൗരി – ഒരു ട്രയാംഗിള്‍ പ്രണയം. ഈ പ്രണയമാണ് നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെയും കുടുംബ പശ്ചാത്തലത്തിലൂടെയും അവതരിപ്പിക്കുന്നത്.

ആയിരത്തിത്തൊള്ളായിരത്തി എണ്‍പത്തിമൂന്നില്‍ ഇന്ദിരാഗാന്ധി അവതരിപ്പിച്ച മാരുതി കാര്‍ ഷോറൂമില്‍ നിന്ന് ഇറക്കിയ അതേ കണ്ടീഷനിലും രൂപത്തിലുമൊക്കെ ഒരു മാറ്റവുമില്ലാതെ തന്നെയാണ് ഈ ചിത്രത്തിനു വേണ്ടി ഉപയോഗിക്കുന്നത്. അതിനായി മാരുതിക്കമ്പനി അതു പുതുക്കിപ്പണിയുവാന്‍ ഏറെ സഹായിച്ചുവെന്ന് സംവിധായകന്‍ പറയുന്നു.