കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിങ്ങ് റിലീസ് മാറ്റി വച്ചു

ശരത് ജി മോഹന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ത്രില്ലര്‍ ചിത്രം കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിങ്ങ് റിലീസ് മാറ്റി വച്ചു. യുവനടന്‍ ധീരജ് ഡെന്നി നായകനായെത്തുന്ന ചിത്രം കോവിഡ് വ്യാപനം രൂക്ഷമാവുകയും അഞ്ച് ജില്ലകള്‍ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തതോടെയാണ് റിലീസ് മാറ്റിവെച്ചത്. പുതിയ റിലീസ് തീയതി പിന്നീട് അറിയിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഫാമിലി-ക്രൈം ത്രില്ലര്‍ ചിത്രമായ കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ് ഫസ്റ്റ് പേജ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മോനു പഴേടത്താണ് നിര്‍മ്മിക്കുന്നത്.

ആദ്യാ പ്രസാദാണ് ചിത്രത്തിലെ നായിക. ഇന്ദ്രന്‍സ്, നന്ദു, ജോയി മാത്യു, ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. രഞ്ജിന്‍ രാജാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. റഫീഖ് അഹമ്മദ്, ബി കെ ഹരിനാരായണന്‍, അജീഷ് ദാസന്‍, ശരത് ജി മോഹന്‍ തുടങ്ങിയവര്‍ ചിത്രത്തിനായി വരികളെഴുതിയിട്ടുണ്ട്. ഉണ്ണിമേനോന്‍, കെ എസ് ഹരിശങ്കര്‍, കണ്ണൂര്‍ ഷരീഫ്, സിയ ഉള്‍ ഹഖ്, രഞ്ജിന്‍ രാജ് എന്നിവരാണ് ചിത്രത്തില്‍ പാടിയിരിക്കുന്നത്.