ആറാട്ട് കണ്ട് രണ്ട് മൂന്ന് ദിവസം കഴിഞ്ഞ് മറന്നേക്കൂ, അതിലെ ഫൈറ്റും ലാല്‍ സാറിനെയും ഇഷ്ടപ്പെടൂ: ബി ഉണ്ണികൃഷ്ണന്‍

റിലീസിന് മുമ്പ് വലിയ ഹൈപ്പ് സൃഷ്ടിക്കുകയും, എന്നാല്‍ തിയേറ്ററില്‍ എത്തിയതിന് ശേഷം പ്രേക്ഷകര്‍ക്ക് കാര്യമായ വിജയം കൈവരിക്കാന്‍ സാധിക്കാതെ പോവുകയും ചെയ്ത സിനിമയാണ് ആറാട്ട്. മോഹന്‍ലാലിന്റെ വേഷപ്പകര്‍ച്ചയിലൂടെ സിനിമയെ മുന്‍പോട്ട് കൊണ്ടുപോകാനുള്ള സംവിധായകന്‍ ബി.…

റിലീസിന് മുമ്പ് വലിയ ഹൈപ്പ് സൃഷ്ടിക്കുകയും, എന്നാല്‍ തിയേറ്ററില്‍ എത്തിയതിന് ശേഷം പ്രേക്ഷകര്‍ക്ക് കാര്യമായ വിജയം കൈവരിക്കാന്‍ സാധിക്കാതെ പോവുകയും ചെയ്ത സിനിമയാണ് ആറാട്ട്. മോഹന്‍ലാലിന്റെ വേഷപ്പകര്‍ച്ചയിലൂടെ സിനിമയെ മുന്‍പോട്ട് കൊണ്ടുപോകാനുള്ള സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്റെ ശ്രമങ്ങള്‍ പാളിപ്പോയതായി വലിയ വിമര്‍ശനങ്ങളാണ് സിനിമ റിലീസ്  ചെയ്തതിന് ശേഷം ഉയര്‍ന്നത്. ഇതാ ഒടുവില്‍ വിമര്‍ശനങ്ങളോട് പ്രതികരിക്കുകയാണ് സംവിധായകന്‍.

‘വെറുതെ നിങ്ങളെന്തിനാണ് വിശകലനം ചെയ്യുന്നത്. അതൊരു പാവം സിനിമയാണ്. കണ്ടിട്ട് രണ്ട് മൂന്ന് ദിവസം കഴിയുമ്പോള്‍ നിങ്ങള്‍ ആ സിനിമ മറന്നുകളഞ്ഞേക്ക്. വേണമെങ്കില്‍ ആ സിനിമയിലെ ഫൈറ്റ് ഇഷ്ടപ്പെട്ടു, ഫണ്‍ ഇഷ്ടപ്പെട്ടു, ലാല്‍ സാറിനെ ഇഷ്ടപ്പെട്ടു എന്നൊക്കെ പറഞ്ഞോ,’ ഉണ്ണികൃഷ്ണന്‍ പറയുന്നു.

‘വേണമെങ്കില്‍ നിങ്ങള്‍ ഒരിക്കല്‍ കൂടി ആ സിനിമ കണ്ടോ. കണ്ട് കഴിഞ്ഞാല്‍ എനിക്ക് സന്തോഷമാണ്. എന്തായാലും കടോം പലിശേമാണ്. അപ്പോള്‍ നിങ്ങള്‍ റിപ്പീറ്റായി വന്ന് കാണ്. അത്രേയുള്ളൂ. അല്ലാതെ ഇത് കണ്ടിട്ട് എന്നാലിതിന്റെ പൊളിറ്റിക്കല്‍ കറക്ട്നെസിനെ പറ്റി എഴുതിയേക്കാം, അങ്ങനെ ചെയ്യണമായിരുന്നു ഇങ്ങനെ ചെയ്യണമായിരുന്നു എന്നൊക്കെ പറഞ്ഞാല്‍ എനിക്കറിഞ്ഞുകൂടാ, അതിനെ വെറുതെ വിടുകയാണ് നല്ലതെന്ന് തോന്നുന്നു.

നിങ്ങളെന്ത് പറഞ്ഞാലും ഞാന്‍ കേള്‍ക്കും. കേള്‍ക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. ലാല്‍ സാറിന്റെ പ്രശസ്തമായ ഡയലോഗ് പോലെ കൊല്ലാതിരുന്നൂടെ,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.