
ബിഗ് ബോസ് മത്സരാർഥി ലോലിറ്റയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ ഉയരുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് കുടുംബം. ഗെയിം സ്പിരിറ്റിന്റെ അതിർവരമ്പുകൾ കടന്ന് 19 വയസുകാരിയായ ലോലിറ്റയെ മോശം ഭാഷയിൽ വ്യക്തിപരമായി അധിക്ഷേപിക്കരുതെന്ന് കുടുംബം അഭ്യർത്ഥിച്ചു. ലോലിറ്റയ്ക്കും ചില തെറ്റുകൾ സംഭവിച്ചിട്ടുണ്ടെന്നും അവരാൽ കൊമ്പനും ഷിജിനും ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ടെന്ന് മനസ്സിലാക്കുന്നതായും കുടുംബം വ്യക്തമാക്കി.
ലോലിറ്റയുടെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ച കുറിപ്പിലാണ് കുടുംബത്തിന്റെ പ്രതികരണം. ബിഗ് ബോസ് വേദിയിൽ മത്സരാർഥികൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളും സ്വഭാവപരമായ ഭിന്നതകളും ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അതിനെ ഗെയിമിന്റെ ഭാഗമായി ആരോഗ്യകരമായ രീതിയിൽ കാണണമെന്നും കുടുംബം പറഞ്ഞു.
ലോലിറ്റയെ പിന്തുണച്ച എല്ലാവർക്കും നന്ദി അറിയിച്ച കുടുംബം, നിലവിലെ സാഹചര്യത്തിൽ അവൾ മാനസികമായി ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നും വ്യക്തമാക്കി. ബിഗ് ബോസ് വീടിന് പുറത്തും ലോലിറ്റയ്ക്ക് ഒരു ജീവിതമുണ്ടെന്ന കാര്യം ഓർമിപ്പിച്ച കുടുംബം, അവർക്കെതിരായ ക്യാംപെയ്നുകളെയും എവിക്ട് ചെയ്യുന്നതിനായി മറ്റുള്ളവർക്ക് വോട്ട് ചെയ്യാനുള്ള ആഹ്വാനങ്ങളെയും ഗെയിമിന്റെ ഭാഗമായി കാണുന്നതായും വ്യക്തമാക്കി.
എന്നാൽ ഇത്തരം പ്രതിഷേധങ്ങൾ വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്കും മോശം ഭാഷയിലേക്കും മാറരുതെന്നാണ് കുടുംബത്തിന്റെ ആവശ്യം. ലോലിറ്റയ്ക്കും ചില തെറ്റുകൾ സംഭവിച്ചിട്ടുണ്ടെന്നും അതിന്റെ ഭാഗമായി കൊമ്പനും ഷിജിനും ബുദ്ധിമുട്ടുകൾ നേരിട്ടതായി മനസ്സിലാക്കുന്നുവെന്നും കുടുംബം പറഞ്ഞു. ഇവരുടെയും കുടുംബത്തിന്റെയും അവരെ പിന്തുണയ്ക്കുന്നവരുടെയും മനസ്സിനുണ്ടായ വിഷമത്തിൽ ക്ഷമാപണം നടത്തുന്നതായും കുറിപ്പിൽ വ്യക്തമാക്കി.
ലോലിറ്റയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ശക്തമായ എതിർപ്പ് ഉയരുന്ന സാഹചര്യത്തിൽ ഒരു കുടുംബമെന്ന നിലയിൽ അവളുടെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടുന്നത് സ്വാഭാവികമാണെന്നും കുടുംബം കൂട്ടിച്ചേർത്തു. വോട്ടിംഗിലൂടെ മത്സരാർഥികൾ പുറത്താകുന്നത് ഗെയിമിന്റെ ഭാഗമാണെന്നും എന്നാൽ അതിന്റെ പേരിൽ ലോലിറ്റയോ മറ്റേതെങ്കിലും മത്സരാർഥിയോ വ്യക്തിപരമായ ആക്രമണങ്ങൾക്കും അധിക്ഷേപങ്ങൾക്കും ഇരയാകരുതെന്നും കുടുംബം ആവശ്യപ്പെട്ടു.
ലോലിറ്റയുടെ ബിഗ് ബോസ് യാത്രയിൽ ഒപ്പം നിന്ന എല്ലാവർക്കും നന്ദി അറിയിച്ച കുടുംബം, അവളെ പിന്തുണച്ചവരോടൊപ്പം അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ചവരോടും ബഹുമാനമുണ്ടെന്നും വ്യക്തമാക്കി. അഭിപ്രായവ്യത്യാസങ്ങളെ വ്യക്തിപരമായ വിദ്വേഷമാക്കി മാറ്റാതെ ബിഗ് ബോസിനെ ഒരു ഗെയിമായി മാത്രം കാണണമെന്നും കുടുംബം അഭ്യർത്ഥിച്ചു.












