
ബിഗ് ബോസ് മലയാളം സീസണുകളിൽ പലതവണ ചർച്ചയായ പേരാണ് ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കലിന്റേത്. ഒടുവിൽ ബിഗ് ബോസ് മലയാളം സീസൺ 8ൽ മത്സരാർഥിയായി എത്തിയിരിക്കുകയാണ് ശ്രീലക്ഷ്മി. ഷോയിൽ തന്റെ ജീവിതത്തെക്കുറിച്ച് ശ്രീലക്ഷ്മി നടത്തിയ തുറന്നുപറച്ചിലും ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. തന്റെ കുട്ടിക്കാലത്തെയും കുടുംബപശ്ചാത്തലത്തെയും കുറിച്ച് സംസാരിക്കുന്നതിനിടെ അച്ഛനെക്കുറിച്ചും അദ്ദേഹത്തോടുള്ള തന്റെ നിലപാടിനെക്കുറിച്ചും ശ്രീലക്ഷ്മി തുറന്നുപറഞ്ഞു. അച്ഛനോടുള്ള വെറുപ്പാണ് തന്റെ പുരുഷവിരുദ്ധ നിലപാടുകൾക്ക് പിന്നിലെന്ന് പലരും വ്യാഖ്യാനിക്കുന്നതായും അവർ പറഞ്ഞു.
വിവാഹവുമായി ബന്ധപ്പെട്ട് അച്ഛൻ നിരവധി തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്നും അമ്മയുൾപ്പെടെ നിരവധി പേരെ അദ്ദേഹം വിവാഹം ചെയ്തിട്ടുണ്ടെന്നും ശ്രീലക്ഷ്മി ആരോപിച്ചു. അത്തരമൊരു കുടുംബപശ്ചാത്തലത്തിലാണ് താൻ വളർന്നതെന്നും അച്ഛനോടുള്ള വെറുപ്പ് ഇപ്പോഴും മനസ്സിലുണ്ടെന്നും അവർ വ്യക്തമാക്കി. തന്നെ പ്രസവിച്ച് ആറുമാസത്തിനുശേഷം അമ്മ കൂലിപ്പണിക്ക് പോയിരുന്നുവെന്നും വീട്ടിലെ കാര്യങ്ങൾ നോക്കുന്നതിൽ താനും ചെറുപ്പം മുതലേ പങ്കാളിയായിരുന്നുവെന്നും ശ്രീലക്ഷ്മി പറഞ്ഞു. പെയിന്റിങ്, റബർ ടാപ്പിങ് തുടങ്ങിയ ജോലികൾ ഉൾപ്പെടെ അമ്മ ചെയ്തിരുന്ന വിവിധ ജോലികളും അവർ ഓർത്തെടുത്തു. അമ്മയെ കണ്ടാണ് ജീവിതത്തിലെ കാര്യങ്ങൾ സ്വയം ചെയ്യാനുള്ള ആത്മവിശ്വാസം ലഭിച്ചതെന്നും ശ്രീലക്ഷ്മി കൂട്ടിച്ചേർത്തു.
പഠനത്തിലും താൻ മികവ് പുലർത്തിയിരുന്നുവെന്ന് ശ്രീലക്ഷ്മി പറയുന്നു. ബി.എസ്.സി ഫിസിക്സിൽ റാങ്ക് നേടിയതടക്കമുള്ള നേട്ടങ്ങളെ തന്റെ അതിജീവനത്തിന്റെ ഭാഗമായാണ് അവർ വിശേഷിപ്പിച്ചത്. സ്കൂളിൽ ചേർന്ന കാലം മുതൽ പഠനത്തിൽ മുന്നിലെത്തിയിരുന്നത് അമ്മയ്ക്ക് ആത്മവിശ്വാസം നൽകിയെന്നും ശ്രീലക്ഷ്മി പറഞ്ഞു. തന്റെ ജനനം തന്നെയാണ് ജീവിതത്തെ ഏറ്റവും കൂടുതൽ മാറ്റിമറിച്ചതെന്നും പ്രതികൂല സാഹചര്യങ്ങളാണ് തന്നെ ഇന്നത്തെ നിലയിലേക്ക് എത്തിച്ചതെന്നും ബിഗ് ബോസ് വേദിയിൽ ശ്രീലക്ഷ്മി പറഞ്ഞു. വ്യക്തിജീവിതത്തിലെ അനുഭവങ്ങൾ തുറന്നുപറഞ്ഞ ശ്രീലക്ഷ്മിയുടെ വാക്കുകൾ സോഷ്യൽ മീഡിയയിലും ചർച്ചയായിട്ടുണ്ട്.












