ബിഗ് ബോസ് മലയാളം സീസൺ 8 കൂടുതൽ ആവേശകരമായ ഘട്ടത്തിലേക്ക് കടക്കുകയാണ്. ഓരോ ദിവസവും വ്യത്യസ്തമായ ടാസ്കുകളും അപ്രതീക്ഷിത സംഭവങ്ങളുമായി മുന്നേറുന്ന ഷോയിൽ മത്സരാർത്ഥികൾക്കായി മറ്റൊരു വമ്പൻ സർപ്രൈസ് ഒരുക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. മുൻ സീസണുകളിലെ ശ്രദ്ധേയരായ താരങ്ങളെ വീണ്ടും ബിഗ് ബോസ് ഹൗസിലെത്തിക്കാനാണ് നീക്കം.
സാധാരണയായി മത്സരത്തിന്റെ പകുതിയോട് അടുക്കുമ്പോൾ മുൻ സീസണുകളിലെ മത്സരാർത്ഥികളെ അതിഥികളായി ഹൗസിലേക്ക് ക്ഷണിക്കുന്ന പതിവുണ്ട്. ഇത്തവണ ആ പതിവ് കൂടുതൽ വിപുലമാക്കുകയാണ് ബിഗ് ബോസ്. മുൻ സീസണുകളിലെ ടൈറ്റിൽ ജേതാക്കളും ജനപ്രീതി നേടിയ മത്സരാർത്ഥികളും ഉൾപ്പെടെ നിരവധി പേരാണ് ഇത്തവണ ഹൗസിലേക്ക് എത്തുന്നത്.
ഇതിന്റെ സൂചനകൾ നൽകുന്ന പ്രമോ വീഡിയോ കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. അഖിൽ മാരാർ, ജാസ്മിൻ ജാഫർ, ജിന്റോ, അനീഷ്, വിഷ്ണു, നൂറ, ബ്ലെസ്ലി, റിയാസ് എന്നിവരാണ് ഹൗസിലേക്ക് എത്തുന്ന മുൻ മത്സരാർത്ഥികൾ. പഴയ കളികൾ ആവർത്തിക്കാനല്ല, മറിച്ച് പുതിയ മത്സരാർത്ഥികൾക്ക് ചില പാഠങ്ങൾ പകർന്നുനൽകാനാണ് തങ്ങളുടെ തിരിച്ചുവരവെന്നാണ് പ്രമോയിൽ ഇവർ വ്യക്തമാക്കുന്നത്.
ആരാണ് യഥാർത്ഥ ലെജൻഡ്സ് എന്ന് നിലവിലെ മത്സരാർത്ഥികൾക്ക് മനസ്സിലാക്കിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രത്യേക എൻട്രി ഒരുക്കിയിരിക്കുന്നതെന്നാണ് പ്രമോ നൽകുന്ന സൂചന. വീഡിയോയുടെ അവസാന ഭാഗത്ത് ഷോയുടെ അവതാരകനായ മോഹൻലാലും പ്രത്യക്ഷപ്പെടുന്നുണ്ട്. ഹൗസിലെത്തി പണി മേടിക്കാതെ പോകാൻ നോക്കണമെന്നും കളി കഴിയുമ്പോൾ ആരാണ് യഥാർത്ഥ ലെജൻഡ്സ് എന്ന് തീരുമാനിക്കാമെന്നുമാണ് മോഹൻലാലിന്റെ രസകരമായ മുന്നറിയിപ്പ്.
സീസൺ ആരംഭിച്ചത് മുതൽ ശക്തരായ മത്സരാർത്ഥികളുടെ അഭാവം സംബന്ധിച്ച് വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ മുൻ സീസണുകളിലെ കരുത്തരായ താരങ്ങളുടെ വരവ് നിലവിലെ മത്സരാർത്ഥികൾക്ക് വലിയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ. ഇവരുടെ സാന്നിധ്യം ഹൗസിലെ മത്സരാന്തരീക്ഷം കൂടുതൽ ചൂടുപിടിപ്പിക്കുമോ എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ.പഴയ താരങ്ങളുടെ തന്ത്രങ്ങളും അനുഭവസമ്പത്തും പുതിയ മത്സരാർത്ഥികളുടെ കളിയെ എങ്ങനെ സ്വാധീനിക്കുമെന്നതാണ് ഇനി അറിയേണ്ടത്. എന്തായാലും ബിഗ് ബോസ് ഹൗസിൽ വരും ദിവസങ്ങളിൽ തീപാറുന്ന പോരാട്ടങ്ങൾ പ്രതീക്ഷിക്കാം.
