‘ബിഗ് ബോസ് സീസൺ 7ലെ വിജയി അനുമോൾ തന്നെ, അതിൽ മാറ്റമില്ല’; വിമർശനങ്ങൾക്ക് മറുപടിയുമായി താരം

‘ബിഗ് ബോസ് സീസൺ 7ലെ വിജയി അനുമോൾ തന്നെ, അതിൽ മാറ്റമില്ല’; വിമർശനങ്ങൾക്ക് മറുപടിയുമായി താരം

ബിഗ് ബോസ് മലയാളം സീസൺ 7 വിജയിയായ അനുമോൾക്കെതിരെ ഉയർന്ന പിആർ ആരോപണങ്ങളും വിജയത്തെച്ചൊല്ലിയുള്ള ചർച്ചകളും വീണ്ടും സജീവമായിരിക്കെ, വിമർശനങ്ങൾക്ക് മറുപടിയുമായി താരം രംഗത്ത്. ബിഗ് ബോസ് വിജയിയായതിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അനുമോൾ തന്റെ നിലപാട് വ്യക്തമാക്കിയത്.

2025 ഓഗസ്റ്റ് 2 മുതൽ നവംബർ 9 വരെ നീണ്ടുനിന്ന ബിഗ് ബോസ് യാത്ര ജീവിതത്തിലെ മറക്കാനാകാത്ത അനുഭവമാണെന്ന് അനുമോൾ കുറിച്ചു. ചിരിയും കണ്ണീരും വഴക്കുകളും നിരവധി പ്രതിസന്ധികളും നിറഞ്ഞ ആ 100 ദിവസങ്ങൾ ഇന്നും സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് ഓർക്കുന്നതെന്നും താരം പറഞ്ഞു.

ബിഗ് ബോസ് ഹൗസിൽ താൻ എങ്ങനെയാണ് പെരുമാറിയതെന്നും എന്തൊക്കെയാണ് ചെയ്തതെന്നും തനിക്ക് വ്യക്തമായി അറിയാമെന്നും 24 മണിക്കൂറും ലൈവ് കണ്ട പ്രേക്ഷകർക്കും അതറിയാമെന്നും അനുമോൾ വ്യക്തമാക്കി. മുൻകൂട്ടി ആസൂത്രണം ചെയ്തോ കാര്യങ്ങൾ പഠിച്ചോ അല്ല താൻ ഷോയിൽ പങ്കെടുത്തത്. നന്നായി മത്സരിക്കണമെന്നും തന്റെ പരമാവധി പ്രകടനം കാഴ്ചവെക്കണമെന്നുമുള്ള ആഗ്രഹം മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും താരം കൂട്ടിച്ചേർത്തു.

വിജയത്തിന് പിന്നാലെ പിആർ സഹായം ലഭിച്ചെന്ന തരത്തിലുള്ള ആരോപണങ്ങളും ചർച്ചകളും ഒരു വർഷം പിന്നിട്ടിട്ടും തുടരുന്നതിൽ തനിക്ക് ആശങ്കയില്ലെന്നാണ് അനുമോളുടെ നിലപാട്. തനിക്ക് ലഭിക്കേണ്ട അംഗീകാരം ലഭിച്ചുവെന്നും തന്നെ വിശ്വസിച്ച് സ്നേഹിച്ച് വോട്ട് ചെയ്തവരുടെ പിന്തുണയാണ് ഏറ്റവും വലിയ സന്തോഷമെന്നും താരം കുറിച്ചു.

വിജയത്തിലേക്ക് നയിച്ച പ്രേക്ഷകരോടും കുടുംബാംഗങ്ങളോടും ദൈവത്തോടും അനുമോൾ നന്ദി അറിയിച്ചു. ബിഗ് ബോസ് പോലൊരു വലിയ വേദി നൽകിയ ഏഷ്യാനെറ്റിനും സ്പോൺസർമാർക്കും പ്രത്യേക നന്ദി രേഖപ്പെടുത്തിയ താരം, ഷോയുടെ അവതാരകനായ മോഹൻലാലിനോടും പിന്തുണയ്ക്കും പ്രോത്സാഹനത്തിനും നന്ദി പറഞ്ഞു.

എത്ര വർഷങ്ങൾ കഴിഞ്ഞാലും ബിഗ് ബോസ് മലയാളം സീസൺ 7ലെ വിജയി താൻ തന്നെയാണെന്ന കാര്യത്തിൽ മാറ്റമുണ്ടാകില്ലെന്നും ലഭിച്ച കപ്പിൽ എന്നും അഭിമാനമുണ്ടെന്നും പറഞ്ഞുകൊണ്ടാണ് അനുമോൾ കുറിപ്പ് അവസാനിപ്പിച്ചത്. ബിഗ് ബോസിലെ ആ 100 ദിവസങ്ങളും വിജയകിരീടവും ജീവിതത്തിലെ വലിയ ഓർമയായി എന്നും നിലനിൽക്കുമെന്നും താരം വ്യക്തമാക്കി.