
ബിഗ് ബോസ് വീട്ടിൽ വീണ്ടും എവിക്ഷൻ. മാസ് എവിക്ഷന് പിന്നാലെ വൈൽഡ് കാർഡ് എൻട്രിയിലൂടെ വീട്ടിലെത്തിയ മറ്റൊരു മത്സരാർത്ഥി കൂടി പുറത്തായിരിക്കുകയാണ്. ഈ ആഴ്ച പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തിൽ വേദാങ്കിയാണ് ബിഗ് ബോസ് വീട്ടിൽനിന്ന് പുറത്തായത്. വൈൽഡ് കാർഡ് മത്സരാർത്ഥിയായി എത്തിയ ആദ്യ ദിവസം മുതൽ തന്നെ സജീവമായ സാന്നിധ്യം അറിയിച്ച വേദാങ്കിക്ക് അധികനാൾ വീട്ടിൽ തുടരാനായില്ല. പുറത്തായതിന് പിന്നാലെ താൻ ബിഗ് ബോസ് വീട്ടിൽ നൂറ് ശതമാനം നീതി പുലർത്തിയാണ് കളിച്ചതെന്ന് വേദാങ്കി മോഹൻലാലിനോട് പ്രതികരിച്ചു.
ഫെമിനിസ്റ്റ് കണ്ടന്റ് ക്രിയേറ്റർ എന്ന നിലയിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് വേദാങ്കി. ബിഗ് ബോസ് വീട്ടിലേക്ക് കടന്നുവന്നപ്പോൾ തന്നെ രാഹുൽ ഈശ്വറിനെയാണ് തന്റെ പ്രധാന എതിരാളിയായി പ്രഖ്യാപിച്ചത്. രാഹുലിനെ ലക്ഷ്യമിട്ടുള്ള നിലപാടുകളുമായാണ് വേദാങ്കി കളി തുടങ്ങിയത്. ആദ്യ ദിവസം തന്നെ മറ്റ് മത്സരാർത്ഥികളെ പ്രകോപിപ്പിച്ചുകൊണ്ട് ശ്രദ്ധ നേടാനും വേദാങ്കിക്ക് കഴിഞ്ഞു. എന്നാൽ പിന്നീട് രാഹുൽ തന്നെ വേദാങ്കിയുടെ അടുത്ത സുഹൃത്തും വിശ്വസ്തനുമായി മാറിയത് വീട്ടിനകത്തും പുറത്തും വലിയ ചർച്ചകൾക്ക് വഴിവെച്ചു.
ഫെമിനിസ്റ്റ് നിലപാടുകൾ ഉയർത്തിപ്പിടിച്ചുകൊണ്ട് എത്തിയ വേദാങ്കിയുടെ ചില പ്രവർത്തികൾ അതിന് വിരുദ്ധമായിരുന്നുവെന്ന വിമർശനവും ശക്തമായിരുന്നു. ഷിബിൻ, ശ്രീലക്ഷ്മി, ഗൗതം എന്നിവർക്കിടയിലെ പ്രശ്നങ്ങളിൽ ശക്തമായി പ്രതികരിച്ചിരുന്ന വേദാങ്കി, ഒരു ടാസ്കിനിടെ ഐശ്വര്യയോട് സംസാരിച്ച രീതിയുടെ പേരിലും വിമർശിക്കപ്പെട്ടു. നോബിയുടെ അമ്മയുടെ അസുഖവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശവും പ്രേക്ഷകർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായി. ഇതോടെ വേദാങ്കിയുടെ നിലപാടുകളിൽ ഇരട്ടത്താപ്പുണ്ടെന്ന വിമർശനം തുടക്കം മുതൽ ഉയർന്നിരുന്നു.
നിലീനയും വേദാങ്കിയും തമ്മിൽ നോമിനേഷൻ സമയത്ത് കൺഫെഷൻ റൂമിൽ നടത്തിയ സംഭാഷണവും പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. ഇരുവരുടെയും സംഭാഷണം അമിതനാടകീയവും കൃത്രിമവുമാണെന്നായിരുന്നു പ്രധാന വിമർശനം. പിന്നീട് ഈ രംഗങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി ട്രോൾ ചെയ്യപ്പെടുകയും ചെയ്തു. ആ നോമിനേഷനിൽ നൗഫീന ഇടപെട്ട് നിലീനയെ ഉൾപ്പെടുത്തിയിരുന്നില്ലെങ്കിൽ ഒരുപക്ഷേ വേദാങ്കിക്ക് പകരം മറ്റൊരു മത്സരാർത്ഥി പുറത്തുപോകാനുള്ള സാധ്യതയുമുണ്ടായിരുന്നു. തൊട്ടടുത്ത ആഴ്ച എവിക്ഷൻ നടക്കാതിരുന്നതും വേദാങ്കിക്ക് അനുകൂലമായി.
രാഹുൽ ഈശ്വറിനെ തന്റെ പ്രധാന എതിരാളിയായി പ്രഖ്യാപിച്ച വേദാങ്കി പിന്നീട് അദ്ദേഹത്തോടൊപ്പം കൂടുതൽ സമയം ചെലവഴിച്ചതും ശ്രദ്ധേയമായി. രാഹുൽ തന്നെ മനഃപൂർവം മാനിപ്പുലേറ്റ് ചെയ്യുന്നുവെന്ന് ആരോപിക്കുമ്പോഴും പല കാര്യങ്ങൾക്കും വേദാങ്കി രാഹുലിനെ സമീപിച്ചിരുന്നു. അതേസമയം, രാഹുലുമായുള്ള സൗഹൃദത്തിൽ അസ്വസ്ഥത പ്രകടിപ്പിക്കുകയും മറ്റുള്ളവരോട് അദ്ദേഹത്തെക്കുറിച്ച് മോശമായി സംസാരിക്കുകയും ചെയ്തിരുന്നു. രാഹുലിന്റെ പെരുമാറ്റം ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെങ്കിൽ ആ സൗഹൃദത്തിൽനിന്ന് മാറിനിൽക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവും പ്രേക്ഷകർ ഉയർത്തി. രാഹുലാണ് തന്നെ നിരന്തരം സമീപിക്കുന്നതെന്ന വേദാങ്കിയുടെ വിശദീകരണവും വലിയ സ്വീകാര്യത നേടിയില്ല.
അവസാന ആഴ്ചയിൽ താഷി, നേഹ എന്നിവരുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളും വേദാങ്കിയുടെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിച്ചു. നേഹയോടും മൃദുലയോടും സംസാരിച്ച രീതിയിൽനിന്ന് വ്യത്യസ്തമായാണ് താഷിയോടും നോബിയോടും വേദാങ്കി പെരുമാറിയതെന്ന വിമർശനമുണ്ടായി. താഷി തന്നോട് ഫ്ലർട്ട് ചെയ്തുവെന്ന് വേദാങ്കി ആരോപിച്ചെങ്കിലും ഇതേക്കുറിച്ച് താഷി നേരിട്ട് ചോദിച്ചപ്പോൾ തമാശരൂപത്തിലാണ് അക്കാര്യം പറഞ്ഞതെന്നായിരുന്നു മറുപടി. താഷിയുമായി കൂടുതൽ വാക്കുതർക്കത്തിന് താൽപര്യമില്ലാത്തതിനാലാണ് അങ്ങനെ പ്രതികരിച്ചതെന്നും വേദാങ്കി വിശദീകരിച്ചു. എന്നാൽ ഒരാളെക്കുറിച്ച് ആരോപണം ഉന്നയിച്ചാൽ അതിന് വ്യക്തമായ വിശദീകരണം നൽകേണ്ടതുണ്ടെന്ന അഭിപ്രായമാണ് പ്രേക്ഷകരിൽ പലരും പങ്കുവെച്ചത്.
പുരോഗമന നിലപാടുകൾ ഉയർത്തിപ്പിടിച്ചിരുന്ന വേദാങ്കി വീട്ടിൽ നടത്തിയ ചില പരാമർശങ്ങൾ ഏജ് ഷെയ്മിങ് ഉൾപ്പെടെയുള്ള വിമർശനങ്ങൾക്കും വഴിവെച്ചു. പ്രഖ്യാപിച്ച നിലപാടുകളും പ്രവൃത്തികളും തമ്മിലുള്ള പൊരുത്തക്കേടുകളാണ് വേദാങ്കിയുടെ ഗെയിമിന് തിരിച്ചടിയായതെന്നാണ് വിലയിരുത്തൽ. സംഭാഷണങ്ങളിൽ കടുപ്പമുള്ള വാക്കുകൾ ഉപയോഗിക്കുന്നതിലുപരി വ്യക്തമായ നിലപാടുകൾ അവതരിപ്പിക്കാൻ വേദാങ്കിക്ക് കഴിഞ്ഞിരുന്നോ എന്ന ചോദ്യവും പ്രേക്ഷകർക്കിടയിൽ ഉയർന്നിരുന്നു. എന്തായാലും വേദാങ്കിയുടെ പുറത്താകൽ ഇനി ബിഗ് ബോസ് വീട്ടിലെ രാഹുൽ ഈശ്വറിന്റെ ഗെയിമിനെ എങ്ങനെ ബാധിക്കുമെന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.












