
ദക്ഷിണേന്ത്യയിലെ ബിഗ് ബോസ് ആരാധകർക്ക് ആവേശം പകരുന്ന പുതിയ പ്രൊമോ പുറത്തിറക്കി ജിയോസ്റ്റാർ. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം പതിപ്പുകളുടെ അവതാരകരായ വിജയ് സേതുപതി, നാഗാർജുന, കിച്ച സുദീപ്, മോഹൻലാൽ എന്നിവർ ഒരുമിച്ചെത്തുന്ന പ്രൊമോയാണ് ശ്രദ്ധ നേടുന്നത്. നാല് സൂപ്പർസ്റ്റാറുകൾ, നാല് ബിഗ് ബോസ് വീടുകൾ, ഒരു ആവേശകരമായ കൗണ്ട്ഡൗൺ എന്ന ആശയത്തിലാണ് പ്രൊമോ ഒരുക്കിയിരിക്കുന്നത്.
ബിഗ് ബോസ് തമിഴ്, തെലുങ്ക്, കന്നഡ, മലയാളം പതിപ്പുകളുടെ പുതിയ സീസണുകൾ സെപ്റ്റംബർ 6ന് ഒരേസമയം പ്രീമിയർ ചെയ്യുന്നതിന് മുന്നോടിയായാണ് പ്രത്യേക പ്രൊമോ പുറത്തിറക്കിയത്. തങ്ങളുടെ അതത് ഭാഷാ പതിപ്പുകളിലൂടെ വലിയ ആരാധകവൃന്ദം സ്വന്തമാക്കിയ നാല് താരങ്ങളും ആദ്യമായി ഒരേ സ്ക്രീനിൽ എത്തുന്നുവെന്നതാണ് പ്രൊമോയുടെ പ്രധാന പ്രത്യേകത.
വിജയ് സേതുപതി, നാഗാർജുന, കിച്ച സുദീപ്, മോഹൻലാൽ എന്നിവർ വർഷങ്ങളായി ബിഗ് ബോസ് അവതാരകരെന്ന നിലയിൽ പ്രേക്ഷകരുമായി സവിശേഷമായ ബന്ധം സ്ഥാപിച്ചവരാണ്. നാല് പേരുടെയും സാന്നിധ്യം തമിഴ്, തെലുങ്ക്, കന്നഡ, മലയാളം പ്രേക്ഷകരെ ഒരുമിപ്പിക്കുന്ന വ്യത്യസ്തമായൊരു ക്രോസ്ഓവർ അനുഭവമാണ് സമ്മാനിക്കുന്നത്.
ദക്ഷിണേന്ത്യയുടെ സാംസ്കാരിക വൈവിധ്യവും പ്രാദേശിക പ്രത്യേകതകളും നർമ്മത്തിലൂടെ അവതരിപ്പിക്കുന്നതാണ് പ്രൊമോയുടെ മറ്റൊരു ആകർഷണം. പുതിയ സീസണുകളുടെ ആവേശത്തിനിടെ വിവിധ സംസ്ഥാനങ്ങളിലെ ഭക്ഷണവുമായി ബന്ധപ്പെട്ട രസകരമായ ആശയക്കുഴപ്പത്തിൽ നാല് അവതാരകരും അകപ്പെടുന്നതാണ് പ്രൊമോയുടെ പ്രമേയം. നർമ്മത്തിനൊപ്പം നാല് സംസ്ഥാനങ്ങളുടെയും വ്യത്യസ്തമായ സാംസ്കാരിക പശ്ചാത്തലവും ഇതിലൂടെ അവതരിപ്പിക്കുന്നു.
ബിഗ് ബോസ് സീസണുകളിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ് അവതാരകരുടെ ഇടപെടലുകൾ. അവരുടെ നർമ്മബോധം, മത്സരാർഥികളോടുള്ള സമീപനം, നിരീക്ഷണങ്ങൾ, വാരാന്ത്യ എപ്പിസോഡുകളിലെ സംഭാഷണങ്ങൾ എന്നിവ പലപ്പോഴും പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കാറുണ്ട്. ഈ നാല് അവതാരകരെയും ഒരൊറ്റ പ്രൊമോയിൽ എത്തിച്ചതിലൂടെ നാല് ഭാഷാ പതിപ്പുകളുടെയും ആരാധകർക്ക് ഒരുപോലെ ആസ്വദിക്കാവുന്ന നിമിഷമാണ് ജിയോസ്റ്റാർ ഒരുക്കിയിരിക്കുന്നത്.
ജിയോസ്റ്റാർ ഹെഡ് – എന്റർടെയ്ൻമെന്റ് (സൗത്ത്) കൃഷ്ണൻ കുട്ടി പറയുന്നത്, നാല് അവതാരകർക്കും അവരുടെ പ്രേക്ഷകരുമായി സവിശേഷമായ ബന്ധമാണുള്ളതെന്നാണ്. ഓരോ വിപണിയിലും ബിഗ് ബോസിന്റെ സ്വീകാര്യത ശക്തമാക്കുന്നതിൽ ഈ ബന്ധം നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.
വിജയ് സേതുപതി, നാഗാർജുന, കിച്ച സുദീപ്, മോഹൻലാൽ എന്നിവരെ അവരുടെ വ്യക്തിത്വങ്ങളോടും ദക്ഷിണേന്ത്യൻ സംസ്കാരത്തോടും ചേർന്നുനിൽക്കുന്ന രസകരമായ രീതിയിൽ ഒരുമിച്ച് അവതരിപ്പിക്കാനുള്ള അവസരമാണ് പ്രൊമോയിലൂടെ ലഭിച്ചതെന്നും കൃഷ്ണൻ കുട്ടി വ്യക്തമാക്കി. നാല് പേരും ഒരേ സ്ക്രീനിൽ എത്തുന്നത് ആരാധകർക്ക് പ്രത്യേക അനുഭവമായിരിക്കുമെന്നും നാല് പതിപ്പുകളും ഒരേസമയം ആരംഭിക്കുന്നതിന്റെ ആവേശവും വലുപ്പവും പ്രതിഫലിപ്പിക്കുന്നതാണ് ഈ പ്രൊമോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെപ്റ്റംബർ 6ന് ബിഗ് ബോസ് തമിഴ്, തെലുങ്ക്, കന്നഡ, മലയാളം പതിപ്പുകളുടെ പുതിയ സീസണുകൾ ഒരേസമയം പ്രീമിയർ ചെയ്യും. ജിയോസ്റ്റാറിന്റെ ടെലിവിഷൻ ചാനലുകളിലും ജിയോ ഹോട്ട്സ്റ്റാറിലൂടെയും അതത് ഭാഷകളിൽ പുതിയ സീസണുകൾ പ്രേക്ഷകരിലേക്ക് എത്തും. ഇതോടെ സെപ്റ്റംബർ 6 ദക്ഷിണേന്ത്യയിലുടനീളം ബിഗ് ബോസ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദിവസമായി മാറും.












