
ബിഗ് ബോസ് മലയാളം സീസൺ 7 ഫിനാലെ കഴിഞ്ഞിട്ടും ഷോയെ ചുറ്റിപ്പറ്റിയ വാർത്തകൾ സോഷ്യൽ മീഡിയയിൽ തുടരുകയാണ്. പ്രത്യേകിച്ച് ഫസ്റ്റ് റണ്ണറപ്പായ അനീഷിനെക്കുറിച്ചുള്ള പോസ്റ്റുകളാണ് കൂടുതൽ ശ്രദ്ധ നേടുന്നത്. ദുബായിൽ ആഢംബര ഫ്ലാറ്റും ഗോൾഡൻ വിസയും ലഭിച്ചതായി ചില പേജുകൾ പ്രചരിപ്പിച്ച വിവരങ്ങളാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.
ദുബായിലെ ഒരു പ്രോപ്പർട്ടി കൺസൾട്ടന്റായ മുഹമ്മദ് അസ്റുദ്ദീൻ പങ്കുവച്ചതായി പറഞ്ഞ ഒരു വീഡിയോയിലൂടെയാണ് ഈ അവകാശവാദങ്ങൾ പുറത്തുവന്നത്. പത്തു വർഷത്തേക്ക് സൗജന്യമായി ഗോൾഡൻ വിസയും ആഢംബര ഫ്ലാറ്റും ലഭിച്ചതായി, അതു വാടകയ്ക്ക് കൊടുത്താൽ 60 മുതൽ 70 ലക്ഷം രൂപ വരെ സമ്പാദിക്കാമെന്നും വീഡിയോയിൽ പറഞ്ഞതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
എന്നിരുന്നാലും, ഈ വാർത്തകൾ പൂർണമായും തെറ്റാണെന്ന് അനീഷ് ഇപ്പോള്‍ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
“സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചില കാര്യങ്ങളുടെ യഥാർത്ഥ സ്ഥിതി അറിയിക്കാനാണ് ഞാൻ വരുന്നത്. ദുബായിൽ ഫ്ലാറ്റും ഗോൾഡൻ വിസയും ലഭിച്ചുവെന്നു ചോദിച്ച് നിരവധി പേർ മെസേജ് അയച്ചിട്ടുണ്ട്. സത്യം എന്തെന്നാൽ, ഇത്തരമൊരു ആനുകൂല്യവും എനിക്ക് ലഭിച്ചിട്ടില്ല. ഇത് മുഴുവൻ വ്യാജ വാർത്തയാണ്,” എന്നാണ് അനീഷിന്റെ വിശദീകരണം.
അതേസമയം, ഫസ്റ്റ് റണ്ണറപ്പായ അനീഷിന്റെ വീട്ടിലേക്ക് ആവശ്യമായ എല്ലാ ഗൃഹോപകരണങ്ങളും സൗജന്യമായി നൽകുമെന്നും മൈജി അറിയിച്ചിട്ടുണ്ട്. കൂടാതെ, ഏകദേശം രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന ഗ്യാലക്സി ഫോൾഡ് 7 ഫോണും ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെ വേദിയിൽ അനീഷിന് സമ്മാനിച്ചിരുന്നു.











