
ബിഗ് ബോസ് മലയാളം സീസൺ ഏഴ് വിജയിയായ അനുമോളും സഹമത്സരാർത്ഥിയും അവതാരകയുമായ മസ്താനിയും ഒന്നിച്ചുള്ള പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. “ഈ കുലസ്ത്രീയെ എനിക്ക് ഇഷ്ടമാണ്” എന്ന കുറിപ്പോടെയാണ് മസ്താനി ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ഒരു കഫേയിൽ നിന്നുള്ള ചിത്രങ്ങളാണിതെന്നാണ് പശ്ചാത്തലത്തിൽ നിന്ന് വ്യക്തമാകുന്നത്.
മസ്താനി പങ്കുവെച്ച ചിത്രത്തിന് താഴെ നിരവധി ആരാധകരാണ് സ്നേഹം അറിയിച്ച് കമന്റ് ചെയ്തിരിക്കുന്നത്. “പ്രോഗ്രസീവ് കുലസ്ത്രീകൾ” എന്നാണ് ഒരാൾ കമന്റ് ബോക്സിൽ കുറിച്ചത്.
ബിഗ് ബോസ് വീട്ടിൽ അനുമോൾക്ക് ശക്തമായ പിന്തുണ നൽകിയ മത്സരാർത്ഥികളിൽ ഒരാളായിരുന്നു മസ്താനി. ഫിനാലെക്ക് മുൻപ് പുറത്തായ മത്സരാർത്ഥികൾ തിരിച്ചെത്തിയപ്പോഴും, ഗ്രാൻഡ് ഫിനാലെ വേദിയിലും മസ്താനി അനുമോൾക്ക് വേണ്ടി നിലയുറപ്പിച്ചിരുന്നു. ബിഗ് ബോസിന് പുറത്തും ഇരുവരും തമ്മിൽ മികച്ച സൗഹൃദം നിലനിർത്തുന്നുണ്ട് എന്നതിന്റെ സൂചനയാണ് ഈ പുതിയ ചിത്രങ്ങൾ.
മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് അനുക്കുട്ടി എന്നറിയപ്പെടുന്ന അനുമോൾ. ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധ നേടിയ താരം, സ്റ്റാർ മാജിക് എന്ന റിയാലിറ്റി ഷോയിലൂടെയാണ് കൂടുതൽ പ്രശസ്തിയിലേക്ക് ഉയർന്നത്. ബിഗ് ബോസ് മലയാളം സീസൺ 7 കിരീടം നേടിയതോടെ അനുമോളുടെ പ്രശസ്തി ഇരട്ടിച്ചു. നിലവിൽ നിരവധി ഉദ്ഘാടനങ്ങളും സ്റ്റേജ് പരിപാടികളുമായി തിരക്കിലാണ് ഈ യുവതാരം.











