‘മൃദുലയിൽ നിന്ന് എനിക്കും ചില അനുഭവങ്ങളുണ്ട്; വെളിപ്പെടുത്തി ജസീല

ബിഗ് ബോസ് വീട്ടിലെ ഷിജിൻ–നൗഫീന വിവാദത്തിൽ മൃദുല വിജയ്‌ക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി മുൻ മത്സരാർഥി ജസീല പർവീൺ. ഷിജിൻ, നൗഫീനയെ ‘ആർക്കും വേണ്ടാത്ത ആൾ’ എന്ന് വിളിച്ചെന്ന മൃദുലയുടെ ആരോപണം ബിഗ് ബോസ് പുറത്തുവിട്ട ദൃശ്യങ്ങളിൽ തെളിയാത്തതിന് പിന്നാലെയാണ് ജസീലയുടെ പ്രതികരണം.

വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ ഷിജിൻ അത്തരമൊരു പരാമർശം നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ സംഭവത്തിന്റെ വീഡിയോ പുറത്തുവിടണമെന്ന് മൃദുല വീണ്ടും ആവശ്യപ്പെട്ടു. തുടർന്ന് ബിഗ് ബോസ് പുറത്തുവിട്ട ദൃശ്യങ്ങളിലും ഷിജിൻ നൗഫീനയെക്കുറിച്ച് അത്തരമൊരു പരാമർശം നടത്തുന്നതായി കാണാനായില്ല. ഇതിന് പിന്നാലെയാണ് ജസീല പർവീൺ മൃദുലയ്‌ക്കെതിരെ പരോക്ഷമായി രംഗത്തെത്തിയത്. ബിഗ് ബോസ് വീട്ടിലെ ദൃശ്യങ്ങൾ പുറത്തുവിട്ട ഏഷ്യാനെറ്റിന് നന്ദി അറിയിച്ച ജസീല, ആ വ്യക്തിയിൽനിന്ന് തനിക്ക് നേരിട്ടുണ്ടായ വ്യക്തിപരമായ അനുഭവങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞു.

വർഷങ്ങളായി പരിചയമുള്ള ഒരാളിൽനിന്ന് അപ്രതീക്ഷിതമായ ചില അനുഭവങ്ങൾ ഉണ്ടായെന്നും ആ വ്യക്തിയിലുള്ള വിശ്വാസം കാരണം താൻ മാനസികമായി സ്വാധീനിക്കപ്പെടുകയും മാനിപ്പുലേറ്റ് ചെയ്യപ്പെടുകയും ചെയ്തുവെന്ന തിരിച്ചറിവ് ഏറെ വേദനിപ്പിച്ചെന്നും ജസീല പറഞ്ഞു. ഒരു റിയാലിറ്റി ഷോയിൽ നോമിനേഷനും തന്ത്രങ്ങളും മത്സരവുമെല്ലാം സ്വാഭാവികമാണെന്നും എന്നാൽ അതിന്റെ പേരിൽ മനുഷ്യത്വം മറക്കരുതെന്നും ജസീല കൂട്ടിച്ചേർത്തു. തന്റെ അനുഭവങ്ങൾ എങ്ങനെ തെളിയിക്കുമെന്ന ആശങ്കയുണ്ടായിരുന്നുവെന്നും ഇപ്പോൾ പുറത്തുവന്ന ദൃശ്യങ്ങൾ കണ്ടതോടെ താൻ നേരിട്ട് കണ്ട മറ്റു സംഭവങ്ങളും ക്യാമറയിൽ പതിഞ്ഞിട്ടുണ്ടാകുമെന്ന പ്രതീക്ഷയുണ്ടെന്നും അവർ വ്യക്തമാക്കി.

പ്രസ്തുത വ്യക്തി ബിഗ് ബോസ് വീട്ടിൽനിന്ന് പുറത്തുവരുമ്പോൾ ചോദിക്കാനും സംസാരിക്കാനും നിരവധി കാര്യങ്ങളുണ്ടെന്നും ജസീല പറഞ്ഞു. സ്വന്തം കണ്ണുകൊണ്ട് കണ്ടതും കാതുകൊണ്ട് കേട്ടതുമായ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് താൻ സംസാരിക്കുന്നതെന്നും അവർ വ്യക്തമാക്കി. മറ്റൊരാളുടെ വിശ്വാസവും വികാരങ്ങളും മുതലെടുത്ത് ഗെയിം കളിക്കുന്നത് തന്ത്രമല്ലെന്നും അതൊരു വൃത്തികെട്ട കളിയാണെന്നും പറഞ്ഞാണ് ജസീല തന്റെ പ്രതികരണം അവസാനിപ്പിച്ചത്. ബിഗ് ബോസ് വീട്ടിലെ പുതിയ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വിവാദം കൂടുതൽ ചർച്ചയാകുകയാണ്.