‘കൊമ്പൻ അടിപൊളിയാണ്, സിനിമയിൽ പോലും ഇങ്ങനെയൊരു മുഹൂർത്തം കണ്ടേക്കില്ല’; ശ്രീരാജിനെ പ്രശംസിച്ച് അഖിൽ മാരാർ

ബിഗ് ബോസ് മലയാളം സീസൺ 8 മത്സരാർത്ഥിയായ ‘കടൽ കൊമ്പൻ’ ശ്രീരാജിനെ പ്രശംസിച്ച് മുൻ ബിഗ് ബോസ് വിജയി അഖിൽ മാരാർ. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ ബിഗ് ബോസ് റിവ്യൂവിലാണ് ശ്രീരാജിന്റെ വ്യക്തിത്വത്തെയും സൗഹൃദബന്ധങ്ങളെയും അഖിൽ പുകഴ്ത്തിയത്. രാഹുൽ ഈശ്വറിന് പോലും കൊമ്പനെ തെറ്റിദ്ധരിപ്പിക്കാനോ മാനിപ്പുലേറ്റ് ചെയ്യാനോ കഴിഞ്ഞില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കൊമ്പന്റെ വ്യക്തിത്വം ഏറെ മികച്ചതാണെന്ന് പറഞ്ഞ അഖിൽ മാരാർ, ഷിജിനുമായുള്ള അദ്ദേഹത്തിന്റെ ബന്ധവും എടുത്തുപറഞ്ഞു. സ്വന്തം കുടുംബത്തിലെ ഒരാളായി കൊമ്പൻ മാറിയെന്ന് ഷിജിൻ തന്നെ പറഞ്ഞിട്ടുണ്ടെന്നും ആ അടുപ്പം കൊമ്പനും തിരിച്ചുനൽകുന്നുണ്ടെന്നും അഖിൽ പറഞ്ഞു.

ഷിജിനെക്കുറിച്ച് മറ്റുള്ളവർ മോശമായി സംസാരിച്ചപ്പോഴും അവരുടെ വാക്കുകൾ കേട്ട് തെറ്റിദ്ധരിക്കാതെ നേരിട്ട് സംസാരിച്ച് കാര്യങ്ങൾ മനസിലാക്കാനാണ് കൊമ്പൻ ശ്രമിച്ചതെന്ന് അഖിൽ ചൂണ്ടിക്കാട്ടി. അടുത്ത സുഹൃത്തുക്കൾക്കിടയിൽ തെറ്റിദ്ധാരണകൾ സൃഷ്ടിക്കാൻ ചിലർ ശ്രമിക്കുമ്പോൾ അതിൽ വീഴാതെ ബന്ധങ്ങളിൽ വിശ്വാസം കാത്തുസൂക്ഷിക്കുന്നത് വലിയ ഗുണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടാസ്കിന്റെ കാര്യത്തിൽ മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്ക് അനുസരിച്ച് ഗെയിം കളിക്കുന്നയാളല്ല ഷിജിനെന്നും സ്വന്തം രീതിയിലാണ് അദ്ദേഹം മുന്നോട്ടുപോകുന്നതെന്നും അഖിൽ വിലയിരുത്തി. കൊമ്പനോട് കാര്യങ്ങൾ തുറന്നുപറയാതിരുന്നാൽ അത് അവനെ മാനസികമായി വിഷമിപ്പിക്കുമെന്ന് ഷിജിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

കൊമ്പന്റെ അച്ഛനെയും അമ്മയെയും കുറിച്ചുള്ള ഒരു ആഗ്രഹം സാധിച്ചുതരാമെന്ന് ഷിജിൻ ഉറപ്പുനൽകിയ സംഭവവും അഖിൽ പരാമർശിച്ചു. ഈ വാക്കുകൾ കേട്ടശേഷം ഷിജിനെ കെട്ടിപ്പിടിച്ചുകൊണ്ട് കൊമ്പൻ പറഞ്ഞ വാക്കുകൾ ഏറെ വൈകാരികമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

“സിനിമയിൽ പോലും ഇത്തരത്തിലുള്ളൊരു മുഹൂർത്തം കണ്ടേക്കില്ല. ഷിജിനെ കെട്ടിപ്പിടിച്ചുകൊണ്ട് കൊമ്പൻ പറഞ്ഞ ഡയലോഗ്, ‘നിങ്ങൾ ജയിച്ചു, അവർ തോറ്റു’ എന്നായിരുന്നു,” അഖിൽ മാരാർ പറഞ്ഞു. കൊമ്പനും ഷിജിനും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്ന നിമിഷമായിരുന്നു അതെന്നും അഖിലിന്റെ വാക്കുകൾ സൂചിപ്പിക്കുന്നു.