ബിഗ് ബോസ് വേദിയിൽ കണ്ണീരോടെ നേഹയുടെ മാതാപിതാക്കൾ; മകളെ തിരിച്ചുകൊണ്ടുപോകാനെത്തിയതെന്ന് മോഹൻലാൽ

ബിഗ് ബോസ് മലയാളം സീസൺ 8ന്റെ വീക്കെൻഡ് എപ്പിസോഡിൽ വൈകാരിക രംഗങ്ങൾക്ക് സാക്ഷ്യം വഹിക്കാനൊരുങ്ങി പ്രേക്ഷകർ. പതിവ് ഫാമിലി വീക്കിന് കാത്തുനിൽക്കാതെ മത്സരാർഥിയായ നേഹയെ ഷോയിൽ നിന്ന് പിൻവലിച്ച് വീട്ടിലേക്ക് കൊണ്ടുപോകണമെന്ന ആവശ്യവുമായി മാതാപിതാക്കൾ വേദിയിലെത്തിയിരിക്കുകയാണ്. പുറത്തുവന്ന പുതിയ പ്രൊമോയാണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നത്.

മോഹൻലാൽ നേഹയുടെ മാതാപിതാക്കളെ വേദിയിലേക്ക് സ്വാഗതം ചെയ്യുന്നതും തുടർന്ന് അവർ മകളോട് വികാരഭരിതമായി സംസാരിക്കുന്നതുമാണ് പ്രൊമോയിലുള്ളത്. അച്ഛന്റെ വാക്കുകളോടെയാണ് രംഗം ആരംഭിക്കുന്നത്. “നേഹാ, നിനക്ക് ഞങ്ങളെ ഓർമയുണ്ടോ? ഉണ്ടെന്ന് ഞങ്ങൾക്ക് തോന്നുന്നില്ല,” എന്ന ചോദ്യത്തോടെയാണ് അദ്ദേഹം മകളോട് സംസാരിക്കുന്നത്. ഇതിനിടെ നേഹയുടെ അമ്മ കണ്ണീരടക്കാനാകാതെ പൊട്ടിക്കരയുന്നതും കാണാം.

ഹൗസിലെ മറ്റ് മത്സരാർഥികൾ ഗെയിമിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ നേഹ വികാരങ്ങളിൽ മാത്രം കുടുങ്ങിക്കിടക്കുകയാണെന്നാണ് അമ്മയുടെ വിമർശനം. മറ്റുള്ളവർ സ്വന്തം ആവശ്യങ്ങൾക്കായി നേഹയെ ഉപയോഗിക്കുകയാണെന്നും ചെയ്യരുതെന്ന് നേരത്തെ പറഞ്ഞ അതേ രീതിയിലുള്ള ഗെയിമാണ് മകൾ കളിക്കുന്നതെന്നും അമ്മ പറയുന്നു. ഇതിന്റെ വേദന അനുഭവിക്കുന്നത് കുടുംബമാണെന്നും അവർ കണ്ണീരോടെ വ്യക്തമാക്കുന്നു.

“ഞാനും ഒരു പെൺകുട്ടിയുടെ അച്ഛനാണ്. നേഹയെ തിരികെ കൊണ്ടുപോകണമെന്ന ഉറച്ച തീരുമാനത്തോടെയാണ് അവർ ഇവിടെ എത്തിയിരിക്കുന്നത്,” എന്നാണ് മോഹൻലാൽ പറയുന്നത്. മാതാപിതാക്കളുടെ അപ്രതീക്ഷിത രംഗപ്രവേശനവും അവരുടെ വാക്കുകളും കേട്ട് ഞെട്ടിനിൽക്കുന്ന നേഹയെയും പ്രൊമോയിൽ കാണാം.

കഴിഞ്ഞ ദിവസങ്ങളിൽ സഹമത്സരാർഥിയായ താഷി വേദാംഗിയുമായുള്ള നേഹയുടെ അടുപ്പവും തുടർന്നുണ്ടായ തർക്കങ്ങളുമാണ് കുടുംബത്തിന്റെ ഇടപെടലിന് പിന്നിലെന്നാണ് സൂചന. താഷി മറ്റൊരു മത്സരാർഥിയായ വേദാംഗിയുമായി സംസാരിച്ചതിൽ പ്രകോപിതയായ നേഹ രൂക്ഷമായി പ്രതികരിച്ചിരുന്നു. പിന്നീട് താഷിയോടുള്ള പ്രണയം തുറന്നുപറഞ്ഞ നേഹ, മാതാപിതാക്കളുടെ സമ്മതത്തോടെ ആ ബന്ധം മുന്നോട്ടുകൊണ്ടുപോകാൻ ആഗ്രഹിക്കുന്നതായും വ്യക്തമാക്കിയിരുന്നു.

മകളുടെ വൈകാരികമായ ഇടപെടലുകൾ ഗെയിമിനെ ബാധിക്കുന്നുവെന്നും മറ്റുള്ളവർ അത് മുതലെടുക്കുന്നുവെന്നുമുള്ള ആശങ്കയാണ് കുടുംബത്തെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് പ്രൊമോയിൽ നിന്ന് വ്യക്തമാകുന്നത്. മാതാപിതാക്കളുടെ അഭ്യർഥനയ്ക്ക് നേഹ എന്ത് മറുപടി നൽകും? ഷോയിൽ നിന്ന് സ്വമേധയാ പിന്മാറുമോ അതോ മത്സരം തുടരാൻ തീരുമാനിക്കുമോ? പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഈ ചോദ്യങ്ങൾക്കുള്ള ഉത്തരത്തിനാണ്. വരാനിരിക്കുന്ന എപ്പിസോഡിൽ ഇക്കാര്യത്തിൽ വ്യക്തത ലഭിക്കും.