‘ശുദ്ധിയുടെ തെളിനീരുറവ അറിയണമെങ്കില്‍ ഈ പുഞ്ചിരിയുടെ വഴി പിടിക്ക്’; നഞ്ചിയമ്മയ്‌ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് ബിജിബാല്‍

മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നഞ്ചിയമ്മയെ തേടിയെത്തിയതോടെ അഭിനന്ദനങ്ങള്‍ക്കൊപ്പം പല കോണുകളില്‍ നിന്നും വിമര്‍ശനവുമുയര്‍ന്നിരുന്നു. നഞ്ചിയമ്മക്ക് ദേശീയ പുരസ്‌കാരം നല്‍കിയ നടപടി അപമാനമെന്ന് പറഞ്ഞ് സംഗീതഞ്ജന്‍ ലിനു ലാല്‍ രംഗത്തെത്തിയതോടെ സോഷ്യല്‍ മീഡിയയിലടക്കം ഈ…

മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നഞ്ചിയമ്മയെ തേടിയെത്തിയതോടെ അഭിനന്ദനങ്ങള്‍ക്കൊപ്പം പല കോണുകളില്‍ നിന്നും വിമര്‍ശനവുമുയര്‍ന്നിരുന്നു. നഞ്ചിയമ്മക്ക് ദേശീയ പുരസ്‌കാരം നല്‍കിയ നടപടി അപമാനമെന്ന് പറഞ്ഞ് സംഗീതഞ്ജന്‍ ലിനു ലാല്‍ രംഗത്തെത്തിയതോടെ സോഷ്യല്‍ മീഡിയയിലടക്കം ഈ വിഷയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ നടന്നു. ഇപ്പോഴിതാ ലിനു ലാലിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സംഗീത സംവിധായകനും ഗായകനുമായ ബിജിബാല്‍.

‘സംഗീതത്തിലെ ശുദ്ധി എന്താണ്, ശുദ്ധിയുടെ തെളിനീരുറവ അറിയണമെങ്കില്‍ ഈ പുഞ്ചിരിയുടെ വഴി പിടിക്ക്. നഞ്ചിയമ്മ,’ എന്നാണ് നഞ്ചിയമ്മയുടെ പെന്‍സില്‍ ഡ്രോയിങ്ങിലുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ബിജിബാല്‍ കുറിച്ചത്. ബിജിബാലിന്റെ കുറിപ്പിനെ പിന്തുണച്ച് ഗായിക സിത്താര കൃഷ്ണകുമാര്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്. താന്‍ നഞ്ചിയമ്മക്കൊപ്പമാണെന്നും അവര്‍ ഹൃദയം കൊണ്ട് പാടിയത് മറ്റുള്ളവര്‍ക്ക് നൂറ് വര്‍ഷമെടുത്താലും പാടാന്‍ സാധിക്കില്ലെന്നുമായിരുന്നു ഈ വിഷയത്തില്‍ സംഗീത സംവിധായകന്‍ അല്‍ഫോണ്‍സ് ജോസഫ് പ്രതികരിച്ചത്.

സംഗീതത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവര്‍ക്ക് നഞ്ചിയമ്മക്ക് അവാര്‍ഡ് നല്‍കിയത് അപമാനമായി തോന്നിയെന്നാണ് ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെ ലിനുലാല്‍ പറഞ്ഞത്. ‘മൂന്നും നാലും വയസ് മുതല്‍ സംഗീതം അഭ്യസിച്ച് അവരുടെ ജീവിതം സംഗീതത്തിനു വേണ്ടി മാത്രം മാറ്റിവെക്കുന്ന ഒരുപാട് പേരുണ്ട്. അവര്‍ തണുത്തതും എരിവുള്ളതും കഴിക്കില്ല, തണുപ്പുള്ള സ്ഥലത്തുപോകില്ല അങ്ങനെയൊക്കെയുള്ളവര്‍. പട്ടിണികിടന്നാലും മ്യൂസിക് അല്ലാതെ മറ്റൊന്നുമില്ലെന്ന് ചിന്തിക്കുന്നവര്‍. അങ്ങനെ ഒരുപാട് ആളുകളുണ്ട്.
അങ്ങനെയുള്ള ഒരുപാട് പേരുള്ളപ്പോള്‍ നഞ്ചിയമ്മ പാടിയ ഈ പാട്ടിന് മികച്ച ഗായികയ്ക്കുള്ള നാഷണല്‍ അവാര്‍ഡ് കൊടുക്കുക എന്നുപറഞ്ഞാല്‍. പുതിയൊരു സോങ് കമ്പോസ് ചെയ്ത് നഞ്ചിയമ്മയെ സ്റ്റുഡിയോയിലേക്ക് വിളിച്ച് ആ പാട്ട് പാടിപ്പിക്കാമെന്നു വെച്ചാല്‍ അത് സാധിക്കുമെന്ന് തോന്നുന്നില്ല’ എന്നായിരുന്നു ലിനു ലാലിന്റെ വാക്കുകള്‍.