“ശമ്പളമില്ല, പട്ടിണി മാത്രം”; ചന്ദ്രയാൻ ലോഞ്ച് പാഡ് നിർമിച്ച ടെക്‌നീഷ്യൻ ഇഡലി വിറ്റ് ജീവിക്കുന്നു

ചാന്ദ്രയാൻ മൂന്നു. ഇൻഡ്യയുടെ അഭിമാന ചാന്ദ്രപര്യവേഷണ ദൗത്യം.  ചന്ദ്രന്റെ ദക്ഷിണ ധ്രുവമേഖലയ്ക്ക് സമീപം സോഫ്റ്റ് ലാന്‍ഡിംഗ് പൂര്‍ത്തിയാക്കിയ ആദ്യത്തെ ബഹിരാകാശ ഏജന്‍സിയായി ഐഎസ്ആര്‍ഒ ചരിത്രം സൃഷ്ടിച്ചിരുന്നു. അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് ശേഷം…

ചാന്ദ്രയാൻ മൂന്നു. ഇൻഡ്യയുടെ അഭിമാന ചാന്ദ്രപര്യവേഷണ ദൗത്യം.  ചന്ദ്രന്റെ ദക്ഷിണ ധ്രുവമേഖലയ്ക്ക് സമീപം സോഫ്റ്റ് ലാന്‍ഡിംഗ് പൂര്‍ത്തിയാക്കിയ ആദ്യത്തെ ബഹിരാകാശ ഏജന്‍സിയായി ഐഎസ്ആര്‍ഒ ചരിത്രം സൃഷ്ടിച്ചിരുന്നു. അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ചന്ദ്രോപരിതലത്തില്‍ വിജയകരമായി ഇറങ്ങുന്ന നാലാമത്തെ രാജ്യമായും ഇതോടെ ഇന്ത്യ മാറി. പക്ഷെ ചന്ദ്രയാൻ മൂന്നിന്റെ ലോഞ്ച്‌പാഡ് നിർമിച്ച കമ്പനിയിലെ ടെക്നീഷ്യൻ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുകയാണ്.     റാഞ്ചിയിലെ വഴിയരികിൽ ഇഡ്ഡലി വിറ്റാണ് ജീവിത ചെലവ് കണ്ടെത്തുന്നത് എന്നാണു  റിപ്പോർട്ട്. ഐഎസ്ആർഒയുടെ ചന്ദ്രയാൻ മൂന്നിന്റെ ഫോർഡിങ് പ്ലാറ്റ്ഫോമും പേടകത്തിന്റെ സ്ലൈഡിങ് വാതിലും നിർമിച്ചത് കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഹെവി എൻജിനീയറിങ് കോർപ്പറേഷൻ ലിമിറ്റഡ് എന്ന കമ്പനിയാണ്. ഈ കമ്പനിയുടെ ടെക്നീഷ്യൻ ആയിരുന്ന ദീപക് കുമാർ ഉപ്‌റാറിയ ആണ് ഇപ്പോൾ റാഞ്ചിയിലെ ധുർവ മേഖലയിലെ പഴയ നിയമസഭാ മന്ദിരത്തിന് എതിർവശത്ത് ഇഡ്ഡലി വിൽക്കുന്ന കട ആരംഭിച്ചത്.
എച്ച്ഇസി 18 മാസമായി ഇയാൾക്ക് ശമ്പളം നൽകുന്നില്ലെന്ന് രാജ്യാന്തരമാധ്യമമായ ബിബിസി റിപ്പോർട്ട് ചെയ്തു. ദീപക്കിനുമാത്രമല്ല, പല ജീവനക്കാർക്കും എച്ച്ഇസി ശമ്പളം നൽകിയിട്ടില്ലെന്നും പലരും പ്രതിഷേധം നടത്തുന്നുണ്ടെന്നുമാണ് റിപ്പോർട്ട്. കഴിഞ്ഞ 18 മാസമായി കമ്പനിയിലെ 2,800 ജീവനക്കാർക്ക് ശമ്പളം നൽകിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാൻ വേറേ വഴിയില്ലാത്തതിനാലാണ് ഇഡ്ഡലി വിൽപ്പനയ്ക്ക് ഇറങ്ങിയതെന്ന് ദീപക് ബിബിസിയോടു പറഞ്ഞു. എച്ച്ഇസിയിലെ ജോലിയും കടയിലെ ഇഡ്ഡലി വിൽപ്പനയും ഒരുമിച്ചുകൊണ്ടുപോകുകയാണ്. ജോലിക്കു പോകുന്നതിനു മുന്‍പ് രാവിലെ ഇ‍ഡ്ഡലി വിൽക്കും. ഉച്ചയ്ക്കുശേഷമാണ് ജോലിക്കുപോകുക. വൈകുന്നേരം തിരിച്ചെത്തി വീണ്ടും ഇഡ്ഡലി വിൽക്കും. എന്നിട്ടേ വീട്ടിലേക്കു മടങ്ങുകയുള്ളൂ.‘‘ക്രെഡിറ്റ് കാർ‍ഡ് ഒക്കെ ഉപയോഗിച്ചാണ് വീട്ടിലെ കാര്യങ്ങൾ നടത്തിയത്. പിന്നീട് രണ്ടു ലക്ഷം രൂപ വായ്പയെടുത്തു. തിരിച്ചടവ് മുടങ്ങി. പിന്നെ ബന്ധുക്കളിൽനിന്നൊക്കെ കടംവാങ്ങാൻ തുടങ്ങി. ഇതുവരെ നാലു ലക്ഷം രൂപ വായ്പയെടുത്തിട്ടുണ്ട്. പണം തിരികെക്കൊടുക്കാത്തതിനാൽ ഇപ്പോൾ ആരും കടം തരുന്നില്ല. ഭാര്യയുടെ ആഭരണങ്ങൾ പണയം വച്ചാണ് മുന്നോട്ടുപോയത്.പട്ടിണി കിടക്കുമെന്ന സാഹചര്യം വന്നപ്പോഴാണ് ഇത്തരമൊരു സാധ്യത ആലോചിച്ചത്. ഭാര്യ നന്നായി ഇഡ്ഡലി ഉണ്ടാക്കും. ഒരു ദിവസം ഇഡ്ഡലി വിറ്റ് 300–400 രൂപ നേടാറുണ്ട്. 50–100 രൂപ വരെ ലാഭമുണ്ടാക്കും. ഈ പണം കൊണ്ടാണ് ഇപ്പോൾ വീട് നടത്തിക്കൊണ്ടുപോകുന്നത്’’ ദീപക് കൂട്ടിച്ചേർത്തു.

മധ്യപ്രദേശിലെ ഹാർഡ ജില്ലയിൽനിന്നുള്ളയാളാണ് ദീപക്ക്. 2012ൽ സ്വകാര്യ കമ്പനിയിലെ ജോലി ഉപേക്ഷിച്ചാണ് 8,000 രൂപയ്ക്ക് എച്ച്ഇസിയിൽ ഇയാൾ ജോലിക്കു ചേർന്നത്.  ദീപക് പറഞ്ഞതിൽ ഏറ്റവും  സങ്കടം തോന്നുന്ന മറ്റൊരു കാര്യമുണ്ട് .  സ്കൂളിൽപ്പോകുന്ന രണ്ടു പെൺമക്കലാണ് ദീപക് കുമാറിനുള്ളത്. ഈ വർഷത്തെ   സ്കൂൾ ഫീസ് ഇതുവരെയും  കൊടുക്കാൻ സാധിച്ചിട്ടില്ല എന്നാണ് ദീപക് തുറന്നു പറഞ്ഞത് . അധ്യാപകർ കുട്ടികളോട് ക്ലാസ് മുറിയിൽത്തന്നെ ഇക്കാര്യം ചോദിച്ചു നാണംകെടുത്തുന്നുണ്ടെന്നും  അവർ കരഞ്ഞുകൊണ്ടാണ് വീട്ടിൽവരുന്നത് എന്നും  ദീപക് കുമാർ  വ്യക്തമാക്കി.400;”>ചന്ദ്രയാന്റെ വിജയകരമായ ലാൻഡിങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഐഎസ്ആർഒ ശാസ്ത്രജ്ഞരെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. എന്നാൽ തങ്ങളുടെ ശമ്പള കുടിശ്ശിക ലഭ്യമാക്കുന്നതിന് പ്രധാനമന്ത്രി ഇതുവരെ യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്ന് എച്ച്ഇസിയിലെ ജീവനക്കാർ പറയുന്നു. ശമ്പള കുടിശ്ശിക നൽകാത്തതിനെതിര ജീവനക്കാർ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.