‘റിവ്യൂ എന്ന പേരിൽ ഒരു സിനിമയെ കൊല്ലുന്നതിനു മുൻപ് ഒരു നിമിഷം ആ അധ്വാനത്തെ ഓർക്കേണ്ടതുണ്ട്’

തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ് മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമായ മലൈക്കോട്ടൈ വാലിബന്‍. സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠന്‍ ആചാരി തുടങ്ങി നിരവധി താരങ്ങളാണ്…

തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ് മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമായ മലൈക്കോട്ടൈ വാലിബന്‍. സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠന്‍ ആചാരി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ഷിബു ബേബി ജോണ്‍, അച്ചു ബേബി ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്‌സ് ലാബ്, വിക്രം മെഹ്റ, സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. നിരവധി പേരാണ് ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങളുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു കുറിപ്പാണ് വൈറലാകുന്നത്. റിവ്യൂ എന്ന പേരില്‍ ഒരു സിനിമയെ കൊല്ലുന്നതിനു മുന്‍പ് ഒരു നിമിഷം ആ അധ്വാനത്തെ ഓര്‍ക്കേണ്ടതുണ്ട് മലയാളി എന്നു തോന്നുന്നു..ഒരല്പം കൂടി ബഹുമാനം ആ അധ്വനത്തിനു നല്‍കാമെന്ന് തോന്നുന്നുവെന്നാണ് ദീപ സെറ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ഒരു സിനിമ കൊള്ളില്ലെന്ന് പറയാന്‍ വേണ്ടി ഒരാള്‍ തന്നെ മൂന്നും നാലും പോസ്റ്റുകള്‍ ഓരോ സിനിമാ ഗ്രൂപുകളില്‍ ഇടുന്നത് കാണുമ്പോള്‍ ‘ശ്ശെടാ! ഇയാള്‍ക്കിനി ഇതിന്റെ അണിയറപ്രവര്‍ത്തകരോട് വല്ല മുന്‍വൈരാഗ്യോമുണ്ടോ കര്‍ത്താവേ??” എന്നോര്‍ത്തു പോകും!
അത്രയും സമയവും എനര്‍ജിയും കളഞ്ഞ് അയാള്‍ ശ്രമിക്കുന്നത് ഒരു ശില്പത്തെ വെറുതെയങ്ങു നശിപ്പിച്ചു കളയാനാണ്.. ഒന്നും പുതുതായി നിര്‍മ്മിക്കാനോ, ആര്‍ക്കെങ്കിലും ഉപകാരപ്പെടുന്ന യാതൊന്നിനുമോ അല്ല! അങ്ങനെ കുറേപ്പേരെ കണ്ടു ഇന്നലെയും ഇന്നുമൊക്കെയായി!
‘അയ്യേ എന്ത് സിനിമയാണ് ഉണ്ടാക്കി വെച്ചിരിക്കുന്നത്!?കൊള്ളൂല്ല. ആരും പോവല്ലേ…കാശ് ചുമ്മാ കളയല്ലേ’! എന്ത് തരം റിവ്യൂ ആണിത്!?
ഇതിനു പകരം,’എനിക്കിഷ്ടപ്പെട്ടില്ല… നിങ്ങള്‍ കണ്ടു നോക്കൂ.. ചിലപ്പോ ഇഷ്ടമായേക്കാം’ എന്ന് പറഞ്ഞൂടെ?അല്ലെങ്കിലും സിനിമ ഒരാള്‍ക്കിഷ്ടപ്പെട്ടോ എന്ന് പറയുന്നതാണോ സത്യത്തില്‍ റിവ്യൂ??സിനിമയുടെ ഒരൊ വശത്തെയും കുറിച്ച് എടുത്ത് പറയുന്ന കൃത്യമായ അവലോകനത്തെ മാത്രമേ ഞാന്‍ റിവ്യൂ എന്ന് വിളിക്കൂ…
ഒരു കഥ സംവിധാനം ചെയ്ത് സിനിമയാക്കുക എന്നത് ഒരുപാട് അധ്വാനം ഉള്ള ഒന്നാണ്. അതിനായി അധ്വാനിച്ചവര്‍ക്കെല്ലാം ആ ദൃശ്യവിരുന്നു സ്വന്തം കുഞ്ഞെന്ന പോലെ വിലമതിച്ചതുമാണ്. അവര്‍ അത് ഏറ്റവും മഹത്തരം എന്നു പറയുന്നതില്‍ എങ്ങനെ തെറ്റു പറയും
എന്നാല്‍ ലൈറ്റ് ബോയ് മുതല്‍ സംവിധായകന്‍ വരെ ഉള്ള ആ നിരയിലെ ഒരാള്‍ പോലും പ്രേക്ഷകരായ നമ്മളെ നിര്‍ബന്ധപൂര്‍വം തീറ്ററുകളിലേക്ക് എത്തിക്കുന്നില്ല.. നമ്മുടെ കൈയ്യിലേക്ക് അവരുടെ വിയര്‍പ്പിന്റെ ഫലത്തെ തരിക മാത്രമാണ് ചെയ്യുന്നത്. അതിന്റെ വിധി നിശ്ചയിക്കേണ്ടത് നമ്മളും..
ഇഷ്ടങ്ങള്‍, താല്പര്യങ്ങള്‍ വ്യക്തയാധിഷ്ഠിതമാണ്..! എനിക്കിഷ്ടമാവത്തത് മറ്റൊരാള്‍ക്ക് ഇഷ്ടമായേക്കാം… അതുകൊണ്ട് കാണല്ലേ, കാശു കളയല്ലേ എന്നൊക്കെ വിളിച്ചു കൂവുന്നതിന് പകരം ‘എനിക്കിഷ്ടമായില്ല’ എന്ന് പറഞ്ഞാല്‍ അതൊരു സിനിമയെ നശിപ്പിക്കലാവില്ല..
റിവ്യൂ എന്ന പേരില്‍ ഒരു സിനിമയെ കൊല്ലുന്നതിനു മുന്‍പ് ഒരു നിമിഷം ആ അധ്വാനത്തെ ഓര്‍ക്കേണ്ടതുണ്ട് മലയാളി എന്നു തോന്നുന്നു..ഒരല്പം കൂടി ബഹുമാനം ആ അധ്വനത്തിനു നല്‍കാമെന്ന് തോന്നുന്നു