നിറഞ്ഞ കയ്യടി മുഴക്കങ്ങളും ആരവങ്ങളും ഇനി ചരിത്രം; ‘ഡിലൈറ്റ് തിയേറ്റർ’ എല്ലാവർക്കും ഇനി ഓർമ്മ മാത്രമാകുന്നു

തെന്നിന്ത്യയിലെ ആദ്യ തിയേറ്ററായ ‘ഡിലൈറ്റ് തിയേറ്റർ’ എല്ലാവർക്കും ഇനി ഓർമ്മ മാത്രമാകുന്നു. തിയേറ്റർ പൊളിക്കാനുള്ള നടപടികൾ തുടങ്ങി കഴിഞ്ഞു. വ്യവസായ സ്ഥാപനങ്ങൾ തുടങ്ങാൻ വേണ്ടിയാണ് കോയമ്പത്തൂരിലെ വെറൈറ്റി ഹാൾ റോഡിലെ തിയേറ്റർ പൊളിക്കുന്നത്. 1914ൽ…

തെന്നിന്ത്യയിലെ ആദ്യ തിയേറ്ററായ ‘ഡിലൈറ്റ് തിയേറ്റർ’ എല്ലാവർക്കും ഇനി ഓർമ്മ മാത്രമാകുന്നു. തിയേറ്റർ പൊളിക്കാനുള്ള നടപടികൾ തുടങ്ങി കഴിഞ്ഞു. വ്യവസായ സ്ഥാപനങ്ങൾ തുടങ്ങാൻ വേണ്ടിയാണ് കോയമ്പത്തൂരിലെ വെറൈറ്റി ഹാൾ റോഡിലെ തിയേറ്റർ പൊളിക്കുന്നത്. 1914ൽ സാമിക്കണ്ണ് വിൻസെന്റ് എന്നയാളും അദ്ദേഹത്തിന്റെ സഹോദരന്മാരും ചേർന്നാണ് ഡിലൈറ്റ് തിയേറ്റർ ആരംഭിച്ചത്. തുടക്ക കാലത്ത് വെറൈറ്റി ഹാൾ എന്നായിരുന്ന തിയേറ്ററിന്റെ പേര്. തിയേറ്ററിന്റെ പേരിൽ നിന്നാണ് വെറൈറ്റി ഹാൾ റോഡിന് ഈ പേര് പോലും വന്നത്.

പെഡൽ പ്രിന്റിങ് മെഷീനിൽ പ്രിന്റ് ചെയ്ത സിനിമാ ടിക്കറ്റുകൾ നൽകിയ ആദ്യ തിയേറ്ററും വെറൈറ്റി ഹാളാണ്. ഇത് 1930കളിൽ ആയിരുന്നു.
1920കളുടെ അവസാനത്തിൽ ഡിലൈറ്റ് തിയേറ്റർ വൈദ്യുതി വിളക്കുകളാൽ തിളങ്ങി നിന്നത് അന്നത്തെ അത്ഭുത കാഴ്ചയായിരുന്നു. യൂറോപ്പിൽ നിന്ന് ജനറേറ്റർ എത്തിച്ചാണ് വിൻസെന്റ് വിളക്ക് തൂണും സ്ഥാപിച്ചത്. അടുത്തുള്ള പ്രദേശങ്ങളിലും വൈദ്യുതി എത്തിക്കണമെന്ന് ഇതോടെ കോയമ്പത്തൂർ മുൻസിപ്പാലിറ്റി ചെയർമാൻ വിൻസെന്റി കത്തയച്ചതും തീയറ്ററിന്റെ ചരിത്രത്തിലെ തിളങ്ങുന്ന ഓർമ്മയാണ്.

വിൻസെന്റിന്റെ മരണശേഷം 1950കളിലാണ് വെറൈറ്റി ഹാൾ എന്ന പേര് മാറ്റി ഡിലൈറ്റ് തിയേറ്റർ എന്ന പുതിയ പേരിലേക്ക് മാറുന്നത്. അടുത്ത കാലങ്ങളായി പഴയ സിനിമകളുടെ പ്രദർശനവും റീറിലീസുകളും മാത്രമേ ഇവിടെ നടന്നിരുന്നുള്ളൂ. കഴിഞ്ഞ ജൂണിലാണ് അവസാനമായി തിയേറ്ററിൽ സിനിമ പ്രദർശിപ്പിച്ചത്. തിയേറ്റർ ഓപ്പറേറ്റർ, ടിക്കറ്റ് വിൽപ്പനക്കാരൻ, സെക്യൂരിറ്റി അടക്കമുള്ള തൊഴിലാളികൾ തീയറ്റർ പൊളിക്കുന്നതോടെ മറ്റ് ജോലി കണ്ടെത്തേണ്ട അവസ്ഥയിലാണ്.