മമ്മൂട്ടിയെ 30 വയസ്സുകാരനാക്കി സിനിമ!!! തെറ്റായ പ്രചാരണമെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍

എ ഐ സാങ്കേതിക വിദ്യ വ്യാപകമായതോടെ എല്ലാവര്‍ക്കും എന്നും യുവത്വമായിരിക്കാന്‍ അവസരം ഒരുങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടിയെ 30 വയസ്സുകാരനാക്കി സിനിമ ഒരുങ്ങുന്നെന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്.…

എ ഐ സാങ്കേതിക വിദ്യ വ്യാപകമായതോടെ എല്ലാവര്‍ക്കും എന്നും യുവത്വമായിരിക്കാന്‍ അവസരം ഒരുങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടിയെ 30 വയസ്സുകാരനാക്കി സിനിമ ഒരുങ്ങുന്നെന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്. സംവിധായകന്‍ ബി ഉണ്ണികൃഷ്ണനാണ് ചിത്രം ഒരുക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ഇപ്പോഴിതാ പ്രചാരണത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് സംവിധായകന്‍ തന്നെ. പുതിയ ചിത്രത്തിനായി എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ മമ്മൂട്ടിയുടെ പ്രായം കുറയ്ക്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അത്തരമൊരു കാര്യം ആലോചനയില്ലെന്നും വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ഒരു വര്‍ക്ക്ഷോപ്പില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.

കൊച്ചിയിലെ നിയോ ഫിലിം സ്‌കൂളില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കവെ എഐ സാങ്കേതിക വിദ്യയുടെ സാധ്യതകളെക്കുറിച്ച് സംവിധായകന്‍ പറഞ്ഞിരുന്നു. എഐ സാങ്കേതികവിദ്യ സിനിമാ വ്യവസായത്തെ പ്രതികൂലമായി ബാധിക്കുമെന്നും സംവിധായകന്‍ പരിപാടിയില്‍ പറഞ്ഞിരുന്നു. വലിയ മുതല്‍മുടക്ക് ആവശ്യമായി വരുന്നതോടെ സിനിമാ നിര്‍മ്മാണത്തില്‍ ഉള്‍പ്പെടുന്ന കോര്‍പ്പറേറ്റ് പ്രൊഡക്ഷന്‍ ഹൗസുകള്‍ ചലച്ചിത്ര പ്രവര്‍ത്തകരുടെ സൃഷ്ടിപരമായ സ്വാതന്ത്ര്യത്തില്‍ ഇടപെടല്‍ നടത്തുമെന്നും അദ്ദേഹം പരിപാടിയില്‍ പറഞ്ഞിരുന്നു.

അതേസമയം, തന്റെ പുതിയ സിനിമയുടെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും ഉണ്ണികൃഷ്ണന്‍ അറിയിച്ചു. ‘ഭീഷ്മ പര്‍വ്വം’ തിരക്കഥാകൃത്ത് ദേവദത്ത് ഷാജിക്കൊപ്പമാണ് ബി ഉണ്ണികൃഷ്ണന്റെ പുതിയ ചിത്രം ഒരുങ്ങുന്നത്. കൂടാതെ ‘ജന ഗണ മന’യുടെ തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ്, രാജേഷ് രാഘവന്‍, കെ ആര്‍ കൃഷ്ണകുമാര്‍, മുഹമ്മദ് ഷാഫി എന്നിവര്‍ക്കൊപ്പവും ബി ഉണ്ണികൃഷ്ണന്റെ ചിത്രങ്ങളും അണിയറയിലുണ്ട്.