‘ഒരു മനുഷ്യന്‍ എന്ന രീതിയില്‍ നിങ്ങള്‍ക്ക് ഈ മനുഷ്യര്‍ക്ക് കൊടുക്കാന്‍ പറ്റിയ ഏറ്റവും നല്ല സിനിമ’

ഉണ്ണി മുകുന്ദന്‍,മഹിമാ നമ്പ്യാര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ”ജയ് ഗണേഷ് ‘ തിയേറ്ററുകളിലെത്തി. ഏപ്രില്‍ പതിനൊന്നിന് പ്രദര്‍ശനത്തിനെത്തിയ ഈ ചിത്രത്തില്‍ ജോമോള്‍ ഒരിടവേളക്ക് ശേഷം അഭിനയിക്കുന്നു. ഹരീഷ്…

ഉണ്ണി മുകുന്ദന്‍,മഹിമാ നമ്പ്യാര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ”ജയ് ഗണേഷ് ‘ തിയേറ്ററുകളിലെത്തി. ഏപ്രില്‍ പതിനൊന്നിന് പ്രദര്‍ശനത്തിനെത്തിയ ഈ ചിത്രത്തില്‍ ജോമോള്‍ ഒരിടവേളക്ക് ശേഷം അഭിനയിക്കുന്നു. ഹരീഷ് പേരടി, അശോകന്‍,രവീന്ദ്ര വിജയ്,നന്ദു തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

കുറിപ്പ് വായിക്കാം

സെന്‍സസ് പ്രകാരം എറണാകുളം ജില്ലയിലെ ജനസംഖ്യ 31,34,485 ആണ്.
2015ലെ ഭിന്നശേഷി സര്‍വ്വേ അനുസരിച്ച് എറണാകുളം ജില്ലയില്‍ മാത്രം 74127 ഭിന്നശേഷിക്കാറുണ്ട് . അതില്‍ 24769 പേര് ചലനശേഷിയുമായി ബന്ധപ്പെട്ട അംഗപരിമിതര്‍ ആണ്. അതായത് മൊത്തം ഭിന്നശേഷിക്കാരുടെ 33.41%
ഈ മനുഷ്യരില്‍ 40 ശതമാനത്തില്‍ അധികം ആള്‍ക്കാര്‍ക്കും ജന്മനാ വന്ന ഭിന്നശേഷിയല്ല,മറിച്ച് രോഗാവസ്ഥ മൂലമോ അപകടങ്ങളില്‍ പെട്ടോ പരിമിതികള്‍ വന്നതാണ്.
ഈ കണക്കുകള്‍ ഒക്കെ നിരത്തുന്നത് എന്തിനാണ് എന്നായിരിക്കും വായിക്കുന്നവരുടെ സംശയം.
ഞാനിന്നൊരു സിനിമ കണ്ടു.
കാണുന്നതിനു മുന്‍പ് ഞാനും കുറച്ചൊക്കെ മുന്‍വിധി വെച്ചിരുന്നു. പക്ഷേ ഇതൊരു വൃത്തിയുള്ള ത്രില്ലര്‍ ആണ്.
അതിനെക്കാളും അപ്പുറം മനുഷ്യപ്പറ്റിന്റെ സിനിമയാണ്.
ഭിന്നശേഷി മേഖലയില്‍ പ്രവര്‍ത്തിക്കുകയും അത്തരം പരിമിതികള്‍ അനുഭവിക്കുന്നവരോ, അവരുടെ കൂടെ നില്‍ക്കുന്നവരോ ആയിട്ടുള്ള മനുഷ്യരുമായി നിരന്തരം ഇടപെടുന്ന ഒരു മനുഷ്യന്‍ എന്ന രീതിയില്‍ എന്റെ ഹൃദയം നിറച്ച ഒരു സിനിമ.
എനിക്ക് എന്റേതായ രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയം ആ സിനിമയുടെ നിര്‍മ്മാതാവും നായകനുമായ വ്യക്തിയുടെതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തവുമാണ്.
പക്ഷേ സിനിമയിലുടനീളം ഞാന്‍ കണ്ടത് ഞാനെന്റെ യഥാര്‍ത്ഥ ജീവിതത്തില്‍ കാണുന്നവരെ തന്നെയാണ്.
ഉണ്ണി മുകുന്ദന്‍, നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച സിനിമ ഇതാണ്. ഒരു മനുഷ്യന്‍ എന്ന രീതിയില്‍ നിങ്ങള്‍ക്ക് ഈ മനുഷ്യര്‍ക്ക് കൊടുക്കാന്‍ പറ്റിയ ഏറ്റവും നല്ല സിനിമ.
രാവിലെ ഉണരുമ്പോള്‍ റീല്‍സ് നോക്കി കിടക്കുകയും മുട്ടി ബ്ലാഡര്‍ പൊട്ടും എന്ന് തോന്നുമ്പോള്‍ മാത്രം എഴുന്നേറ്റുപോയി മൂത്രമൊഴിക്കുകയും തൊട്ടടുത്ത കവലയില്‍ നിന്ന് ഒരു തീപ്പെട്ടിക്കൂട് വാങ്ങാന്‍ ആണെങ്കിലും ബൈക്ക് എടുത്ത് പോവുകയും കാടും മലയും നടന്നു കയറി ട്രക്കിംഗ് ഈസ് മൈ പാഷന്‍ എന്ന ക്യാപ്ഷനുമായി വീഡിയോകളും ഫോട്ടോകളും ഇടുകയും ചെയ്യുന്നവര്‍ക്ക് അരയ്ക്ക് കീഴ്‌പോട്ട് ചലനശേഷിയില്ലാതെ തളര്‍ന്ന ഒരുവന്റെ ജീവിതം എന്തായിരിക്കും എന്ന് ഊഹിക്കാന്‍ കഴിയുമോ എന്നെനിക്കറിയില്ല.
ഹാന്‍ഡ് ബ്രേക്കും ക്ലച്ചും ഒക്കെയുള്ള മോഡിഫൈഡ് കാറില്‍ യാത്ര ചെയ്യുമ്പോഴും ഏറ്റവും പ്രാഥമിക കൃത്യമായ മൂത്രമൊഴിക്കാന്‍ കയ്യകലത്തില്‍ ഒരു കുപ്പി കരുതി വെക്കേണ്ടി വരുന്നവന്റെ മനസ്സില്‍ എന്തായിരിക്കും എന്ന് ഊഹിക്കാന്‍ കഴിയുമോ എന്നെനിക്കറിയില്ല.
തമാശയായിട്ടാണെങ്കിലും കാര്യമായിട്ടാണെങ്കിലും നിനക്കൊക്കെ വീട്ടില്‍ തന്നെ ഇരുന്നൂടെ എന്ന് മുഖത്ത് നോക്കി ചോദിക്കുന്ന പ്രിയപ്പെട്ടവരടക്കമുള്ളവരുടെ മുഖത്തേക്ക് നിസ്സഹായതയോട് ചിരിക്കുന്നവന്റെ ഉള്ളില്‍ എന്തായിരിക്കും എന്ന് ഊഹിക്കാന്‍ കഴിയുമോ എന്ന് എനിക്കറിയില്ല.
മലയാള സിനിമയില്‍ ആദ്യമായിട്ടാണ് അതിഭാവത്വം കാണിക്കാതെ wheel chair ല്‍ ജീവിതം കഴിക്കേണ്ടിവരുന്ന ഒരു മനുഷ്യന്റെ ജീവിതം വരച്ചു കാണിക്കുന്നത്.
എനിക്ക് പരിചയമുള്ള വീല്‍ചെയറില്‍ ജീവിക്കുന്ന ഒരുപാട് പേര്‍ അവരുടെ ടീനേജ് അല്ലെങ്കില്‍ യൗവനാരംഭത്തില്‍ ഉണ്ടായ ആക്‌സിഡന്റുകളുടെ ബാക്കിപത്രമായി വീല്‍ചെയറിലേക്ക് കയറിയവരാണ്.
അവര്‍ അനുഭവിക്കുന്ന നിസ്സഹായത, frustration, വേദന, അപമാനം അതൊക്കെ കൃത്യമായി ഈ സിനിമയില്‍ വരച്ചു കാണിച്ചിട്ടുണ്ട്.
ജീവിക്കാനായി അവര്‍ സ്വയം ആര്‍ജ്ജിച്ചുണ്ടാക്കുന്ന മോട്ടിവേഷന്‍ പോലും തല്ലി കെടുത്തുന്ന മനുഷ്യരെയും കൃത്യമായി കാണിക്കുന്നുണ്ട്.
വീല്‍ചെയറില്‍ ഈ മനുഷ്യര്‍ ഇരിക്കുന്ന ഇരുപ്പില്‍ പോലും പ്രത്യേകതയുണ്ട്. ചലനശേഷിയില്ലാത്ത കാലുകള്‍ രണ്ടും ഒതുക്കി വെച്ച്, ശരീരത്തിന്റെ ബലം മുഴുവന്‍ രണ്ട് കൈകളിലേക്ക് മാറ്റിയാണ് അവര്‍ ഇരിക്കുക. അതുകൊണ്ടുതന്നെ അവരുടെ കയ്യിന് നല്ല ബലം ആയിരിക്കും.
സിനിമയില്‍ ഉടനീളം ആ ശരീരഭാഷ കൃത്യമായി നിലനിര്‍ത്താന്‍ സംവിധായകനും അഭിനേതാവും ശ്രദ്ധിച്ചിട്ടുണ്ട്.
ബന്ധുക്കള്‍ തന്നെ വീല്‍ ചെയര്‍ ഉന്തിക്കൊണ്ടു പോകുമ്പോള്‍ അതില്‍ നിന്ന് വീഴുന്നതും സഹതാപം എന്ന വ്യാജേന കുത്തി പറയുന്നതും പലപ്പോഴും പ്രാകുന്നതും ഞാനെന്റെ കണ്ണുകൊണ്ട് കണ്ടിട്ടുണ്ട്.
ദളപതി വിജയ് യെ കാണാന്‍ വേണ്ടിയെങ്കിലും ദൈവം എന്നെ ജീവനോടെ വയ്ക്കും ചേച്ചി എന്നു പറയുന്ന അമൃത എന്ന പെണ്‍കുട്ടിയുടെ വീട്ടിലേക്കുള്ള വഴി ചോദിച്ചപ്പോള്‍, ഏത്, ആ ഇഴ ജന്തുവോ എന്ന് ചോദിച്ച വരട്ടു കാരണവരുടെ മുഖം ഞാന്‍ ഇപ്പോഴും മറന്നിട്ടില്ല.
അവരോട് കാരുണ്യവര്‍ഷം ചൊരിയുന്നു എന്ന് കാണിക്കാന്‍ ഭിന്നശേഷി സൗഹൃദമായ ഒരു സ്റ്റേജ് പോലും ഉപയോഗിക്കാതെ അവരുടെ ശാരീരിക പരിമിതി പോലും മനസ്സിലാക്കാതെ ചിരിച്ച് ഫോട്ടോക്ക് വേണ്ടി മല്‍പ്പിടുത്തം നടത്തുന്ന പൗരപ്രമുഖരെയും രാഷ്ട്രീയക്കാരെയും കണ്ടിട്ടുണ്ട്.
ഇതുതന്നെ എന്നും കാണുന്നതു കൊണ്ടാവും സിനിമയില്‍ അതൊക്കെ കാണുമ്പോള്‍ എന്റെ കണ്ണ് നിറഞ്ഞു ഒഴുകുകയായിരുന്നു. ആ സമയത്ത് എന്റെ മനസ്സിലൂടെ പോയത് യഥാര്‍ത്ഥ ജീവിതത്തില്‍ ഞാന്‍ കാണുന്ന എന്റെ ഈ കൂട്ടുകാരുടെ മുഖമാണ്.
ഏറ്റവും സങ്കടം തോന്നിയത് ഈ സിനിമ കാണാന്‍ ഇവരെ ഏതു തീയേറ്ററില്‍ കൊണ്ടുപോകുമെന്ന് ആലോചിച്ചിട്ടാണ്. കൊച്ചി സിറ്റിയില്‍ ഞാന്‍ കണ്ടിട്ടുള്ള എല്ലാ മള്‍ട്ടിപ്ലക്‌സ് തീയേറ്ററുകളിലും ഇരിപ്പിടങ്ങള്‍ പടിപടി ആയിട്ടാണ് സജ്ജീകരിച്ചിട്ടുള്ളത്.
എന്റെ ജീവിതത്തിലെ ഹീറോകളായ 10 പേരെയെങ്കിലും എനിക്ക് ഈ സിനിമ കാണിക്കണം എന്ന് ആഗ്രഹമുണ്ട്. അവര്‍ക്ക് വേണ്ടത് സഹതാപമല്ല ഇതുപോലെ സൂപ്പര്‍ഹീറോ ആവാനുള്ള മോട്ടിവേഷന്‍ ആണ്. ശരീരത്തിന്റെ ഒരു ഭാഗത്തിന്റെ ചലനം നഷ്ടപ്പെട്ടുവെങ്കിലും മനസ്സിന്റെ ശക്തി നഷ്ടപ്പെട്ടിട്ടില്ല എന്ന് അവരെ തന്നെ ഓര്‍മ്മിപ്പിക്കാന്‍ കഴിയുന്ന ഒരു സിനിമയാണിത്.
കാരണം തോറ്റു കൊടുക്കാതെ സെര്‍വൈവ് ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ യഥാര്‍ത്ഥ ജീവിതത്തില്‍ അവരൊക്കെ സൂപ്പര്‍ ഹീറോസ് ആണ്.
സിനിമയിലെ ആ കുഞ്ഞു പറഞ്ഞത് തന്നെയാണ് ഈ വിഷയത്തില്‍ എനിക്കും പറയാനുള്ളത്..
I believe in miracles..
അതുകൊണ്ട് അവര്‍ക്ക് എല്ലാവര്‍ക്കും ഈ സിനിമ കാണാന്‍ ഒരു അവസരം ഉണ്ടാവും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
And I salute you my superheroes UnNi Maxx Sarath Padipura Surjith Sidhardh Martin Ca and many others ??????
സഹതാപം അല്ലാതെ ശരിക്കും ഈ മനുഷ്യരോട് സ്‌നേഹം ഉണ്ടെങ്കില്‍ അവര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും അവര്‍ കടന്നുപോകുന്ന വഴികളും അവരോട് നമ്മള്‍ അറിഞ്ഞും അറിയാതെയും ചെയ്യുന്ന തെറ്റുകളും തിരിച്ചറിയാന്‍ എങ്കിലും ഈ സിനിമ കാണണം.
Thank you unni mukundan and Ranjit for such super initiative.