Film News

രാവിലെ 4.20ന് ഫ്ളൈറ്റ് ലാന്‍ഡ് ചെയ്തപ്പോള്‍ സ്വീകരിക്കാനെത്തിയത് മലയാളത്തിന്റെ ഏറ്റവും വലിയ നടന്‍!!! ഹൃദയം തൊടുന്ന പോസ്റ്റുമായി ഡോ.ബിജു

മലയാളത്തിന്റെ മികച്ച നടനാണ് ഇന്ദ്രന്‍സ്. ദേശീയ പുരസ്‌കാരവും ഇത്തവണ മലയാളത്തിലേക്ക് എത്തിച്ചിരിക്കുകയാണ് ഇന്ദ്രന്‍സ്. സിനിമയുടെ പിന്നണിയില്‍ നിന്നാണ് നായകനായി ഇന്ദ്രന്‍സ് മാറിയത്. മലയാള സിനിമയിലെ പകരം വെക്കാനാകാത്ത താരമാണ് ഇന്ദ്രന്‍സ്. സൂപ്പര്‍ താരങ്ങളോടൊപ്പമെല്ലാം അഭിനയിക്കാന്‍ ഭാഗ്യവും ലഭിച്ച താരമാണ് ഇന്ദ്രന്‍സ്. ദേശീയ അവാര്‍ഡ് നേടിയിട്ടും താരത്തിന്റെ എളിമ എപ്പോഴും ശ്രദ്ധേയമാകുന്നതാണ്.

ഇപ്പോഴിതാ ഇന്ദ്രന്‍സിനെക്കുറിച്ച് സംവിധായകന്‍ ഡോ. ബിജു പങ്കുവച്ച പോസ്റ്റ് ശ്രദ്ധേയമാകുകയാണ്. താലിന്‍ ചലച്ചിത്ര മേളയില്‍ നിന്നും തിരികെ എത്തിയപ്പോള്‍ പുലര്‍ച്ചെ തന്നെ സ്വീകരിക്കാന്‍ എത്തിയ ഇന്ദ്രന്‍സിനെ കുറിച്ചാണ് ഡോ. ബിജു പറയുന്നത്. സംവിധായകന്‍ വി.സി അഭിലാഷാണ് ഡോ.ബിജു വരുന്ന ഫ്‌ളൈറ്റും സമയവുമൊക്കെ ഇന്ദ്രന്‍സിനെ അറിയിച്ചത്. ആശുപത്രിയിലായതിനാല്‍ അഭിലാഷിന് വിമാനത്താവളത്തില്‍ എത്താന്‍ സാധിച്ചിരുന്നില്ല.

ലോകത്തെ തന്നെ ഏറ്റവും പ്രശസ്തമായ മേളകളിലൊന്നായ താലിന്‍ ചലച്ചിത്ര മേളയില്‍അദൃശ്യ ജാലകങ്ങള്‍ പ്രദര്‍ശിപ്പിച്ച് തിരികെയെത്തിയപ്പോള്‍ മലയാളത്തിന്റെ ഏറ്റവും വലിയ ഒരു നടന്‍ സ്വീകരിക്കാനെത്തിയ സന്തോഷമാണ് ബിജു പങ്കിട്ടത്.

താലിന്‍ ചലച്ചിത്ര മേളയില്‍ നിന്നും തിരികെ എത്തിയപ്പോള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വീകരിക്കാനായി അതിരാവിലെ അപ്രതീക്ഷിതമായി ഒരാള്‍ കാത്തു നില്‍ക്കുന്നു. രാവിലേ 4.20 നു ഫ്ളൈറ്റ് ലാന്‍ഡ് ചെയ്തപ്പോള്‍ തന്നെ ഫോണ്‍ ശബ്ദിക്കുന്നു . ഡോക്ടറെ ഞാന്‍ ഇവിടെ പുറത്തു കാത്തു നില്‍ക്കുന്നുണ്ട് . പ്രിയപ്പെട്ട ഇന്ദ്രന്‍സ് ചേട്ടന്‍. അതിരാവിലെ എന്തിനാണ് ഇന്ദ്രന്‍സേട്ടന്‍ ഇത്ര മിനക്കെട്ടു വന്നത് എന്ന ചോദ്യത്തിന് ഒരു ചിരി മാത്രം ആദ്യ മറുപടി. ഇത്രയും വലിയ ഒരു മേളയില്‍ നമ്മുടെ സിനിമ പ്രദര്‍ശിപ്പിച്ചിട്ടു വരുമ്പോള്‍ സ്വീകരിക്കാന്‍ ആരെങ്കിലും വരണ്ടേ , ഞാന്‍ എന്തായാലും വീട്ടില്‍ ഉണ്ടായിരുന്നു അതുകൊണ്ട് ഡോക്ടര്‍ ഇറങ്ങുമ്പോള്‍ ഒന്ന് വന്നു കണ്ടിട്ട് പോകാം എന്ന് കരുതി .
സംവിധായകന്‍ വി സി അഭിലാഷ് ആണ് ഞാന്‍ വരുന്ന ഫ്ളൈറ്റും സമയവും ഒക്കെ ഇന്ദ്രേട്ടനെ അറിയിച്ചത് . അഭിലാഷ് ആശുപത്രിയില്‍ ആയതിനാല്‍ എയര്‍ പോര്‍ട്ടിലേക്ക് വരാന്‍ പറ്റിയില്ല.

ഏതായാലും വലിയ സന്തോഷം ലോകത്തെ ഏറ്റവും പ്രശസ്തമായ , FIAPF അക്രിഡിറ്റേഷനിലെ ആദ്യ പതിനഞ്ചു എ കാറ്റഗറി മേളകളില്‍ ഒന്നായ താലിനില്‍ മത്സര വിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാള സിനിമയും ഈ വര്‍ഷത്തെ ഒരേ ഒരു ഇന്ത്യന്‍ സിനിമയുമായ അദൃശ്യ ജാലകങ്ങളുടെ പ്രദര്‍ശന ശേഷം തിരികെ നാട്ടില്‍ എത്തിയപ്പോള്‍ വെളുപ്പാന്‍ കാലത്തു സ്വീകരിക്കാന്‍ കാത്തു നിന്നത് മലയാളത്തിന്റെ ഏറ്റവും വലിയ ഒരു നടന്‍ … എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തിറങ്ങി ഒരു തട്ടുകടയില്‍ നിന്നും ചായയും കുടിച്ചു ഞങ്ങള്‍ യാത്രയായി ….പ്രിയ ഇന്ദ്രന്‍സേട്ടാ ഇഷ്ടം , സ്‌നേഹം ….
ഒപ്പം വി സി അഭിലാഷിനോടും കാണാന്‍ സാധിച്ചില്ലെങ്കിലും മനസ്സു കൊണ്ടൊരു കെട്ടിപ്പിടുത്തം .. എന്നു പറഞ്ഞാണ് ബിജു പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ടൊവിനോ തോമസ്, നിമിഷ സജയന്‍, ഇന്ദ്രന്‍സ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡോ ബിജു സംവിധാനം ചെയ്ത ചിത്രമാണ് അദ്യശ്യജാലകം. എല്ലനാര്‍ ഫിലിംസും മൈത്രി മൂവി മേക്കേഴ്സുമാണ് ചിത്രം നിര്‍മിച്ചത്. മുന്ന് തവണ ഗ്രാമി അവാര്‍ഡ് സ്വന്തമാക്കിയ സംഗീത സംവിധായകന്‍ റിക്കി കേജാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയത്. നവംബര്‍ 24നാണ് ചിത്രം തിയേറ്ററിലെത്തുന്നത്.

Trending

To Top