‘നാളെ ഈ കേസിന്റെ വിധി വരാനിരിക്കേ, നെഞ്ചത്ത് കല്ല് കയറ്റി വെക്കുന്നത് പോലെയാണ് ആ പെണ്‍കുട്ടിയുടെ ശബ്ദം കാതില്‍ വന്ന് വീഴുന്നത്’

ഭര്‍ത്താവ് കിരണ്‍ കുമാറില്‍ നിന്നും നിലമേല്‍ സ്വദേശി വിസ്മയ ക്രൂരപീഡനങ്ങള്‍ ഏറ്റുവാങ്ങിയതിന് തെളിവായി ശബ്ദരേഖ പുറത്തു വന്നിരുന്നു. തനിക്ക് ഇവിടെ നില്‍ക്കാനാകില്ലെന്നും, തന്നെ മര്‍ദ്ദിച്ചെന്നും മരിക്കുന്നതിന് മുന്‍പ് പിതാവിനോട് പറയുന്നതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്. കിരണ്‍കുമാറിനെതിരെ…

ഭര്‍ത്താവ് കിരണ്‍ കുമാറില്‍ നിന്നും നിലമേല്‍ സ്വദേശി വിസ്മയ ക്രൂരപീഡനങ്ങള്‍ ഏറ്റുവാങ്ങിയതിന് തെളിവായി ശബ്ദരേഖ പുറത്തു വന്നിരുന്നു. തനിക്ക് ഇവിടെ നില്‍ക്കാനാകില്ലെന്നും, തന്നെ മര്‍ദ്ദിച്ചെന്നും മരിക്കുന്നതിന് മുന്‍പ് പിതാവിനോട് പറയുന്നതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്. കിരണ്‍കുമാറിനെതിരെ തെളിവായി കോടതിയില്‍ ഈ ശബ്ദരേഖയും സമര്‍പ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ച് ഡോക്ടറും എഴുത്തുകാരിയുമായ ഡോ. ഷിംന അസീസ് രംഗത്തെത്തിയിരിക്കുകയാണ്.

‘എന്നെയിവിടെ നിര്‍ത്തിയിട്ട് പോയാല്‍ എന്നെയിനി കാണത്തില്ല, നോക്കിക്കോ…’ കൊല്ലത്ത് ആത്മഹത്യ ചെയ്ത വിസ്മയ അച്ഛനെ വിളിച്ച് കരഞ്ഞ് പറഞ്ഞതാണ് ഇന്ന് രാവിലെ മുതല്‍ മലയാളം ന്യൂസ് ചാനലുകളിലെ ഹോട്ട് ന്യൂസ് എന്നു പറഞ്ഞാണ് ഡോ. ഷിംനയുടെ കുറിപ്പ് ആരംഭിക്കുന്നത്. നാളെ ഈ കേസിന്റെ വിധി വരാനിരിക്കേ, നെഞ്ചത്ത് കല്ല് കയറ്റി വെക്കുന്നത് പോലെയാണ് ആ പെണ്‍കുട്ടിയുടെ ശബ്ദം കാതില്‍ വന്ന് വീഴുന്നത്. പീഡനങ്ങള്‍ മാനസികമോ ശാരീരികമോ ആകാം. നാര്‍സിസ്സ്റ്റിക് അബ്യൂസും ഗ്യാസ് ലൈറ്റിംഗും സംശയരോഗവും ടോക്സിക് ബന്ധങ്ങളുമൊന്നും എവിടെയും ഒരപൂര്‍വ്വതയല്ല. സ്ത്രീധനപീഡനങ്ങള്‍ കാണാക്കാഴ്ചയല്ല. കുത്തുവാക്കുകള്‍, വൈവാഹിക ബലാത്സംഗം എന്നിവയും ഇല്ലാക്കഥകളല്ലെന്ന് ഡോക്ടര്‍ കുറിപ്പില്‍ പറയുന്നു.

ഇവിടങ്ങളിലെല്ലാം ചര്‍ച്ച ചെയ്യാതെ പോകുന്നത് സ്വന്തം കാലില്‍ നില്‍ക്കാന്‍ പെണ്‍കുട്ടികളെ പ്രാപ്തരാക്കേണ്ടതിന്റെ ആവശ്യകതയാണ്. പഠിച്ച് ഒരു ജോലി നേടി സാമ്പത്തികസ്വാതന്ത്ര്യം ഉള്ളൊരു പെണ്ണിന് ഒരു പരിധി വിട്ട സഹനം ആവശ്യമായി വരില്ല. ആവശ്യം വന്നാല്‍ ഇറങ്ങിപ്പോരാനുള്ള ആത്മവിശ്വാസവും ചങ്കൂറ്റവും കൂടി പകര്‍ന്ന് നല്‍കി വളര്‍ത്തിയവള്‍ക്ക് ജീവിതവും ഒരു ബാധ്യതയാകില്ല.
നിയമസഹായവും അതോടൊപ്പം സ്ത്രീസൗഹാര്‍ദപരമായ വനിത പോലീസ് സ്റ്റേഷനുകളും ഉണ്ടെന്നൊക്കെയാണ് വെപ്പ് എങ്കിലും സമൂഹത്തിന്റെ ഒരു പരിഛേദം എന്ന നിലയ്ക്ക് അവയും പലപ്പോഴും യാഥാസ്ഥിതികമായി തന്നെ ഇടപെട്ടേക്കാം. അവിടെയും പെണ്ണിന് മുഖ്യം സ്വന്തം തീരുമാനത്തില്‍ ഉറച്ച് നില്‍ക്കാനുള്ള മനോബലമാണ്. അതിന് ഒറ്റ മാര്‍ഗമേയുള്ളൂ…സാമ്പത്തിക സ്വാതന്ത്ര്യമെന്ന് ഡോ. ഷിംന പറയുന്നു.

പഠിച്ചൊരു സ്ഥിരവരുമാനമുള്ള ജോലി കിട്ടിയിട്ടേ വിവാഹം കഴിക്കൂ എന്ന് ഇനിയെങ്കിലും എല്ലാ പെണ്‍കുട്ടികളും പറയണം. വീട്ടുകാര്‍ക്ക് പൊങ്ങച്ചം പറയാനുള്ള ഒരു ഷോപീസ് ഭര്‍ത്താവിന് പകരം മകള്‍ക്ക് മാനസികമായി യോജിച്ചവനാകണം പങ്കാളി. ഇനി പങ്കാളിയോടൊത്ത് ജീവിച്ച് തുടങ്ങി സഹിക്കാന്‍ പറ്റാത്ത അവസ്ഥയാണ് എങ്കില്‍, ‘നീയിങ്ങ് വാ, നിന്റെ മുറി ഇവിടെത്തന്നെയുണ്ട്’ എന്ന് പറയാന്‍ രക്ഷിതാക്കളും തയ്യാറാവണം. പെണ്‍മക്കള്‍ക്ക് ആണ്‍മക്കളോളം വില വീട്ടില്‍ ഉണ്ടാവണം. ഇനിയും വിസ്മയമാര്‍ ആവര്‍ത്തിക്കാതിരിക്കട്ടെയെന്നും പറഞ്ഞാണ് ഡോ. ഷിംനയുടെ കുറിപ്പ് അവസാനിക്കുന്നത്.