‘പടത്തിൽ നിന്ന് പിന്മാറേണ്ടി വരുമെന്ന് തോന്നി’; ഫൈറ്റിനിടെയുണ്ടായ പരിക്കിനെപ്പറ്റി നീരജ് മാധവ്

ഓണം റിലീസായി എത്തി വൻ വിജയം കരസ്ഥമാക്കിയ ചിത്രമായിരുന്നു നഹാസ് ഹിദായത് സംവിധാനം ചെയ്ത  ആർഡിഎക്‌സ്. ആന്റണി വർഗീസ്, ഷെയ്ൻ നിഗം, നീരജ് മാധവ് എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. മലയാളി പ്രേക്ഷകർ…

ഓണം റിലീസായി എത്തി വൻ വിജയം കരസ്ഥമാക്കിയ ചിത്രമായിരുന്നു നഹാസ് ഹിദായത് സംവിധാനം ചെയ്ത  ആർഡിഎക്‌സ്. ആന്റണി വർഗീസ്, ഷെയ്ൻ നിഗം, നീരജ് മാധവ് എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. മലയാളി പ്രേക്ഷകർ ഇന്നേവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ആക്ഷൻ രംഗങ്ങളായിരുന്നു അൻപറിവ് മാസ്റ്റേഴ്‌സ് ചിത്രത്തിനായി ഒരുക്കിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗം ചിത്രീകരിക്കവെ കാലിനുണ്ടായ പരിക്കിനെ കുറിച്ച് സംസാരിക്കുകയാണ് നീരജ് മാധവ്.ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് നീരജ് മാധവ് പരിക്കിനെ കുറിച്ച് സംസാരിക്കുന്നത്. ‘ക്ലൈമാക്‌സ് ഫൈറ്റിൽ ഞാനൊരാളെ കിക്ക് ചെയ്തിട്ട് ഇങ്ങനെ തന്നെ നിൽക്കണം. പക്ഷേ അതിനു താഴെ ഫോം പാഡ്‌സ് വച്ചിട്ടുണ്ട്. അതിൽ കാൽ സ്റ്റക്ക് ആയി ‘ടക്കേ’ എന്നൊരു ശബ്ദം കേട്ട് ഞാൻ വീണു. കാലിനു വലിയ പരുക്ക് പറ്റിയെന്നും പടത്തിൽ നിന്നും ഞാൻ മാറേണ്ടി വരുമെന്നും ചിന്തിച്ചുപോയി. അൻപറിവ് മാസ്റ്റേഴ്‌സ് വന്ന ആദ്യ ദിനം കൂടി ആയിരുന്നു അത്.’ടോം ആഷ്‌ലി എന്ന ഫിസിയോ തെറാപ്പിസ്റ്റ് ആണ് നീരജിനെ ചികിത്സിച്ച് മണിക്കൂറുകൾക്കൊണ്ട് പരിക്ക് ഭേദമാക്കിയത്. നീണ്ട കുറിപ്പിലൂടെ തന്റെ അനുഭവം നീരജ് കുറിയ്ക്കുകയും ചെയ്തിട്ടുണ്ട്. തന്റെ കഴിവിൽ വിശ്വസിച്ച ചുരുക്കം ചിലർക്ക് നന്ദിയുണ്ടെന്നും തന്നെ സംശയിക്കുകയും തുരങ്കം വയ്ക്കുകയും ചിരിക്കുകയും ചെയ്ത മുഴുവൻ പേർക്കും നന്ദിയുണ്ടെന്നും വീഡിയോക്കൊപ്പം നീരജ് മാധവ് കുറിച്ചു.

അതെ സമയം മലയാളത്തില്‍ അടുത്തകാലത്ത് വിസ്‍മയിപ്പിച്ച ഒരു ചിത്രമാണ് ആര്‍ഡിഎക്സ്. താരതമ്യേന ചെറു ബജറ്റില്‍ ഒരുങ്ങിയ ചിത്രം അമ്പരപ്പിക്കുന്ന വിജയം നേടുന്ന കാഴ്‍ചയാണ് ബോക്സ് ഓഫീസില്‍ കണ്ടുകൊണ്ടിരിക്കുന്നത്. ആര്‍ഡിഎക്സ് വേള്‍ഡ്‍വൈഡ് ബിസിനിസില്‍ 100 കോടി രൂപയിലധികം നേടിയെന്ന റിപ്പോര്‍ട്ട് ഇന്നലെ നിര്‍മാതാക്കള്‍ ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു. എന്തായാലും വമ്പൻ ലാഭം തന്നെ ചിത്രത്തിന് ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമായിരിക്കുന്നത്.ഇന്ത്യൻ ബോക്സ് ഓഫീസ് നെറ്റ് കളക്ഷൻ ലഭ്യമായ കണക്കുകള്‍ പ്രകാരം ആര്‍ഡിഎക്സ്  നേടിയത് 46.8 കോടിയും ഇന്ത്യൻ ബോക്സ് ഓഫീസ് ഗ്രോസ് 55.32 കോടിയും ആകെ വേള്‍ഡ്‍വൈഡ് ഗ്രോസ് കളക്ഷൻ 84.07 കോടി രൂപയുമാണ്. ഇത്രയും ആര്‍ഡിഎക്സ് നേടിയത് 28 ദിവസങ്ങളില്‍ നിന്നാണ്. വമ്പൻ ഹിറ്റെന്ന് ഉറപ്പിക്കുന്ന പ്രതികരണം. ഒടിടിയിലേക്കും ഇന്ന് എത്തിയ ആര്‍ഡിഎക്സ് സിനിമയുടെ മൊത്തം ബജറ്റ് ഏകദേശം എട്ട് കോടി മുതല്‍ 10 കോടി വരെയാണ് എന്ന് ലഭ്യമാകുന്ന വിവരങ്ങള്‍ സൂചിപ്പിക്കുമ്പോള്‍ കളക്ഷനില്‍ നിന്ന് മാത്രമുള്ള ലാഭം എഴുപത് കോടിയാണ്  എന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.