ആലുവയില്‍ കൊല്ലപ്പെട്ട കുട്ടിയുടെ ചിത്രമോ പേരോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി!!

ആലുവയില്‍ അതിദാരുണമായി ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട അഞ്ചു വയസുകാരി മനസാക്ഷി വറ്റാത്തവരുടെ ഉള്ളില്‍ തീരാ നോവാണ്. കുഞ്ഞിനെ കാണാതായതു മുതല്‍ കണ്ടെത്താനുള്ള പ്രതീക്ഷയില്‍ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പക്ഷേ പ്രതീക്ഷയറ്റ നേരം ആ ചിത്രങ്ങള്‍ ഉള്ളില്‍…

ആലുവയില്‍ അതിദാരുണമായി ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട അഞ്ചു വയസുകാരി മനസാക്ഷി വറ്റാത്തവരുടെ ഉള്ളില്‍ തീരാ നോവാണ്. കുഞ്ഞിനെ കാണാതായതു മുതല്‍ കണ്ടെത്താനുള്ള പ്രതീക്ഷയില്‍ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പക്ഷേ പ്രതീക്ഷയറ്റ നേരം ആ ചിത്രങ്ങള്‍ ഉള്ളില്‍ വിങ്ങലാവുകയാണ്.

ഇപ്പോഴിതാ കുഞ്ഞിന്റെ മുഖം പ്രചരിപ്പിച്ചതില്‍ കടുത്ത വിമര്‍ശനം വ്യക്തമാക്കിയിരിക്കുകയാണ് എറണാകുളം പോക്‌സോ കോടതി. കുട്ടിയുടെ ചിത്രങ്ങള്‍ മാധ്യമങ്ങളിലും, സമൂഹ മാധ്യമങ്ങളിലും പ്രചരിപ്പിച്ചത് കുറ്റകരമാണെന്ന് കോടതി വ്യക്തമാക്കി. മാത്രമല്ല പ്രസിദ്ധീകരിച്ച ചിത്രങ്ങള്‍ നീക്കം ചെയ്യണമെന്നും
നിര്‍ദേശിച്ചു.

കുട്ടിയോടുള്ള അനുകമ്പയുടെ പേരിലാണെങ്കില്‍പ്പോലും ഇരയുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തിയത് അംഗീകരിക്കാനാകില്ല. സമൂഹ മാധ്യമങ്ങളിലടക്കമുള്ള കുട്ടിയുടെ ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ പൊലീസ് നടപടി സ്വീകരിക്കണം. ചിത്രങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും എറണാകുളം പോക്‌സോ കോടതി നിര്‍ദേശിച്ചു. പ്രതി അസഫക് ആലത്തിനായുള്ള പൊലീസിന്റെ കസ്റ്റഡി അപേക്ഷ പരിഗണിച്ചപ്പോഴാണ് കോടതി രൂക്ഷമായി വിമര്‍ശിച്ചത്.

കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ചുവയസുകാരിയുടെ ചിത്രങ്ങളും വ്യക്തിഗത വിവരങ്ങളും നീക്കാന്‍ മാധ്യമങ്ങള്‍ക്ക് പൊലീസ് നിര്‍ദേശം നല്‍കി. കുട്ടിയെ തിരിച്ചറിയാനുള്ള ചിത്രമോ പേരോ മറ്റ് തിരിച്ചറിയല്‍ സൂചനകളോ ദൃശ്യ പത്ര സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് പോക്‌സോ പ്രകാരം കുറ്റകൃത്യമാണെന്ന്. പ്രസിദ്ധീകരിച്ചവ നീക്കം ചെയ്യണമെന്നും എറണാകുളം റൂറല്‍ പോലീസ് വ്യക്തമാക്കി.