‘സിബിഐ 5 ദ ബ്രെയിന്‍ പുറത്തിറങ്ങിയപ്പോള്‍ കഴിഞ്ഞ 3 ഭാഗങ്ങളിലും അഭിനയിച്ച പ്രതാപചന്ദ്രനെ ഓര്‍മ്മ വന്നു’ കുറിപ്പ്

മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഐക്കോണിക് കഥാപാത്രങ്ങളിലൊന്നാണ് സേതുരാമയ്യര്‍. ലോകസിനിമയില്‍ തന്നെ അപൂര്‍വ്വമാണ് ഒരു കഥാപാത്രത്തിനും സിനിമയ്ക്കും അഞ്ചു ഭാഗങ്ങളായി തുടര്‍ച്ചയുണ്ടാവുന്നുവെന്നത്. അഞ്ചാം ഭാഗത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ കഴിഞ്ഞ 3 ഭാഗങ്ങളിലും…

മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഐക്കോണിക് കഥാപാത്രങ്ങളിലൊന്നാണ് സേതുരാമയ്യര്‍. ലോകസിനിമയില്‍ തന്നെ അപൂര്‍വ്വമാണ് ഒരു കഥാപാത്രത്തിനും സിനിമയ്ക്കും അഞ്ചു ഭാഗങ്ങളായി തുടര്‍ച്ചയുണ്ടാവുന്നുവെന്നത്. അഞ്ചാം ഭാഗത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ കഴിഞ്ഞ 3 ഭാഗങ്ങളിലും അഭിനയിച്ച രൂപഗാംഭീര്യവും ശബ്ദഗാംഭീര്യവും മനോഹരമായ ചിരിയുമുള്ള പ്രതാപചന്ദ്രനെ ഓര്‍മ്മ വന്നുവെന്ന സോഷ്യല്‍ മീഡിയ കുറിപ്പാണ് വൈറലാകുന്നത്. മലയാളം മൂവി ഗ്രൂപ്പിലാണ് പ്രതാപ് ചന്ദ്രനെ കുറിച്ച് പോസ്റ്റ് ചെയ്തിരിക്കുന്നത്.

“ടാ…..സി ബി ഐ …… ഇറങ്ങി വാടാ …….എനിക്കിവിടെ മാത്രമല്ലെടാ അങ്ങ് ഡൽഹിയിലും ഉണ്ടെടാ വേണ്ടപ്പെട്ടവർ ..!!
നീ പേടിക്കും… നീയെല്ലാം പേടിക്കും…. നിന്നെയെല്ലാം പറപ്പിക്കും …… ഞാൻ ഡൽഹിയിൽ പോകും !!!” സിബിഐ ഡയറികുറിപ്പിൽ പ്രതാപ ചന്ദ്രൻ മമ്മൂട്ടിയെ വെല്ലുവിളിക്കുന്ന രംഗം ഇന്നലെയെന്നപോലെ ഇന്നും മനസിൽ നിറഞ്ഞു നിൽക്കുന്നു. CBl സിനിമയുടെ അഞ്ചാം ഭാഗമായ #CBI5TheBrain പുറത്തിറങ്ങിയപ്പോൾ കഴിഞ്ഞ 3 ഭാഗങ്ങളിലും അഭിനയിച്ച രൂപഗാംഭീര്യവും ശബ്ദഗാംഭീര്യവും മനോഹരമായ ചിരിയുമുള്ള പ്രതാപചന്ദ്രനെ ഓർമ്മ വന്നു.
മുണ്ടും ജൂബ്ബയും ധരിച്ച് കഴുത്തിലൊരു സ്വർണ്ണമാലയുമായി കോട്ടയം പാല അച്ചായൻമാരുടെയും ആഢ്യത്വമുള്ള മാടമ്പിമാരുടെയും പ്രതാപം വിളിച്ചോതുന്ന രൂപവും ഭാവവുമായി വില്ലനായും, സ്വഭാവ നടനായും മലയാള സിനിമയില് നിറഞ്ഞുനിന്ന അതുല്യ നടന്. ഡയലോഗിന്റെ വ്യത്യസ്തത കൊണ്ട് ഏറ്റവും ശ്രദ്ധേയമായ വില്ലൻ വേഷങ്ങൾ ചെയ്ത, നാലുപതിറ്റാണ്ട് കാലം അഭിനയലോകത്ത് നിറഞ്ഞാടിയ പ്രതിഭ. 1941-ൽ പത്തനംതിട്ട ജില്ലയിലെ ഓമല്ലൂരിൽ ജനനം. തന്റെ സ്കൂൾ പഠനകാലത്തുതന്നെ പ്രതാപചന്ദ്രൻ വിവിധകലാപരിപാടികളിൽ പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയിരുന്നു. അപ്പോഴൊന്നും സിനിമാ നടനെന്ന സ്വപ്നം പ്രതാപചന്ദ്രനുണ്ടായിരുന്നില്ല. നിരവധി സിനിമകള് കണ്ടു നടന്ന പ്രതാപചന്ദ്രന് 14 വയസില് കൊല്ലത്തുവന്നു. അവിടെനിന്ന് മദ്രാസിലേക്കും. സിനിമാ മോഹവുമായി കൊല്ലത്തുനിന്ന് മദ്രാസിലെത്തിയ പ്രതാപചന്ദ്രന്റെ തുടക്കം ദുരിത പൂര്ണ്ണമായിരുന്നു.
മൂന്നു വര്ഷം അവിടെ തങ്ങിയ അദ്ദേഹം മദ്രാസ് റേഡിയോ നിലയത്തില് ആര്ട്ടിസ്റ്റായും അവിടുത്തെ മലയാളികള് അവതരിപ്പിക്കുന്ന അമച്ച്വര് നാടകങ്ങളില് കിട്ടുന്ന വേഷങ്ങളും അഭിനയിച്ച് കഴിഞ്ഞു. 1961 ല് “വിയര്പ്പിന്റെ വില’യായിരുന്നു പ്രതാപചന്ദ്രന്റെ ആദ്യചിത്രം. 60 വയസ്സുള്ള വൈദ്യരുടെ വേഷമായിരുന്നു ആ ചിത്രത്തില്. അതിനുശേഷം കുറച്ചുസിനിമകളിൽ അപ്രധാനവേഷങ്ങൾ മാത്രമാണ് അദ്ദേഹത്തിന് ലഭിച്ചത്
അതിനു ശേഷം നിരവധി ചെറിയ വേഷങ്ങള് ചെയ്ത പ്രതാപചന്ദ്രന് വീണ്ടും കൊല്ലത്തേക്ക് വന്നു. കാളിദാസ കലാകേന്ദ്രത്തിന്റെ നാടകങ്ങളില് അഭിനയിച്ചു. നാടക ജീവിതം മടുത്തതോടെ വീണ്ടും ചലച്ചിത്ര രംഗത്തേക്ക് മടങ്ങി. “ആദിശങ്കരാചാര്യന്‘ എന്ന ചിത്രത്തിലാണ് പിന്നീട് അഭിനയിച്ചത്. അതിനുശേഷം പ്രതാപചന്ദ്രന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. സി.ബി.ഐ. ഡയറിക്കുറിപ്പ്, ഇരുപതാം നൂറ്റാണ്ട്, സംഘം, കോട്ടയം കുഞ്ഞച്ചൻ, കൂടിക്കാഴ്ച, മനു അങ്കിൾ തുടങ്ങിയ സിനിമകളിലെ പ്രതാപന്ദ്രന്റെ വില്ലന് വേഷങ്ങള് ഏറെ ശ്രദ്ധിക്കപ്പെട്ടു. പ്രേംനസീർ, മധു, ജയൻ എന്നിവരുടെയും പിന്നീട് മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങി മറ്റു പല നായകന്മാരുടേയും അച്ഛനായി ധാരാളം ചിത്രങ്ങളില് വേഷമിട്ടു. അഭിനയിച്ച കഥാപാത്രങ്ങള് കൂടുതലും വില്ലന്മാര്. മുപ്പത്തിയഞ്ചോളം ചിത്രങ്ങളില് പ്രേംനസീറിന്റെ അച്ഛനായി അഭിനയിച്ചു. സത്യന്റെ അച്ഛനായില്ലെങ്കിലും സഹോദരനും, വില്ലനും, ശിഷ്യനും, ചിറ്റപ്പനുമൊക്കെയായി ഒട്ടേറെ കഥാപാത്രങ്ങള്. നസീറിന്റെയും സത്യന്റെയും ആരാധനകനായിരുന്ന പ്രതാപചന്ദ്രന് പിന്നീട് അവരുടെ ചിത്രങ്ങളിലെ സ്ഥിരം വില്ലനായി.
പ്രതാപചന്ദ്രന്റെ പ്രതാപകാലമായിരുന്നു അത്. പത്തംതിട്ടയില് ഓമല്ലൂരിലെ വീട്ടില്നിന്ന് മദ്രാസിലെത്തിയ പ്രതാപചന്ദ്രന് എന്ന നടന്റെ സമ്പാദ്യമിതായിരുന്നു. ഡബ്ബിംഗ് ആര്ട്ടിസ്റ്റും നടനുമായി 45 വര്ഷങ്ങളാണ് മദ്രാസില് കഴിച്ചുകൂട്ടിയത്.
സിനിമാ ജീവിതത്തിനിടയില് അദ്ദേഹം 400 ഓളം ചിത്രങ്ങളില് അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയിലെ ഏറ്റവും സീനിയറായ നാലുപേരില് ഒരാള് പ്രതാപചന്ദ്രനായിരുന്നു. മറ്റു മൂന്നുപേര് ഇവരാണ് – പറവൂര് ഭരതന്, ജി.കെ. പിള്ള, ജോസ് പ്രകാശ്. ആയിരത്തിലേറെ ചിത്രങ്ങളില് അഭിനയിച്ച പ്രതാപചന്ദ്രന് അഞ്ച് ചിത്രങ്ങള് നിര്മ്മിക്കുകയും ചെയ്തു. ബിസിനസ് അറിയാത്ത, ജീവിതത്തില് വില്ലനായ പ്രതാപന്റെ അഞ്ചു ചിത്രങ്ങളും ദയനീയമായി പൊട്ടി! കോടതി, കാട്ടുതീ, പ്രകടനം, മനോധര്മ്മം, ഇവിടെ ഇങ്ങനെ- ഇവയായിരുന്നു പ്രതാപചന്ദ്രന് നിര്മ്മിച്ച ചിത്രങ്ങള്.
കോടതിക്കും കാട്ടുതീയ്ക്കും കഥയെഴുതിയതും പ്രതാപചന്ദ്രനാണ്. “ദീപം’ എന്നൊരു സീരിയല് നിര്മ്മിച്ചു സംവിധാനം ചെയ്തു. രജനീകാന്തിനൊപ്പം അഞ്ച് ചിത്രങ്ങളില് അഭിനയിച്ചു. ചില സെക്സ് ചിത്രങ്ങളില് അഭിനയിച്ചത് ഈ നടനെ ഇഷ്ടപ്പെടുന്ന നിരവധി പേർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. 2004 ഡിസംബര് 16 ന് അന്തരിച്ചു. ഒരു വര്ഷം 38 ചിത്രങ്ങള് വരെ അഭിനയിച്ച കാലം പ്രതാപചന്ദ്രന്റെ ജീവിതത്തിലുണ്ട്. ചന്ദ്രികയാണ് ഭാര്യ. മക്കള്: അനൂപ്, ദീപക്, പ്രതിഭ.
കടപ്പാട് : വിവിധ മാധ്യമങ്ങൾ.
വായനക്കൂട്ടം (കലാഗ്രാമം ബുക്ക്‌ ക്ലബ്ബ് )