‘ഫൈറ്റും ഡാന്‍സുമൊന്നുമില്ലാത്ത സിനിമകളില്‍ അഭിനയിക്കണമെന്ന് വിജയ്ക്ക് ആഗ്രഹമുണ്ട്, അങ്ങനെ ചെയ്യാത്തതിന് ഒറ്റ കാരണമേയുള്ളൂ’; ഫാസില്‍

ഫാസില്‍ നിര്‍മ്മിച്ച മലയന്‍കുഞ്ഞ് തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഫഹദ് ഫാസിലാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായെത്തിയത്. നവാഗതനായ സജിമോനാണ് ചിത്രത്തിന്റെ സംവിധായകന്‍. ഇപ്പോഴിതാ നടന്‍ വിജയിയെക്കുറിച്ച് സംസാരിക്കുകയാണ് ഫാസില്‍. ഫാസിലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അനിയത്തിപ്രാവിന്റെ തമിഴ് റീമേക്ക്…

ഫാസില്‍ നിര്‍മ്മിച്ച മലയന്‍കുഞ്ഞ് തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഫഹദ് ഫാസിലാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായെത്തിയത്. നവാഗതനായ സജിമോനാണ് ചിത്രത്തിന്റെ സംവിധായകന്‍. ഇപ്പോഴിതാ നടന്‍ വിജയിയെക്കുറിച്ച് സംസാരിക്കുകയാണ് ഫാസില്‍. ഫാസിലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അനിയത്തിപ്രാവിന്റെ തമിഴ് റീമേക്ക് ആയ കാതലുക്ക് മരിയാതെ എന്ന ചിത്രത്തില്‍ നായകനായെത്തിയത് വിജയ് ആയിരുന്നു. അനിയത്തിപ്രാവ് ഹിറ്റായതോടെയാണ് ചിത്രം തമിഴിലും ചെയ്യാന്‍ ഫാസില്‍ തീരുമാനിക്കുന്നത്. കാതലുക്ക് മരിയാതെ ഹിറ്റായതോടെ വിജയുടെ കരിയര്‍ ഗ്രാഫുയര്‍ന്നു. തമിഴ്‌നാട്ടില്‍ വിജയ് അറിയപ്പെടുന്ന നടനായി മാറിയത് ഈ ചിത്രത്തിന് ശേഷമായിരുന്നു.

ഫൈറ്റും ഡാന്‍സും ഒന്നുമില്ലാതെ അഭിനയം മാത്രം ചെയ്യണമെന്ന് വിജയ്ക്ക് ആഗ്രഹമുണ്ടെന്നും എന്നാല്‍ ഫാന്‍സിന് ഈ പടങ്ങള്‍ ഇഷ്ടപ്പെടുമോ എന്ന പേടിയാണ് അദ്ദേഹത്തിനെന്നും പറഞ്ഞിരിക്കുകയാണ് ഫാസില്‍. ‘ഒരു നല്ല അഭിനേതാവായി അഭിനയിച്ചാല്‍ കൊള്ളാമെന്ന് വിജയ്ക്ക് നല്ല ആഗ്രഹമുണ്ടെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഈ ഫൈറ്റും ഡാന്‍സും ഒന്നുമില്ലാതെ അഭിനയം മാത്രം ചെയ്യണമെന്ന് അദ്ദേഹത്തിനുണ്ട്. പക്ഷെ ഫാന്‍സിന് ഈ പടങ്ങള്‍ ഇഷ്ടപ്പെടുമോ എന്ന പേടിയാണ് അദ്ദേഹത്തിന്. അത് വിജയ് എന്നോട് പറഞ്ഞിട്ടുണ്ട്,’ ഫാസില്‍ പറഞ്ഞു.


വിജയ്‌യെ കാതലുക്ക് മരിയാതെ എന്ന സിനിമയിലേക്ക് കാസ്റ്റ് ചെയ്യാനുണ്ടായ കാരണവും അദ്ദേഹം വെളിപ്പടുത്തി. ‘വിജയ്യെ മദ്രാസില്‍ ഞാന്‍ താമസിക്കുന്ന സ്ഥലത്തേക്ക് കൂട്ടികൊണ്ടുവരുന്നത് ആദ്ദേഹത്തിന്റെ അച്ഛനാണ്. ഇതെന്റെ മോനാണെന്നും നല്ല റോളുകളുണ്ടെങ്കില്‍ കൊടുക്കണമെന്നും പറഞ്ഞു. ഞാന്‍ ആ സമയത്ത് അനിയത്തിപ്രാവിന്റെ കഥാരചനയുടെ വര്‍ക്കിലാണ്. വിജയ് കയറിവന്നപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ നടപ്പിലും ശരീരഭാഷയിലും ഒരു ആക്ടര്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് എനിക്ക് മനസ്സിലായി. സിനിമ ചെയ്യാമെന്ന് ഞാന്‍ അപ്പോള്‍ തന്നെ പറഞ്ഞു. ഞാന്‍ ഇപ്പോള്‍ ഒരു മലയാള സിനിമയുടെ വര്‍ക്കിലാണ് അത് നന്നായി ഓടുകയാണെങ്കില്‍ തമിഴില്‍ വിജയ്യെ വെച്ച് ചെയ്യാമെന്ന് പറഞ്ഞു. കാതലുക്ക് മരിയാതെ വിജയ്ക്ക് കൊടുത്ത മെറിറ്റ് എന്താണെന്ന് വെച്ചാല്‍ ആ പടം സൂപ്പര്‍ സക്‌സസ് ആയിരുന്നു. അതുകൊണ്ട് തന്നെ തമിഴ്‌നാട്ടിലെല്ലായിടത്തും അദ്ദേഹം അറിയപ്പെടാന്‍ തുടങ്ങി’ എന്നായിരുന്നു ഫാസിലിന്റെ വാക്കുകള്‍.